തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയോ ബന്ധുക്കളോ അറിയാതെ ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിയതായുള്ള പരാതി അത്യന്തം ഗുരുതരമാണ്. ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് കിരണ്‍ഗോപി എന്ന പതിനെട്ടുകാരനെ ചികിത്സയ്ക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചത്. സെപ്റ്റംബറില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്കാന്‍ ചെയ്തപ്പോള്‍ കിഡ്നിഭാഗത്ത് ചെറിയ ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നും അതിലൂടെ രോഗം ഭേദമാക്കാമെന്നും ഡോക്ടര്‍ പറഞ്ഞതായാണ് കിരണിന്റെ അച്ഛനും അമ്മയും പറയുന്നത്. നവംബറില്‍ ശസ്ത്രക്രിയ ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ 14ന് പനി ബാധിച്ച കിരണിനെ വീണ്ടും ഡോക്ടറെ കാണിച്ചപ്പോള്‍ 20ന് ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിച്ചു. 21ന് ശസ്ത്രക്രിയ നിശ്ചയിക്കുകയുമായിരുന്നു.
ഒരു മൈനര്‍ കീഹോള്‍ ശസ്ത്രക്രിയയാണ് ചെയ്യുന്നതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. 21ന് രാവിലെ ഡോക്ടറെ വീട്ടില്‍ ചെന്ന് ‘കാണേണ്ടതുപോലെ കണ്ടതായും’ മാതാപിതാക്കള്‍ പറയുന്നു. തീയറ്ററില്‍ കയറ്റിയ കിരണിനെ വൈകുന്നേരം ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലേക്ക് മാറ്റി. 23ന് ഉച്ചയ്ക്ക് വാര്‍ഡിലെത്തിയ കിരണ്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും വയറുവേദന അനുഭവപ്പെട്ടപ്പോഴാണ് കിഡ്നി നീക്കം ചെയ്തതായുള്ള വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇത് ശരിയാണെങ്കില്‍ അത്യന്തം ഗൗരവമേറിയതാണ്. മെഡിക്കല്‍ എത്തിക്സിനെപ്പോലും കാറ്റില്‍പ്പറത്തിയതായി ഇതിനെ കാണണം. ബോധപൂര്‍വ്വം കച്ചവടകണ്ണോടെയാണ് ഇത് ചെയ്തതെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: