കൊച്ചി: കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കേരളം സര്‍വകാല റെക്കോര്‍ഡിലേക്ക്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം 2012 സപ്തംബര്‍ വരെ കേരളത്തില്‍ 3,74,944 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ വര്‍ഷാവസാനം കേസുകളുടെ എണ്ണം നാലരലക്ഷം കവിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം ശരാശരി 31,245 കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2011ലെ കണക്കു പ്രകാരം ആകെ 4,18,770 കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതില്‍ ഇന്ത്യന്‍ പീനല്‍ കോഡ് ആക്ടു പ്രകാരം 1,72,137 കേസുകളും സ്പെഷ്യല്‍ ലോക്കല്‍ ലോ പ്രകാരം 2,46,633 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ 2012 സപ്തംബര്‍ ആയപ്പോഴേക്കും ഐപിസി പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ 1,17,935 ും 2,57,009 മറ്റു കുറ്റകൃത്യങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞു.
സംസ്ഥാനത്ത് അബ്കാരി ആക്ട് പ്രകാരമുള്ള കുറ്റങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായി. ആകെ ഇതുവരെ 39,889 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം ഉണ്ടായിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഭര്‍തൃപീഡനം (508), ബലാത്സംഗം (70) എന്നിവ ഉള്‍പ്പെടെ ഈ വിഭാഗത്തില്‍ 962 കുറ്റകൃത്യങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ മലപ്പുറത്തിന് തൊട്ടുപിന്നില്‍ തിരുവനന്തപുരം റൂറല്‍ ജില്ലയാണ്, 858എണ്ണം. കണ്ണൂര്‍ (742), തൃശൂര്‍ (665), കാസര്‍ഗോഡ് (529) എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആകെ ഈ വിഭാഗത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ 9,758 ആണ്. കുട്ടികള്‍ക്കെതിരായ വിവിധ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും 2008 മുതല്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2008 (549), 2009 (589), 2010 (596), 2011 (1452) എന്നിങ്ങനെയാണ് വര്‍ധന. ഈ വിഭാഗത്തില്‍ 905 കുറ്റകൃത്യങ്ങളാണ് 2012 സപ്തംബര്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ദേശീയ ശരാശരിയുടെ കാര്യത്തിലും കേരളം ഒട്ടും പിന്നിലല്ല. രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ ക്രോഡീകരിച്ചിരിക്കുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത നിരവധി കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ കണക്കുകള്‍ ഇതിലും കൂടുമെന്ന് അധികൃതര്‍ പറയുന്നു.
- എം.കെ.സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: