കൊച്ചി: കൊച്ചിയില്‍ ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പരിപാടികള്‍ക്കായി കൊച്ചിയെ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എംഎല്‍എമാര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ജയ്പ്പൂരിലായിരുന്നു പ്രവാസി ഭാരതീയ ദിവസ്. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പരിപാടി എട്ടിന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. ഒമ്പതിന് രാഷ്ട്രപതി പ്രവാസി ഭാരതീയ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
കൊച്ചിയിലെ റോഡുകള്‍ ഡിസംബര്‍ 20-നകം അറ്റകുറ്റപ്പണി നടത്തി ഭംഗിയാക്കാന്‍ തീരുമാനമായി. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള ഭാഗങ്ങള്‍ കേരളീയ കലാരൂപങ്ങളാല്‍ മോടിപിടിപ്പിക്കും. ഫ്ലക്സുകള്‍ പാടെ ഒഴിവാക്കാനും യോഗത്തില്‍ ധാരണയായി. പ്രധാന കേന്ദ്രങ്ങളില്‍ പ്രതിനിധികളെ സ്വാഗതം ചെയ്ത് സ്വാഗതകമാനങ്ങളും ഉയര്‍ത്തും.
പരിപാടിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണസംവിധാനങ്ങള് ശക്തിപ്പെടുത്തും. വിമാനത്താവളം മുതല്‍ മരട് വരെയുള്ള തദ്ദേശഭരണസ്ഥാപനങ്ങളെ സഹകരിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീതിനെ മന്ത്രി ചുമതലപ്പെടുത്തി.
ഡിസംബര്‍ 31-നകം പ്രധാനകേന്ദ്രങ്ങളിലെ വൈദ്യുതി സംവിധാനങ്ങള്‍ കുറ്റമറ്റതാക്കും. പരിപാടി നടക്കുന്ന ഏഴു മുതല്‍ ഒമ്പതു വരെ ലോഡ് ഷെഡിങ് ഒഴിവാക്കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെടും. പരിപാടി നടക്കുന്ന കേന്ദ്രത്തില്‍ എല്ലാ സജ്ജീകരണങ്ങളോടെയുള്ള ആരോഗ്യപരിപാലന സംവിധാനം ഒരുക്കും. കൂടാതെ നഗരത്തിലെ പ്രധാന ആശുപത്രികളെ സഹകരിപ്പിച്ച് ഇതിനായി വിപുലമായ സംവിധാനം രൂപപ്പെടുത്തും.
കൊച്ചിയെ ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാണിക്കാനുള്ള പ്രധാന അവസരങ്ങളില്‍ ഒന്നാണിതെന്നും കൊച്ചിയുടെ പുതിയ മുഖം കാണിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ യോഗം കളക്ടര്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത് ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
യോഗത്തില്‍ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, പ്രവാസി ഭാരതീയ ദിവസ് സംയോജകരായ ഫിക്കി ഡയറക്ടര്‍ പി.രാധാകൃഷ്ണന്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗോപാലകൃഷ്ണന്, വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: