തിരുവനന്തപുരം : സംസ്ഥാനത്ത് നിലനില്‍ക്കുന്ന റേഷന്‍ സമ്പ്രദായം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആശങ്ക അസ്ഥാനത്താണ്. പ്രതിപക്ഷ നേതാക്കള്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഇത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. തന്റെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.
റേഷന്‍ സബ്സിഡിയുടെ ചോര്‍ച്ച തടയാന്‍ വേണ്ടിയാണ് സബ്സിഡി ബാങ്കിലൂടെ ഉപഭോക്താവിന് നല്‍കുന്നത്. ഇതിലൂടെ പൊതുമാര്‍ക്കറ്റില്‍ അരിവില പിടിച്ച് നിര്‍ത്താന്‍ കഴിയും. റേഷന്‍ സമ്പ്രദായത്തില്‍ ഗുരുതര അപാകതകളാണ് നിലവിലുള്ളത്. കാലാകാലങ്ങളായി മാറി വന്ന സര്‍ക്കാരുകള്‍ വിചാരിച്ചിട്ടും ഈ അപാപകത പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ബിപിഎല്ലുകാര്‍ക്ക് 1 രൂപയ്ക്ക് നല്കുന്ന അരിയുടെ കാര്യത്തില്‍ മാറ്റമില്ല. എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കും. ഇതിലൂടെ ദുരുപയോഗം തടയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷന്‍ കടക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യം നടപ്പിലാക്കാന്‍ കഴിയില്ല. മറ്റ് ആവശ്യങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണ്.
കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് മില്ലുകളില്‍ നിന്ന് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഏറ്റെടുക്കും. 62000 ടണ്‍ അരി സ്കൂളിലെ ഉച്ചഭഷണത്തിനായി നല്‍കും. ബാക്ക് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. എന്‍ഡോ സള്ഫാന് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ സംസ്ഥാനത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോ സള്ഫാന് ദോഷകരമാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പക്ഷേ രാജ്യത്ത് കേരളവും കര്‍ണാടകയും മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. മന്ത്രി പറഞ്ഞു.
അടുത്ത നിയമസഭാ സമ്മേളനം ഡിസംബര്‍ 10 മുതല്‍ 20 വരെ ചേരാനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക സ്ഥലം ദേശീയ പാത വികസനത്തിനായി ഏറ്റെടുക്കണമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. ക്ഷേമ പെന്‍ഷനുകള്‍ ബാങ്കുവഴിയാക്കുമ്പോള് വികലാംഗര്‍ക്കും പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാത്തവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും എന്ന പരാതി വന്നതിനാല്‍ ഇത്തരക്കാര്‍ക്കും പകരം സംവിധാനം ആലോചിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ കാര്‍ഡു വേണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: