ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളും സംഘവും രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടി ആം ആദ്മി ആദ്യദിനം സമാഹരിച്ചത് 1.10 കോടി രൂപയിലധികം. ദേശീയ തലത്തില്‍ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കേ വന്‍തുക സ്വരൂപിക്കാന്‍ കഴിയൂ എന്ന ധാരണ തിരുത്തുന്നതാണ് പാവപ്പെട്ടവന്റെ പേരില്‍ രൂപീകൃതമായ കെജ്രിവാളിന്റെയും മറ്റും പുതിയ പാര്‍ട്ടി.
അഴിമതിക്കെതിരെ ഇന്ത്യാ പ്രവര്‍ത്തകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷണ് മാത്രം നല്‍കിയതാണ് ഒരു കോടി രൂപ. രാജ്യത്തിന്റെ പലകോണുകളില്‍ നിന്നായി തങ്ങള്‍ക്ക് സഹായ വാഗ്ദാനങ്ങള്‍ വരുന്നതായി ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങാന്‍ പല സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലം നല്കുവാന് നിരവധി പേര് തയ്യാറാണെന്നാണ് പാര്‍ട്ടി വക്താക്കള്‍ പറയുന്നത്. ഇത്തരത്തില്‍ 300ല്‍ അധികം വാഗ്ദാനങ്ങള്‍ ലഭ്യമായതായും വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ അനുയായികളെ അഭിസംബോധന ചെയ്തുസംസാരിച്ച കെജ്രിവാള് തങ്ങള്‍ അഴിമതിക്കാരായ സര്‍ക്കാരിനെ പുറത്താക്കുമെന്നും ഇത് നേതാക്കളും സാധാരണക്കാരനും തമ്മിലുള്ള യുദ്ധമാണെന്നും പറഞ്ഞു. നേതാക്കളെ പുറത്താക്കി സാധാരണക്കാരന് പാര്‍ലമെന്റില്‍ സ്ഥാനം നേടുമെന്നും കെജ്രിവാള് പറഞ്ഞു. താന്‍ റോബര്‍ട്ട് വധേരയ്ക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ കെജ്രിവാള് കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്കുശേഷം തന്നോട് ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചതായും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയതായും കെജ്രിവാള് അവകാശപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന സാധാരണക്കാരനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് പറഞ്ഞ കെജ്രിവാള് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഇത് മനസ്സിലാക്കണമെന്നും പറഞ്ഞു. വില വര്‍ദ്ധനവ് സ്വയം ഉണ്ടാകുന്ന ഒന്നല്ല അത് സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അഴിമതിയാണ് വിലവര്‍ദ്ധനവിന് കാരണം. റിലയന്‍സിന് പ്രകൃതി വാതകത്തിന്റെ കുത്തക അനുവദിച്ചതാണ് പാചകവാതകത്തിന്റെ വിലവര്‍ദ്ധനവിന് കാരണം. പാചകവാതകത്തിന് ഇരട്ടി വിലയാക്കിയ റിലയന്‍സിന്റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കണമായിരുന്നെന്നും കെജ്രിവാള് കൂട്ടിച്ചര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: