തിരുവനന്തപുരം: മലയാള നാടകവേദിയില്‍ അനശ്വര കഥാപാത്രങ്ങള്‍ക്കും ജീവസ്സുറ്റ നാടകങ്ങള്‍ക്കും ജന്മം നല്കിയ നാടകാചാര്യന് പി.കെ.വേണുക്കുട്ടന്‍നായര്‍ക്ക് മരണശേഷവും സര്‍ക്കാരിന്റെ അവഗണന. തൈക്കാട് ശാന്തികവാടത്തില്‍ സര്‍ക്കാരിന്റെ ഒരു പരിഗണനയും കിട്ടാതെയാണ് മഹാനായ നാടകപ്രവര്‍ത്തകന്റെ മൃതദേഹം സംസ്കരിച്ചത്. സാഹിത്യ സാംസ്കാരിക രംഗത്ത് പ്രശസ്തരല്ലാത്തവര്ക്കു പോലും സമ്മര്‍ദ്ദങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും വഴങ്ങി ഔദ്യോഗിക പദവി നല്കി മൃതദേഹം സംസ്കരിക്കുമ്പോള്‍ വേണുക്കുട്ടന്‍ നായരെ അവഗണിക്കുന്ന സമീപനം മരണശേഷവും സര്‍ക്കാര്‍ തുടര്‍ന്നു.
മുഖ്യമന്ത്രിക്കുവേണ്ടി മൃതദേഹത്തില്‍ ഒരു റീത്ത് മാത്രം വച്ച് സര്‍ക്കാര്‍ തങ്ങളുടെ കടമ തീര്‍ത്തു. അവസാനകാലത്ത്, രോഗശയ്യയില്‍ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും പോലും വകയില്ലാതെ വലയുകയായിരുന്ന വേണുക്കുട്ടന്‍ നായരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സഹായം അഭ്യര്‍ത്ഥിച്ച് വേണുക്കുട്ടന്നായരുടെ ഭാര്യ പലതവണ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുന്നില്‍ കൈനീട്ടിയെങ്കിലും കാര്യമായ സഹായം ഉണ്ടായതേയില്ല. വേണുക്കുട്ടന്നായരുടെ ചികിത്സാച്ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും സഹായം 25,000 രൂപയിലൊതുക്കി. ആ പണം രണ്ടു ദിവസം കൊണ്ടു തീരുകയും ചെയ്തു. ചികിത്സയ്ക്കായി പലരില്‍ നിന്നും കടം വാങ്ങി പത്തുലക്ഷത്തിലധികം രൂപ കടം വരുത്തിയാണ് വേണുക്കുട്ടന്‍ നായര്‍ യാത്രയായത്. ആദ്യം ആയുര്‍വ്വേദ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികിത്സ. ജീവന് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ സഹായിക്കാനായി സര്‍ക്കാരോ സുഹൃത്തുക്കളോ ആരും എത്തിയില്ല.
മൃതദേഹം സംസ്കരിക്കുമ്പോള്‍ ഔദ്യോഗിക പദവി നല്‍കുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് സാംസ്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞത്. കളക്ടറാണ് തീരുമാനമെടുക്കുന്നതെന്നും പറഞ്ഞു. കളക്ടറും ഇതേ നിലപാടു തന്നെയാണ് സ്വീകരിച്ചത്. എന്നാല്‍ പ്രശസ്തരല്ലാത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു പോലും ഔദ്യോഗിക പദവി നല്‍കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ തീരുമാനം സര്‍ക്കാരില്‍ നിന്നാണ് വരേണ്ടതെന്നായിരുന്നു ജില്ലാകളക്ടര്‍ കെ.എന്‍.സതീശിന്റെ മറുപടി.
ആറുപതിറ്റാണ്ടോളം നാടകത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുകയും സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ മറന്നുപോകുകയും ചെയ്ത കലാകാരന്റെ മരണാനന്തര ചടങ്ങുകളും അവഗണിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: