ശബരിമല: ശബരിമലക്കെതിരെ വന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓരോ മണ്ഡലകാലത്തും വിവാദങ്ങള്‍ ഉണ്ടാക്കി തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നതായി മന്ത്രി നേരിട്ട് നടത്തിയ പ്രചാരണം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവിനെ കുറച്ചു.
ശബരിമല സീസണ് കഴിഞ്ഞപ്പോള്‍ മുല്ലപ്പെരിയാറിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. ഇത്തവണ അപ്പത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കുകയാണ്. അപ്പത്തിന്റെ പേരിലും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഭക്തരെ പൊതുവെ ദുഖിപ്പിക്കുന്നതാണ്. പല ചെറിയ സംഭവങ്ങളും പര്‍വ്വതീകരിച്ച് പ്രചരിപ്പിക്കുന്നത് ആസുത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുഖജനാവിലേക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന ഏഴുകോടിയോളം തീര്‍ത്ഥാടകര്‍ പ്രതിവര്‍ഷമെത്തുന്ന ശബരിമലയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നത് സംശയങ്ങള്ക്കിടവരുത്തുന്നുണ്ട്. ദേവസ്വം മന്ത്രിയെ കാണാന്‍ പോലുമില്ല. അദ്ദേഹത്തിന്റെ മൗനവ്രതം ആര്‍ക്കുവേണ്ടിയാണ്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയും. കേടായ അപ്പം പരിശോധിച്ചത് സംബന്ധിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കോന്നിയിലെ ഭക്ഷ്യ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കണം.
ശബരിമലയോടുള്ള അധികൃതരുടെ മനോഭാവം വ്യക്തമാക്കുന്നതാണ് അങ്കമാലി-ശബരി റയില്‍പാത നടപ്പാക്കാത്തത്. ഇത്തവണ ദേവസ്വം ബോര്‍ഡ് രൂപീകരണം വൈകിയതിനുത്തരവാദിയും സര്‍ക്കാര്‍ ആണ്. ഇത്തരം എല്ലാ സംഭവങ്ങള്‍ക്കെതിരെയും വിവിധ സാമുദായ സംഘടനകള്‍, അയ്യപ്പ ഭക്തസംഘടനകള്‍ എന്നിവയുമായി കൂടിയാലോചിച്ച് അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: