മൂവാറ്റുപുഴ: ആട്ടായം-കിഴക്കേക്കാവ്-മുളവൂര്‍ വഴി കോതമംഗലത്തേക്ക് സര്‍വീസ് നടത്തിവന്ന ഏക കെഎസ്ആര്‍ടിസി ബസ്സിന്റെ ഓട്ടം നിലച്ചത് യാത്രക്കാരെ വലച്ചു.
നൂറ് കണക്കിന് യാത്രക്കാരുടെ ഏക ആശ്രയമായിരുന്ന ബസ് സര്‍വീസ് നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ജനരോഷമുയര്‍ന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച രണ്ട് ട്രിപ്പ് സര്‍വീസ് നടത്തിയ ബസ് വീണ്ടും കട്ടപ്പുറത്തായി. ഡിപ്പോയില്‍ ഏറ്റവും അധികം കളക്ഷന്‍ ലഭിക്കുന്ന സര്‍വീസ് നിലച്ചത് ഗ്രാമീണ മേഖലയിലെ നൂറുകണക്കിന് പാവങ്ങളായ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ 6 മുതല്‍ വൈകിട്ട് 8 മണിവരെ ഏഴോളം ട്രിപ്പാണ് സര്‍വീസ് നടത്തിയിരുന്നത്. തീരെ വീതി കുറഞ്ഞ റോഡായതിനാല്‍ നേരത്തെ മിനി ബസ്സും ഇപ്പോള്‍ കട്ട് ചെയ്സ് ബസ്സുമാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ് ഏറെ പഴക്കമുള്ളതായതുമൂലം അടിക്കടി കേടാകുന്നതാണ് സര്‍വീസ് മുടങ്ങാന്‍ കാരണമായത്. കഴിഞ്ഞയാഴ്ച മുഴുവന്‍ ബസ് കട്ടപ്പുറത്തായിരുന്നു. ശനിയാഴ്ച നന്നാക്കി ഇറക്കിയെങ്കിലും വീണ്ടും കേടാകുകയും ചെയ്തു. വര്‍ഷങ്ങള്‍ പഴക്കമുള്ള കട്ട് ചെയ്സ് ബസിന് പകരം പുതിയ ബസ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ നടപ്പാക്കിയിട്ടില്ല. മറ്റൊരു ബസ് കൂടി അനുവദിച്ചാല്‍ റൂട്ടിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകുകയും ചെയ്യും. നിലവില്‍ ഈ ബസ്സിന് പകരം ഓടിക്കാന്‍ ബസ്സില്ലാത്തതാണ് സര്‍വീസ് നിറുത്തിവെയ്ക്കാന്‍ കാരണമായതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: