ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തെ സംബന്ധിച്ചുള്ള പ്രശ്നത്തെച്ചൊല്ലി പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിച്ചുകൊണ്ടിരിക്കുകയാണ്. സ്തംഭനം ഒഴിവാക്കാന്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമാകാത്തതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന യുപിഎ യോഗം പ്രശ്നം തീര്‍ക്കാനല്ല വഷളാക്കാനാണ് പുറപ്പാടെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. പ്രശ്നത്തില്‍ ഒറ്റക്കെട്ടായി ഉറച്ചനിലപാടെടുക്കുമത്രെ. തിങ്കളാഴ്ച സര്‍വ്വകക്ഷികളുടെ രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയ്ക്ക് തയാറാണെന്ന് കോണ്‍ഗ്രസ്സും അറിയിച്ചു. ശീതകാലസമ്മേളനത്തിന്റെ ആദ്യ നാലു ദിവസവും ഈ വിഷയത്തിന്മേലുള്ള ബഹളത്തില്‍ സഭ തടസ്സപ്പെട്ടിരിക്കുകയാണ്. വിദേശനിക്ഷേപം സംബന്ധിച്ച് നേരത്തെ ഡിഎംകെ ഉറച്ച നിലപാടെടുക്കുമെന്ന് പ്രസ്താവിച്ചിരുന്നതാണ്. എന്നാല്‍ യുപിഎയോടൊപ്പം ഡിഎംകെ ഉണ്ടാകുമെന്നാണ് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് ഇന്നലെ അറിയിച്ചത്. വിദേശ നിക്ഷേപ പ്രശ്നത്തില്‍ വോട്ടെടുപ്പോടെ ചര്‍ച്ചക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ബിജെപി അടക്കമുള്ള കക്ഷികളുടെ ആവശ്യം യോഗത്തില്ആവര്ത്തിച്ചു. ഇടതുപാര്ട്ടികളുംഐക്യജനതാദളും ഇതിനോടു യോജിച്ചു. വോട്ടെടുപ്പുണ്ടായാല്‍ വിട്ടു നില്‍ക്കുമെന്ന് എസ്.പിയും ബിഎസ്പിയും സൂചന നല്കി.ഡിഎംകെയും ജനതാദള്‍ എസും നിലപാടറിയിച്ചിരുന്നില്ല.
പ്രധാനമന്ത്രി മന്മോഹന് സിംഗുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കമല്‍നാഥ്,സുശീല്‍കുമാര്‍ ഷിന്‍ഡെ, പി. ചിദംബരം എന്നിവര്‍ സര്‍വകക്ഷി യോഗത്തിനെത്തിയത്. എസ് പി നേതാവ് മുലായം സിങ് യാദവ് സര്‍വകക്ഷി യോഗത്തിന് തൊട്ടുമുമ്പ് മന്മോഹന് സിങ്ങുമായി രഹസ്യചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്നും സര്‍ക്കാരിന്റെ നിലനില്‍പ്പ് പരിങ്ങലിലാകുമെന്നും ഉറപ്പായതോടെ ചായസല്‍ക്കാരവും അത്താഴവിരുന്നും നടത്തി കക്ഷികളെയും എംപിമാരെയും ചാക്കിട്ടുപിടിക്കാന്‍ യുപിഎയും പ്രധാനമന്ത്രിയും കഠിനാദ്ധ്വാനം തന്നെ ചെയ്തിരുന്നു. തുടര്‍ന്നാണ് മുലായവും മായാവതിയും നിലപാടില്‍ അയവു വരുത്തിയത്. എസ്പിയും ബിഎസ്പിയും അടക്കം പിന്തുണ നല്‍കുമെന്ന് ഉറപ്പുവരുത്തി വിഷയം വോട്ടിനിടുംവിധം ചര്‍ച്ചയ്ക്ക് സാഹചര്യമുണ്ടാക്കാനാണ് ഇപ്പോഴത്തെ ആലോചന. 545 അംഗ പാര്‍ലമെന്റില്‍ 265 പേരുടെ പിന്തുണയാണ് സര്‍ക്കാറിനുള്ളത്. വോട്ടിനിടുകയാണെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 271 പേരുടെ പിന്തുണവേണം. ബിഎസ്പി, എസ്പി കക്ഷികള്‍ പിന്തുണക്കുന്നപക്ഷം 300ലധികം അംഗങ്ങളുടെ പിന്തുണയുണ്ടാവും.
വോട്ടെടുപ്പോടെ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടാണ് ലോക്സഭയെയും രാജ്യസഭയെയും ഇന്നലയും പ്രക്ഷുബ്ധമാക്കിയത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭയും പിരിയുകയായിരുന്നു. വിദേശനിക്ഷേപം അനുവദിക്കല്‍ സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് തീരുമാനമാണെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. എന്നാല്‍, ബന്ധപ്പെട്ട കക്ഷികളുമായും സംസ്ഥാനസര്‍ക്കാരുകളുമായും കൂടിയാലോചന നടത്താതെ എഫ്ഡിഐ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് ധനമന്ത്രിയായിരിക്കെ ലോക്സഭയില്‍ പ്രണബ് മുഖര്‍ജിയും രാജ്യസഭയില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും ഉറപ്പുനല്‍കിയതാണ്. എന്‍ഡിഎ ഭരണകാലത്ത് 2001 ല്‍ ബാല്‍കോ സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പുചര്ച്ച നടന്നത് ഓര്‍മപ്പെടുത്തിയതോടെ സര്‍ക്കാരിന് മറുപടിയില്ലാതായിരിക്കുകയാണ്. ഗതിമുട്ടിയ സാഹചര്യത്തില്‍ പിന്തുണ ഉറപ്പാക്കി ചര്‍ച്ച നടന്നാലും സര്‍ക്കാരിന്റെ വിജയം വെറും സാങ്കേതികമാകും എന്നകാര്യത്തില്‍ സംശയമില്ല. അഞ്ചുവര്‍ഷം ഭരിക്കുമെന്ന വീമ്പടിയല്ലാതെ അതിലൊട്ടും ആത്മാര്‍ത്ഥത കാണാനാവില്ല. അഴിമതിയിലൂടെ എല്ലാം വാരിക്കൂട്ടാനും രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം അടിയറവ് നടത്താനുമുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. രാജ്യത്തോട് അല്പംപോലും കൂറുണ്ടെങ്കില്‍ ഇതിനെ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ നടക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ കാണണം.
പ്രതിഭയെ
അറിയാത്തവര്‍
മലയാളനാടകവേദിക്ക് കരുത്തും ഓജസ്സും പ്രദാനം ചെയ്ത അനശ്വര നാടകാചാര്യന് വേണുക്കുട്ടന്‍ നായരെ സമൂഹം വേണ്ടവിധം ആദരിച്ചില്ലെന്നത് സങ്കടകരം തന്നെ. അഭിനയത്തികവും കഴിവും ഒത്തുചേര്‍ന്ന ആ പ്രതിഭയുടെ അവസാനനാളുകള്‍ അങ്ങേയറ്റം ദുരിതമയമായിരുന്നു എന്നറിയുമ്പോള്‍ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടല്ല എന്ന് വ്യക്തമാവുന്നു. ജ്വലിച്ചു നിന്ന നാടകകാലത്തിന്റെ ഓര്‍മപോലും ആമഹാനടനില് നിന്ന് ഊര്ന്നുവീണുപോയിരുന്നു. മരുന്നിനും ഭക്ഷണത്തിനുപോലും വളരെയേറെ ബുദ്ധിമുട്ടനുഭവിച്ചു എന്നറിയുമ്പോള്‍ ലജ്ജകൊണ്ട് മുഖം പൊത്തേണ്ട അവസ്ഥയിലായി മലയാളികള്‍.
ഒരു കലാകാരനെ അര്‍ഹിക്കുന്ന തരത്തില്‍ പരിഗണിക്കാനും ആദരിക്കാനും കഴിയുന്നില്ലെങ്കില്‍ വാസ്തവത്തില്‍ നാം കിരാതന്മാര് ആവുകയല്ലേ! ഭരണചക്രം ചലിപ്പിക്കുന്നവരും ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ നെറികേടാണ് കാണിച്ചത്. തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തില്‍ ആ ഭൗതികദേഹം എരിഞ്ഞൊടുങ്ങുമ്പോള്‍ ഔദ്യോഗിക ബഹുമതികളുടെ ചെറുലാഞ്ജനപോലുമുണ്ടായിരുന്നില്ല. അപ്രശസ്തരായ പലരും ഔദ്യോഗിക ബഹുമതികളുടെ വെള്ളിവെളിച്ചത്തില്‍ നിലയുറപ്പിച്ചപ്പോഴാണ് വേണുക്കുട്ടന്‍ നായര്‍ എന്ന പ്രതിഭ ഇരുട്ടറയിലെന്നവണ്ണമായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക മാനദണ്ഡങ്ങളുടെ മഹാനിഘണ്ടുതിരയുന്നവര് ഇനി അനുശോചനയോഗങ്ങളിലും മറ്റും നെഞ്ചത്തടിച്ച് നിലവിളിച്ച് അഭിനയിക്കും. അഭിനയത്തിന്റെ മറുകര കണ്ടറിഞ്ഞ ആ മഹദ് വ്യക്തിയുടെ ആത്മാവ് അതുകണ്ട് ഊറിച്ചിരിക്കും. നാടകത്തിനു വേണ്ടി ജീവിക്കുകയും സ്വന്തം ജീവിതം മറന്നുപോവുകയും ചെയ്ത ആ സമര്‍പ്പിത കലാകാരന് ബാഷ്പാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: