അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു കിട്ടാത്തതിനെത്തുടര്‍ന്ന് ഗുജറാത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പക്ഷപാത നിലപാടുകളില്‍ മനംമടുത്ത് കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഉമ്രത് നിയോജകമണ്ഡലത്തിലെ ലാല്സിന്ഹ വഡോദിയയാണ് മറ്റ് പത്തു മുസ്ലീം നേതാക്കളോടൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും വിട്ടുപോക്ക് സോണിയ നയിക്കുന്ന കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമെന്നും ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം പ്രചാരണത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി ഏറെമുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ആകെ 16 വനിതാസ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇക്കുറി മത്സരരംഗത്തുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയിട്ടുള്ളത് ബിജെപി മാത്രമാണെന്നും കഴിഞ്ഞ കാല കണക്കുകള്‍ വ്യക്തമാക്കുന്നു. വനിതാ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബിജെപിയാണ് മുന്നില്‍, 11 പേര്. കോണ്‍ഗ്രസിനാകട്ടെ ഡിസംബര്‍ 13ന് തെരഞ്ഞെടുപ്പു നടക്കുന്ന സൗരാഷ്ട്രയിലെ 87 സീറ്റുകളിലെ ഒന്നും ദക്ഷിണ ഗുജറാത്തിലെ നാലും ചേര്‍ത്ത് ആകെ അഞ്ചു സ്ഥാനാര്‍ഥികളാണുള്ളത്. മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ നേതൃത്വം നല്കുന്ന, ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയാകട്ടെ ഒരു വനിതാസ്ഥാനാര്ഥിയെയാണ് മത്സരിപ്പിക്കുന്നത്. നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലുള്ള അവബോധം കുറവായതിനാലാണ് തെരഞ്ഞെടുപ്പില്‍ സ്ത്രീസാന്നിധ്യം കുറയുന്നതെന്ന് ഗുജറാത്ത് സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഗൗരംഗ് ജാനി പറഞ്ഞു. മുമ്പ് വിജയിച്ച സ്ത്രീകള്‍ക്കു മാത്രമാണ് രാഷ്ട്രീയ കക്ഷികള്‍ വീണ്ടും അവസരം നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍വകലാശാലകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു നടക്കാത്തത് വിദ്യാര്‍ഥിരാഷ്ട്രീയത്തെ മന്ദീഭവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കടന്നു വന്ന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗുജറാത്ത് മഹിളാ ഫെഡറേഷന് പ്രസിഡന്റ് ഇളാ പഥക് പറഞ്ഞു. അതേസമയം പുരുഷന്മാര് ഗ്രാമഗ്രാമാന്തരങ്ങളില്‍ വോട്ടര്‍മാരുമായി അടുത്തബന്ധം പുലര്‍ത്തുന്നതായും അങ്ങനെ വിജയം നേടുകയാണെന്നും അവര്‍ പറഞ്ഞു. ഇത് സ്ത്രീകളുടെ അവസരം ഒരു പരിധി വരെ ഇല്ലാതാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: