ശബരില തീര്‍ഥാടനം തുടങ്ങിയത് എന്നായാലും ഓരോവര്‍ഷവും അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അവിടേയ്ക്കുള്ളത്. ഇക്കാര്യംപരിശോധിച്ചാല് അമ്പരപ്പുതന്നെയാണുണ്ടാവുക. സര്‍വദു:ഖദുരിതങ്ങളും ഇറക്കിവെക്കാന്‍ ഒരത്താണിയായി ഭക്തന്മാര് അയ്യപ്പസ്വാമിയെ കാണുന്നു.ആ ദര്‍ശനത്തിനുവേണ്ടി കൊടിയത്യാഗങ്ങള് അനുഭവിക്കാന്‍ അവര്തയാറുമാണ്. അത് ഭക്തരുടെകാര്യം. ഇങ്ങനെ നാടിന്റെ നാനാഭാഗത്തുനിന്നുംലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്നും മുഖം തിരിക്കുന്ന സമീപനമാണ് എടുത്തിട്ടുള്ളത്.
ഭക്തകോടികളുടെ ഈ ആശ്രയകേന്ദ്രത്തെ വിവാദത്തിലേക്കും അതുവഴി പ്രശ്നങ്ങളിലേക്കും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ഊര്‍ജം പകരാന്‍ മാത്രമേ സര്‍ക്കാര്‍ ശ്രമിക്കുന്നുള്ളൂ. ഇത്തവണയും ഇക്കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. എന്നു മാത്രമല്ല,അയ്യപ്പസന്നിധാനത്തെ വിശുദ്ധി ചോദ്യം ചെയ്യാനും പ്രസാദത്തിന്റെകാര്യത്തില്സംശയത്തിന്റെ ഒളിയമ്പെയ്യാനും ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുന്നുമുണ്ട്.
ഇത്തവണ അയ്യപ്പപ്രസാദമായ അപ്പത്തിന്റെ കാര്യത്തിലാണ് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. പൂപ്പല്‍ ബാധിച്ച അപ്പം വിതരണംചെയ്തെന്നും ഇത് കണ്ടെത്തി നശിപ്പിച്ചുവെന്നും പറയുന്നു. ലക്ഷക്കണക്കിനു രൂപയുടെ അപ്പങ്ങളാണ് ഇങ്ങനെ നശിപ്പിച്ചിരിക്കുന്നത്. അപ്പത്തില്‍ നിന്നും കണ്ടെടുത്ത പൂപ്പല്‍ ലബോറട്ടറിയില്പരിശോധന നടത്തിയപ്പോള്‍ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടായതായി വാര്‍ത്ത പരക്കുകയുംചെയ്തു. പണ്ട് അരവണയില്‍ എലിവാല് കണ്ടെന്ന പ്രചാരണം ചൂടുപിടിച്ചു നടന്നിരുന്നു. അക്കാലത്ത് ഏറെ വിവാദം വിളിച്ചുവരുത്തിയ ആരോപണം ഒടുവില്‍ ഒന്നുമില്ലാതെ തീര്‍ന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇത്തവണ അപ്പത്തിന്റെ പേരില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്നത്തിന്റെ ഉള്ളറകളില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച്കര്ക്കശമായ അന്വേഷണം നടത്തണം. ശബരിമലയെ പണ്ട്തീവെച്ചു നശിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാതായതു മുതല്‍ ഛിദ്രശക്തികള്‍ അസ്വസ്ഥരാണ്.ലോക തീര്‍ത്ഥാടന കേന്ദ്രമെന്ന് പുകള്പെറ്റശബരിമലയെ തകര്‍ക്കേണ്ടത് ചില നിക്ഷിപ്തതാല്പര്യക്കാരുടെ എക്കാലത്തെയും ആഗ്രഹമാണ്. അതിന് അവര്കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. നേരെ എതിര്‍ക്കാന്‍ കഴിയാത്തവര്‍ ഗൂഢനീക്കത്തിലൂടെ ശബരിമലക്ഷേത്രത്തിലെ പ്രസാദത്തിന്റെ വിശുദ്ധിയെയാണ് മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. അത്തരക്കാര്‍ക്ക് ഊര്‍ജം പകരുന്നതരത്തില്‍ ചില മാധ്യമങ്ങളും അഹമഹമികയാ മുമ്പോട്ടുവരുന്നു. അവരുടെയൊക്കെ അജണ്ട വളരെ വ്യക്തമാണ്.
പൂപ്പല്‍ ബാധിച്ച അപ്പം കോന്നിയിലെ അന്താരാഷ്ട്ര ലാബറട്ടറിയില്‍ പരിശോധിച്ചുവെന്നും അതില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നുമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ലാബറട്ടറി ഔദ്യോഗികമായി ഇത്തരമൊരു കാര്യംപുറത്തുവിട്ടിട്ടില്ല. പിന്നെയെങ്ങനെയാണ് ഇത് വന്‍ പ്രചാരണത്തിന് ഇടവെച്ചതെന്നാണ് അറിയാത്തത്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് മാധ്യമപ്രവര്ത്തകര്ക്കുകിട്ടിയെങ്കില് അതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്.
കഴിഞ്ഞതവണ മുല്ലപ്പെരിയാര്‍ പ്രശ്നമായിരുന്നു ശബരിമല തീര്‍ഥാടനത്തിന് മങ്ങലേല്‍പ്പിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരെ കേരളത്തില്‍ പലയിടത്തും തടയുന്നു എന്നുവരെ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി ദുഷ്ടശക്തികള്‍ നേട്ടം കൊയ്തു. രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ നേരിട്ടുള്ള സംഘര്‍ഷത്തിനുവരെ അതു വഴിവെച്ചിരുന്നു. അതു വഴി ശബരിമല തീര്‍ഥാടനം അട്ടിമറിക്കുകയെന്നതായിരുന്നു അത്തരക്കാരുടെ ലക്ഷ്യം. ഇത്തവണ അത് അപ്പത്തിലെത്തിനില്ക്കുന്നു എന്നു മാത്രം.
ശബരിമലതീര്ഥാടനംവഴി കേരള സര്‍ക്കാറിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തുന്നത് കോടികളാണ്. ഇക്കാര്യം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമായിട്ടും സര്‍ക്കാര്‍ ശബരിമലയുടെകാര്യത്തില് അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. സാമാന്യ മര്യാദപോലും ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്നുണ്ടാവുന്നില്ല. ശബരിമലയുടെ പേരില്‍ സര്‍ക്കാറിന്റെ പലവകുപ്പുകള്‍ക്കും കോടികള്‍ വാരിക്കൂട്ടാന്‍ മാത്രമാണ് താല്പര്യം. ഭക്തജനങ്ങള്‍ക്ക് ന്യായമായി ചെയ്തു കൊടുക്കേണ്ട സൗകര്യങ്ങള്‍പോലും ചെയ്യുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. മറ്റ് മതസ്ഥരുടെ തീര്ഥാടനകേന്ദ്രമായിരുന്നെങ്കില് എത്രമാത്രം താല്പര്യമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുക എന്നത് പറഞ്ഞറിയിക്കാനാവില്ല.
സര്‍ക്കാറിന്റെ ഈ നിസ്സംഗമനോഭാവമാണ് ഛിദ്രശക്തികള്‍ക്ക് ഊര്‍ജംപകരുന്നത് . ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി കലിയുഗ വരദനെ തൊഴുതുപോരാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നതിനു പകരം ഭക്തരുടെ മനസ്സ് മടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതായിരിക്കുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വീണ്ടുവിചാരം നടത്തേണ്ട അവസരമാണ്സംജാതമായിരിക്കുന്നത്. എന്തുതന്നെ ആയാലും ഭക്തര്‍ എല്ലാം സഹിച്ചോളും എന്നനിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ഓര്‍ത്താല്‍ നല്ലതാണ്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ യുക്തിസഹമായരീതിയില് ചെയ്തുകൊടുക്കാനാണ് ശ്രമിക്കേണ്ടത്. ഒപ്പം ശബരിമലയ്ക്ക് എതിരായ നീക്കങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തുകയും പുറത്തുകൊണ്ടുവരികയും വേണം. അതിന് വിവിധഭക്തസംഘടനകളുടെയും സമുദായസംഘടനകളുടെയും സഹകരണം തേടണം. കൂട്ടായ മുന്നേറ്റത്തിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: