തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയറിയാതെ ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിയതായി പരാതി. യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയും നെയ്യാറ്റിന്‍കര ആറാലുംമൂട് ചിത്തിരംപഴിഞ്ഞി ലക്ഷ്മിയില്‍ ഗോപന്റെയും സുലോചനയുടെയും മകനുമായ കിരണ്‍ഗോപി (18)യുടെ വൃക്കയാണ് നീക്കം ചെയ്തതായി പരാതിയുയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവായിട്ടുണ്ട്.
മാസങ്ങള്‍ക്കുമുമ്പ് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് കിരണ്‍ഗോപി ചികിത്സയ്ക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിയത്. നെഫ്രോളജി വിഭാഗത്തിലെ ഡോ. മോഹന്‍ദാസിന്റെ നിര്‍ദ്ദേശാനുസരണം വിദഗ്ധ ചികിത്സയ്ക്കായി യൂറോളജി വിഭാഗത്തിലെത്തുകയായിരുന്നു. യൂറോളജി വിഭാഗം സെക്ഷന്‍ രണ്ടിലെ മേധാവി ജി. വേണുഗോപാലാണ് കിരണ്ഗോപിയെ ചികിത്സിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതും. സെപ്റ്റംബറില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരത്തെ ഡിഡിഎന്എംആര്സിയില് സ്കാന്‍ ചെയ്തിരുന്നു.
കിഡ്നിയില്‍ നിന്നും മൂതവാഹിനിയിലേക്കു പോകുന്ന ഭാഗത്ത് ചെറിയ ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നും അതിലൂടെ രോഗം ഭേദമാക്കാമെന്നും ഡോക്ടര്‍ പറഞ്ഞതായി കിരണിന്റെ അച്ഛനും അമ്മയും പറയുന്നു. ഈ സമയത്ത് ഡോക്ടറെ കണ്ട് ആയിരം രൂപയും നല്‍കിയിരുന്നു. നവംബറില്‍ ശസ്ത്രക്രിയ ചെയ്യാമെന്ന് പറഞ്ഞിരുന്നു. നവംബര്‍ 14ന് പനി ബാധിച്ച കിരണിനെ വീണ്ടും ഡോക്ടറെ കാണിച്ചു. മരുന്നുകള്‍ നല്‍കിയശേഷം 20ന് ആശുപത്രിയിലെത്താന്‍ പറഞ്ഞു. 20ന് ആശുപത്രിയിലെത്തിയ കിരണിനെ അഡ്മിറ്റ് ചെയ്യുകയും 21ന് ശസ്ത്രക്രിയ നിശ്ചയിക്കുകയുമായിരുന്നു.
ഒരു മൈനര്‍ കീഹോള്‍ ശസ്ത്രക്രിയയാണ് ചെയ്യുന്നതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. 21ന് രാവിലെ ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ട് മൂവായിരം രൂപ വീണ്ടും നല്‍കിയതായും മാതാപിതാക്കള്‍ പറയുന്നു. തീയറ്ററില്‍ കയറ്റിയ കിരണിനെ വൈകുന്നേരം 5.30ഓടെ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലേക്ക് മാറ്റി. 23ന് ഉച്ചയ്ക്ക് രണ്ടാം വാര്‍ഡിലെത്തിയ കിരണ്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും വയറുവേദനയെടുക്കുന്നതായി പറയുകയും ചെയ്തു. വൈകിട്ട് ഡ്യൂട്ടിക്കെത്തിയ ജൂനിയര്‍ ഡോക്ടറോട് അമ്മ സുലോചന ഇക്കാര്യം സൂചിപ്പിച്ചു. കിരണിനെ പരിശോധിക്കുകയും കേസ് ഷീറ്റ് നോക്കുകയും ചെയ്ത ഡ്യൂട്ടി ഡോക്ടറാണ് ‘മകന്റെ ഒരു വൃക്ക നീക്കം ചെയ്തതല്ലേ, ചെറിയ വേദനയുണ്ടാകും’ എന്ന് പറഞ്ഞത്. ഇതുകേട്ട സുലോചന ബോധം കെട്ട് വീഴുകയായിരുന്നു.
തങ്ങളോട് വൃക്ക നീക്കം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ഒരു രോഗിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്ന ശരീര ഭാഗങ്ങള്‍ രോഗിയുടെ ബന്ധുക്കള്‍ വാങ്ങി നല്കുന്ന ബോട്ടിലില്‍ എടുത്ത് ബന്ധുക്കളെ കാണിച്ചശേഷം പാത്തോളജി ലാബിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇവിടെ അതുണ്ടായിട്ടില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. കിരണിന് തുറന്ന ശസ്ത്രക്രിയയാണ് നടത്തിയതെന്ന് സംശയമുള്ളതായും ബന്ധുക്കള്‍ പറയുന്നു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സിഐ പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കിരണിന്റെ കേസ് ഷീറ്റും ബന്ധപ്പെട്ട രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ സര്‍ജറി, അനസ്തേഷ്യ, ഫോറന്‍സിക് വിഭാഗം മേധാവികളെ ഉള്‍പ്പെടുത്തിയാണ് സമിതി. 48 മണിക്കൂറിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. കിരണിനെ ഇന്നലെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ്, ജില്ലാ ഭാരവാഹികളായ സമ്പത്ത്, നിശാന്ത്, വിഭാഷ് എന്നിവര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ കണ്ട് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. ഇന്ന് യുവമോര്‍ച്ച മെഡിക്കല്‍ കോളേജ് ആശുപത്രി മാര്‍ച്ച് നടത്തും.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡോ. വേണുഗോപാല്‍ പറഞ്ഞു. കിരണിന്റെ വൃക്കയും മൂത്രവാഹിനിക്കുഴലുമായി ചേരുന്ന പ്രദേശത്ത് ഉള്ള പ്രശ്നം ജന്മനാല് ഉള്ളതാണെന്നും വൃക്ക പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. നീക്കം ചെയ്ത വൃക്ക പത്തോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ കിരണിന്റെ അമ്മയെ അറിയിച്ചിരുന്നുവെന്നുമാണ് ഡോക്ടറുടെ നിലപാട്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: