മുംബൈ: രാജ്യം മുംബൈ ആക്രമണത്തിന്റെ ഓര്മ പുതുക്കി. മുംബൈ ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികം ഇന്നലെ രാജ്യം ഒരിക്കല്‍ക്കൂടി ഓര്‍മിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ കേസിലെ ഏക പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിനാല് തന്നെ മുമ്പെങ്ങുമില്ലാത്ത സുരക്ഷയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നത്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഇന്നലെ ഏര്‍പ്പെടുത്തിയിരുന്നത്.
മുംബൈ ഭീകരാക്രമണത്തില്‍ ജീവന് നഷ്പ്പെട്ടവരെയും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനിക പോലീസ് ഉദ്യോഗസ്ഥരെയും രാജ്യം അനുസ്മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, കേന്ദ്ര മന്ത്രി ശരദ് പവാര്‍ എന്നിവര്‍ മുംബൈയിലെ സൗത്ത് പോലീസ് മെമ്മോറിയലില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്, ആഭ്യന്തര മന്ത്രി ആര്.ആര് പാട്ടീല്‍, ഗവര്‍ണര്‍ കെ. ശങ്കരനാരായണന്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ തുടങ്ങിയവരും അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തു. ഭീകരാക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യം ജാഗ്രത പാലിക്കണമെന്ന് രക്തസാക്ഷി വിജയ് സലാസ്കറുടെ മകള്‍ ആവശ്യപ്പെട്ടു. കേസിലെ ഏക പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് അവര്‍ ഭരണകൂടത്തിനോട് നന്ദി പറഞ്ഞു.
അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്നലെ നടന്ന ചടങ്ങില്‍ നഷ്ടപരിഹാരം നല്കി. മൂന്ന് ലക്ഷം രൂപയാണ് 88 കുടുംബംഗങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് തുക കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്. നേരത്തെ നടന്ന ചടങ്ങുകളില്‍ 76 കുടുംബംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം വീതവും. പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: