കൊച്ചി: ശബരിമലയിലെ പ്രസാദം ലാഭം ഉണ്ടാക്കാന്‍ വേണ്ടി നല്‍കാനുള്ളതല്ലെന്ന് ഹൈക്കോടതി. ഇത് സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു നടത്തേണ്ടതല്ല. ഭക്തര്‍ പുണ്യമായി കരുതുന്ന ഉണ്ണിയപ്പം അധികമുണ്ടാക്കിയിട്ട് അവസാനം നശിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിലെ ഉണ്ണിയപ്പ നിര്‍മാണം സംബന്ധിച്ച് ഹൈക്കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉണ്ണിയപ്പത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ഫുഡ് സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിക്കവെയാണ് കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്. ഭക്തരുടെ ആരോഗ്യം പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഉണ്ണിയപ്പം അമിതമായി ഉണ്ടാക്കി സൂക്ഷിക്കാന്‍ പാടില്ല. ശേഖരണശേഷി അനുസരിച്ചു മാത്രമേ ഉണ്ണിയപ്പം ഉണ്ടാക്കാവൂ. ഉണ്ണിയപ്പത്തില്‍ യാതൊരുവിധ മായവും കലര്‍ന്നിട്ടില്ലെന്ന പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും എ.വി.രാമകൃഷ്ണപിള്ളയുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ശബരിമലയില്‍ ലഭിക്കുന്ന പ്രസാദം ഉള്‍പ്പെടെയുള്ള എല്ലാ ആഹാരസാധനങ്ങളും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പരിശോധിക്കണം. അപ്പമുണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സ്ഥലം നിരന്തരം പരിശോധിക്കണം. ഓരോ നാലു മണിക്കൂര്‍ ഇടവിട്ടായിരിക്കണം പരിശോധന. ആദ്യമുണ്ടാക്കുന്ന ഉണ്ണിയപ്പം ആദ്യം വില്‍ക്കണം. അപ്പമുണ്ടാക്കാന്‍ മൂന്നു കരാറുകാരെ മാത്രമേ അനുവദിക്കാവൂ. വിജിലന്‍സ് ഓഫീസര്‍ അപ്പനിര്മാണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
അപ്പത്തിന്റെ കൂട്ടു മാറ്റുന്നതും കോടതി തടഞ്ഞു. കോടതിയുടെ അനുവാദം വാങ്ങിച്ചു മാത്രമേ പരമ്പരാഗതമായി തുടരുന്ന കൂട്ട് മാറ്റാവൂ. പൂപ്പല്‍ ബാധിക്കാത്ത സ്ഥലത്തു മാത്രമേ അപ്പം സൂക്ഷിക്കാവൂ. ഉണ്ണിയപ്പമുണ്ടാക്കുന്ന സ്ഥലം കമ്മീഷണറുടെ നിര്‍ദേശപ്രകാരം വൃത്തിയാക്കി സൂക്ഷിക്കണം. പാകപ്പെടുത്തുന്ന തൊഴിലാളികളുടെ വൃത്തിയും ഉറപ്പു വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
സ്വാമി അയ്യപ്പന് റോഡിലെ തിക്കും തിരക്കും നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി. എക്സിക്യൂട്ടീവ് ഓഫീസര്‍ എല്ലാ കാര്യവും നിയന്ത്രിച്ച് ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനം ഒരുക്കണം. സ്പെഷ്യല്‍ ഓഫീസര്‍ കെ.ജയകുമാറിന് വാഹനം, സംരക്ഷണം എന്നിവ ഉള്‍പ്പെടെ വേണ്ട സൗകര്യം സര്‍ക്കാര്‍ നല്‍കണം. മണ്ഡല-മകര വിളക്കു പ്രമാണിച്ച് അദ്ദേഹത്തെ ഹൈപ്പവര്‍ കമ്മറ്റിയുടെ ചെയര്‍മാനായി തുടരാനും കോടതി അനുവദിച്ചു. ശബരിമലയിലെ വികസനം പൂര്‍ത്തിയാക്കാന്‍ തുടര്‍ച്ചയായ സമിതി വേണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: