ആലപ്പുഴ: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവില്‍ ഇന്ന് കാര്‍ത്തിക പൊങ്കാല. ദേവിയ്ക്ക് പൊങ്കാലയര്‍പ്പിക്കാനായി കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഭക്തജനങ്ങളാണ് ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ 3.30ന് നിര്‍മാല്യത്തിനുശേഷം അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും തുടര്‍ന്ന് പൊങ്കാല ഉദ്ഘാടനവും നടക്കും. തിരുവിതാംകൂര്‍ വികസന കൗണ്‍സില്‍ ചെയര്മാന് പി.എസ്.നായര്‍ ഉദ്ഘാടനം ചെയ്യും.
ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. 9.30ന് ശ്രീകോവിലിലെ നറുനെയ്യ് നിറച്ച് കത്തിച്ച കെടാവിളക്കില്‍ നിന്നും കത്തിച്ചെടുക്കുന്ന ദീപം ക്ഷേത്രമുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി കൊടിമരച്ചുവട്ടില്‍ സ്ഥാപിച്ചിട്ടുള്ള നിലവറ ദീപത്തിന് സമീപം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേയ്ക്ക് ആവാഹിക്കും. ഈ ദീപം നാടിന്റെ നാനാഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പുകളിലേയ്ക്ക് പകരും. പൊങ്കാലയോടനുബന്ധിച്ച് കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: