ചക്കുളത്തുകാവിലെ പൊങ്കാലയ്ക്ക് ഇന്ന് ഏറെ പ്രസിദ്ധി. പണ്ട് വേടനും കുടുംബവും ആഹാരം പാകം ചെയ്തിരുന്നത് മണ്കലത്തിലായിരുന്നല്ലോ. ഇതില്‍നിന്നും ദേവിക്ക് കൊടുത്തതിനുശേഷം ബാക്കിയുള്ളത് അവര്‍ ഭക്ഷിച്ചിരുന്നു. ഒരു ദിവസം വിറകിന് പോയിരുന്ന അവര്‍ എത്താന്‍ വൈകി. ദേവിക്ക് നിവേദ്യം നല്കാന് കഴിഞ്ഞില്ല. അമ്മയെ പട്ടിണിക്കിടേണ്ടി വന്നല്ലോ എന്ന ദുഃഖം അവരില്‍ കണ്ണീരായി. വൈകിയെങ്കിലും അമ്മയ്ക്ക് ആഹാരം പാകം ചെയ്യാന്‍ കലം നോക്കുമ്പോള്‍ മരച്ചുവട്ടിലിരുന്ന കലത്തില്‍ നിറയെ ചോറും കറികളും. അവരുടെ അത്ഭുതം പ്രാര്‍ത്ഥനയായി. അമ്മയെ വിളിച്ചുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അപ്പോള്‍ അതാ കേള്‍ക്കുന്നു. “മക്കളെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ ആഹാരം. നിങ്ങളുടെ ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയായി. തീരാദുഃഖത്തില്പ്പോലും എന്നെ കൈവിടാത്തവര്‍ക്ക് ഞാന്‍ ദാസിയും തോഴിയുമായിരിക്കും.” അങ്ങനെ വേടനും കുടുംബവും അമ്മയ്ക്ക് മണ്കലങ്ങളില് അര്‍പ്പിച്ച നിവേദ്യവും പരാശക്തിയായ അമ്മ വേടനും കുടുംബത്തിനും നല്കിയ ആഹാരവുമാണ് ചക്കുളത്തുകാവിലെ പൊങ്കാലയുടെ ഐതിഹ്യം. ആണ്ടുതോറും ആയിരിക്കണക്കിന് ഭക്തോത്തമകളായ സ്ത്രീജനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയ്ക്ക് പുത്തന്‍കലങ്ങളില്‍ നിവേദ്യം തയ്യാറാക്കുന്നു. സന്ധ്യയ്ക്ക് കാര്‍ത്തിക സ്തംഭം കത്തിക്കുന്നതോടെ ദേവിയെ എഴുന്നെള്ളിക്കുന്നു.
പെരിനാട് സദാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: