തൃശൂര്‍ : സബ്സിഡി പണമായി നല്‍കാനുള്ള അശാസ്ത്രീയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ അഞ്ചിന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സൂചനാപണിമുടക്ക് നടത്തും. 1966 ലെ കെആര്‍ഒ പരിഷ്കരിക്കുക, റേഷന്‍ വ്യാപാരികള്‍ക്കു പ്രതിമാസ അലവന്‍സ് നല്‍കുക, സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാപണിമുടക്ക്. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ ഇന്‍ഡന്റ് പാസാക്കുന്നില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി ചെയര്മാന് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നാം തീയതി മുതല്‍ റേഷന്‍ സാധനങ്ങളുടെ സ്റ്റോക്ക് എടുക്കല്‍ നിര്‍ത്തിവെക്കും.
സംസ്ഥാനത്തെ 14260 റേഷന്‍ വ്യാപാരികളും സമരത്തില്‍ പങ്കെടുക്കും. ഡിസംബര്‍ അഞ്ചിന് റേഷന്‍കടകള്‍ അടച്ചിട്ടു ജില്ലാ കേന്ദ്രങ്ങളില്‍ സമരപ്രഖ്യാപന കണ്വെന്ഷന് നടത്തും. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ടാഗോര്‍ ഹാളില്‍ ജോണി നെല്ലൂര്‍ നിര്‍വഹിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്റ്ററേറ്റുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ റേഷന്‍ വ്യാപാരി സംയുക്ത സമിതി ഭാരവാഹികളായ കടാമ്പുഴ മൂസ, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.ഡി.പോള്‍, പി.കെ. നരേന്ദ്രദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: