കൊച്ചി: എറണാകുളം ജില്ലയുടെ ആസ്ഥാനമായ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ആധുനിക ഗ്രൗണ്ടിന്റെ രൂപരേഖ റവന്യു മന്ത്രി അടൂര്‍ പ്രകാശിനു ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് കൈമാറി. ഹെലിപാഡ് ഉള്‍പെടെയുള്ള ഗ്രൗണ്ടിന്റെ നിര്‍മാണത്തിന് നാലു കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
കളക്ട്രേറ്റ് വളപ്പില്‍ വടക്കു വശത്തായി വിശാലമായി നിര്‍മിക്കുന്ന ഗ്രൗണ്ടിന്റെ പണി പൂര്‍ത്തിയാകുന്നതോടെ സിവില്‍ സ്റ്റേഷന്റെ പ്രധാന കവാടം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്തേക്കു മാറ്റും. സിവില്‍ സ്റ്റേഷനിലേക്കു പ്രവേശിക്കാനുള്ള പ്രധാന മൂന്നു കവാടങ്ങള്‍ തനത് പാരമ്പര്യ കേരളീയ രീതിയിലാക്കും. കളക്ട്രേറ്റിലേക്ക് പ്രവേശിക്കുന്നതിന് 10 അടി വീതിയില്‍ ഗ്രൗണ്ടിനു ചുറ്റും ടെയിലോടു കൂടിയ നടപ്പാതയൊരുക്കും. ഗ്രൗണ്ടിനോട് ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ഓപ്പണ്‍ സ്റ്റേജും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
സിവില്‍ സ്റ്റേഷനിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക സൗകര്യം, ഗ്രൗണ്ടില്‍ വച്ചുപിടിപ്പിക്കുന്ന പുല് തകിടികള്‍ നനക്കുന്നതിന് പ്രത്യേക മഴവെള്ള സംഭരണി, ഗ്രൗണ്ടിനോടു ചേര്‍ന്നു കിടക്കുന്ന ഇടവഴികളിലായി വഴിവിളക്കുകള്‍, ടോയ്ലെറ്റ് തുടങ്ങിയവയും പദ്ധതിയിലുണ്ടാകും. കേരളീയ മാതൃകയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഫുഡ്കോര്‍ട്ട് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് സഹായകമാകും. മാത്രമല്ല സോളാര്‍ പാനല്‍ ഉപയോഗിച്ചാവും ഇതിലേക്കാവശ്യമായ വൈദ്യുതി ഉദ്പാദിപ്പിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: