“ആഴത്തിലും പരപ്പിലുമുള്ള വായനയുടെ സര്‍ഗവൈഭവം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും വേണ്ടി സമര്‍പ്പിച്ച പി ജി” എന്നാണ് പി.ഗോവിന്ദപ്പിള്ളയുടെ വേര്‍പാടിലുള്ള അനുശോചന സന്ദേശത്തില്‍ സിപിഎം വിലയിരുത്തിയത്. പി ജിയുടെ ധൈഷണിക ജീവിതം അടുത്തറിയുന്നവര്‍ക്ക് ഈ പ്രസ്താവന മുഖവിലക്കെടുക്കാനാവില്ല. വായനയുടെ സര്‍ഗവൈഭവം സാക്ഷാല്‍ക്കരിച്ചയാള്‍ എന്ന് പി ജിയെക്കുറിച്ച് എടുത്തുപറയേണ്ടതില്ല. എന്നാല്‍ ആ മനീഷിയുടെ ആഴത്തിലും പരപ്പിലുമുള്ള വായന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടു എന്നത് സിപിഎമ്മിന്റെ ഒരു അവകാശവാദം മാത്രമായിരിക്കും. തീര്‍ച്ചയായും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ സാധ്യതയായിരുന്നു. പക്ഷെ പാര്‍ട്ടി അദ്ദേഹത്തെ അതിനനുവദിച്ചില്ല എന്നതാണ് വസ്തുത. ആരായിരുന്നു ഇതിലെ വില്ലന്‍ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപീകൃതമായപ്പോള്‍ സൈദ്ധാന്തികരായി വിശേഷിപ്പിക്കപ്പെട്ടവരൊക്കെ സിപിഐയില്‍ ആയിരുന്നു. സി.ഉണ്ണി രാജയും എന്‍.ഇ.ബലറാമും ഉള്‍പ്പെടെ പലരും അതില്‍പ്പെടുന്നു. സിപിഎമ്മിനൊപ്പം പോന്ന ഇത്തരം ചുരുക്കം ചിലരില്‍ ഒരാളായിരുന്നു പി.ഗോവിന്ദപിള്ള. പി ജിയെ സിപിഐക്കൊപ്പം നിര്‍ത്താന്‍ വല്ലാതെ ആഗ്രഹിച്ചയാളായിരുന്നു കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശില്പ്പിയായി അറിയപ്പെടുന്ന എം.എന്‍.ഗോവിന്ദന് നായര്‍. എന്നാല്‍ പി ജി അതിന് കൂട്ടാക്കിയില്ല. ഇക്കാരണത്താല്‍ ‘താന്‍ നമ്പൂതിരിപ്പാടിന്റെ ചെല്ലവും ചുമന്നു നടന്നോ’ എന്ന മട്ടില്‍ എം.എന്‍. പരിഹസിച്ചിട്ടുമുണ്ട്.
എം.എന്‍.ഗോവിന്ദന് നായരുടെ ഈ പരിഹാസത്തില്‍ പി ജിയെ സംബന്ധിക്കുന്ന വലിയൊരു സത്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. പാര്‍ട്ടി സൈദ്ധാന്തികനെന്ന നിലയില്‍ മൗലിക സംഭാവനകളര്പ്പിക്കുന്നതില് പി ജിക്ക് വിലങ്ങുതടിയായി നിന്നത് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു; ഇഎംഎസിന്റെ ആചാര്യപദവിയായിരുന്നു. ജീവിതകാലത്ത് തന്നെക്കാള്‍ വലിയൊരു മാര്‍ക്സിസ്റ്റിന് സങ്കല്പ്പിക്കാന് പോലും ഇഎംഎസിന് കഴിഞ്ഞിരുന്നില്ല. മാര്‍ക്സിനും ലെനിനിനും സ്റ്റാലിനുമൊപ്പം ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈയുള്ളവനും എളിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന് ഇഎംഎസ് ആവര്‍ത്തിച്ച് പറയാറുള്ളത് ഈ മനോഭാവം മുന്‍നിര്‍ത്തിയായിരുന്നു. ഈടുവെപ്പുകളാകാവുന്ന മൗലിക സംഭാവനകളൊന്നും നല്കാന് ഇഎംഎസിന് കഴിഞ്ഞില്ലെന്നതാണ് ഇതിലെ വിരോധാഭാസം.
ഒരു വസ്തുത അനിഷേധ്യമാണ്. പി ജിക്കെന്നല്ല, മറ്റാര്‍ക്കും ഇഎംഎസിനെ എഴുതിത്തോല്‍പ്പിക്കാന്‍ ആവുമായിരുന്നില്ല. പി ജിയുടെ മുഴുവന്‍ കൃതികളെടുത്താലും ഇഎംഎസ് എഴുതിക്കൂട്ടിയതിന്റെ അടുത്തുപോലും എത്തില്ല. വായനയുടെ കാര്യത്തില്‍ പക്ഷെ മറിച്ചായിരുന്നു സ്ഥിതി. പി ജി വായിച്ചതിന്റെ അരികുപോലും തൊടുന്നതായിരുന്നില്ല ഇഎംഎസിന്റെ ഗ്രന്ഥപരിചയം. എഴുത്തിന്റെ മൂല്യമാണ് പരിശോധിക്കുന്നതെങ്കില്‍ വിഷയമേതായാലും പി ജിക്കൊപ്പം നില്ക്കാന് ഇഎംഎസിനാവില്ല. ഇഎംഎസിന്റെ എഴുത്തിന് പ്രസിഷന്‍ (സൂക്ഷ്മത) ഇല്ല എന്ന് പി ജി തന്നെ പരസ്യമായി വിമര്ശിച്ചിട്ടുള്ളതാണ്. സൂക്ഷ്മതയില്ലായ്മ മാത്രമല്ല, മാര്‍ക്സിസത്തെക്കുറിച്ചും മറ്റ് ചിന്താ പദ്ധതികളെക്കുറിച്ചും ഇഎംഎസിന്റെ ധാരണകള്‍ പരിമിതമായിരുന്നു. ജര്‍മ്മന്‍ മാര്‍ക്സിസ്റ്റായ കാള്‍ കൗട്സ്ക്കിയെക്കുറിച്ച് ലെനിന് നടത്തിയ വിമര്‍ശനം ഇഎംഎസിന്റെ കാര്യത്തിലും പ്രസക്തമാണ്. മാര്‍ക്സിസം എന്തെന്ന് കൗട്സ്കിക്ക് അറിയാം. എന്നാല്‍ മാര്‍ക്സിസത്തിന്റെ താല്‍പ്പര്യം (്ശൃശി)അറിയില്ല എന്നതായിരുന്നു ലെനിന്റെ വിമര്‍ശനം. ഇഎംഎസ് എഴുതിയിട്ടുള്ളതിലേറെയും മാര്ക്സിസത്തെക്കുറിച്ചായിരുന്നു. മാര്‍ക്സിസത്തെ ആഴത്തിലറിഞ്ഞതിന്റെ ഫലമായിരുന്നില്ല ഇത്. എന്നാല്‍ ഈ കുറവുകളെയെല്ലാം ഇഎംഎസ് തന്റെ മഷിയുണങ്ങാത്ത പേനകൊണ്ട് മറികടന്നു. ആയിരക്കണക്കിന് പേജുകള്‍ വരുമെങ്കിലും നന്നായി എഡിറ്റ് ചെയ്താല്‍ ഇഎംഎസിന്റെ എഴുത്ത് മുന്നൂറ് പേജിലൊതുങ്ങും എന്ന് നോവലിസ്റ്റ് വികെഎന്‍ കാര്യമായിത്തന്നെയാണ് പറഞ്ഞത്.
ചിന്താശേഷിയിലും വിശകലന പാടവത്തിലും അവതരണ ശൈലിയിലും ഇഎംഎസിനെ അതിശയിപ്പിക്കുന്ന പ്രതിഭയായിരുന്നു പി ജിയുടേത്. എല്ലായ്പ്പോഴും അത് അങ്ങനെയായിരുന്നു. ഇഎംഎസിന്റെ ധൈഷണിക ഇടപെടലുകള്‍ക്ക് പലപ്പോഴും കാവല്‍ ഭടനായി നിന്നിട്ടുള്ളത് പി ജിയാണ്. ആദിശങ്കരന്റെ ആയിരത്തി ഇരുന്നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഇഎംഎസ് ഒരു പ്രബന്ധം തയ്യാറാക്കി അവതരിപ്പിക്കുകയുണ്ടായി. ഇതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് രംഗത്തുവന്നപ്പോള്‍ അതിന് മറുപടി പറഞ്ഞത് ഇഎംഎസ് ആയിരുന്നില്ല, പി ജിയായിരുന്നു. ഇഎംഎസിന്റെ ‘ശാങ്കരദര്ശന’ത്തെ ബഹുദൂരം പിന്നിലാക്കുന്നതായിരുന്നു പി ജിയുടേത്. ഒരര്‍ത്ഥത്തില്‍ ഇഎംഎസിനെ സമര്‍ത്ഥമായി രക്ഷിച്ചെടുക്കുകയായിരുന്നു പി ജി. തന്റെ പ്രബന്ധം പുസ്തകരൂപത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി ചോദിച്ച് എഴുതുകയുണ്ടായെങ്കിലും ഇഎംഎസ് അത് നിഷേധിച്ചു. പൂന്താനത്തിന്റെ ഇല്ലത്ത് മൂവരും പങ്കെടുത്ത് നടന്ന ഒരു ആശയസംവാദം ഇഎംഎസിന്റെ പരാശ്രയത്വം വെളിപ്പെടുത്തുകയുണ്ടായി. പൂന്താനത്തെക്കുറിച്ച് ഇഎംഎസ് അവതരിപ്പിച്ച പ്രബന്ധത്തെ നിശിതമായാണ് പി.പരമേശ്വരന് വിമര്‍ശിച്ചത്. സ്വാഭാവികമായി ഇതിന് മറുപടി പറയാന്‍ നിയോഗിക്കപ്പെട്ടത് പി ജിയായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഇഎംഎസിനെ പ്രതിരോധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അവിടെ ഇഎംഎസ് തുറന്നുകാട്ടപ്പെട്ടു.
പാഠപുസ്തക മാര്‍ക്സിസത്തില്‍ മാത്രമായിരുന്നു ഇഎംഎസിന് പരിജ്ഞാനമെങ്കിലും കലാ-സാഹിത്യമുള്‍പ്പെടെ സകലവിജ്ഞാനവും തനിക്കുണ്ടെന്ന് വരുത്താനായിരുന്നു ശ്രമം. എന്തിനേറെ, അവസാനനാളുകളില്‍ ഇഎംഎസിന് ക്രിക്കറ്റിലും പിടിപാടുണ്ടെന്ന് കാണിക്കാന്‍ കൊച്ചുകുട്ടികളെ വിളിച്ചുകൂട്ടി അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അതേക്കുറിച്ച് വാര്‍ത്ത വരുത്തുകയുമുണ്ടായി. കലയിലും സാഹിത്യത്തിലുമൊക്കെ ഇഎംഎസിന്റെ അറിവ് ശുഷ്കമായിരുന്നു. അദ്ദേഹം ഒരു സാഹിത്യാസ്വാദകനേ അല്ലായിരുന്നു. ഇഎംഎസ് സാഹിത്യം വായിച്ചത് വിമര്‍ശിക്കാനായിരുന്നു. ഇതായിരുന്നില്ല പി ജി. കെ.ദാമോദരന്‍ ശേഷം മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം എന്തെന്ന് അറിയുകയും ഫലപ്രദമായി അവതരിപ്പിക്കുകയും വിമര്‍ശനങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്തയാളാണ് പി ജി. “മാര്‍ക്സിയന്‍ സൗന്ദര്യദര്‍ശനം: ഉത്ഭവവും വളര്‍ച്ചയും” എന്ന പി ജിയുടെ കൃതിയ്ക്കുമുന്നില് ഇഎംഎസിന്റെ സാഹിത്യ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയേതുമില്ല. ഇഎംഎസിന്റെ ചങ്ങമ്പുഴ വിമര്‍ശനം തെറ്റാണെന്ന് പി ജി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും ‘ഇഎംഎസും മലയാള സാഹിത്യവും’ എന്നൊരു കൃതി പി ജി എഴുതുകയുണ്ടായി. ആത്മകഥ എഴുതാന്‍പോലും വിമുഖനായിരുന്ന വ്യക്തി ഇഎംഎസിന്റെ ജീവചരിത്രവും എഴുതി. ഇത് സവിശേഷമായ ഒരു വൈകാരിക ബന്ധമായിരുന്നു.
ഇഎംഎസ് എന്ന വ്യക്തിത്വത്തോട് വളരെ ഉദാരമായ ഒരു സമീപനമാണ് പി ജി സ്വീകരിച്ചത്. ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റായ ആന്റോണിയോ ഗ്രാംഷിയെക്കുറിച്ച് ഇഎംഎസുമായി ചേര്‍ന്ന് എഴുതിയ പുസ്തകം ഇതിന് തെളിവാണ്. ഒരിയ്ക്കല്‍ ഗ്രാംഷിയെക്കുറിച്ച് ആരോ പറഞ്ഞുകേട്ടപ്പോള്‍ അങ്ങനെയൊരാളോ എന്ന് ആശ്ചര്യം പ്രകടിപ്പിച്ചയാളാണത്രെ ഇഎംഎസ്. ഇതേ ഇഎംഎസാണ് ഗ്രാംഷിയുടെ മലയാളി വായനക്കാര്‍ക്കായി പുസ്തകം തയ്യാറാക്കിയത്! വാസ്തവത്തില്‍ ഈ പുസ്തകം തയ്യാറാക്കിയത് പി ജിയാണെന്നാണ് കേട്ടിട്ടുള്ളത്.
ഒരു മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായി ഇഎംഎസിനെ പി ജി അംഗീകരിച്ചിരുന്നു എന്ന് പറയാനാവില്ല. പ്രസ്ഥാനത്തെ നയിക്കാന്‍ കഴിയാത്ത ഉള്ക്കാഴ്ചയില്ലാത്തയാളായിരുന്നു ഇഎംഎസ് എന്ന വിമര്‍ശനവും പാര്‍ട്ടിയിലെ എണ്ണപ്പെട്ട ചിന്തകരേയും ബുദ്ധിജീവികളേയും ഇഎംഎസ് പുകച്ചു പുറത്തു ചാടിച്ചു, അവരെല്ലാം സിപിഐയില്‍ ചേക്കേറി എന്ന കുറ്റപ്പെടുത്തലും പി ജി നടത്തിയിട്ടുണ്ട്. ‘ഭാഷാപോഷിണി’ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഏറെ വിവാദമായ ഈ വെളിപ്പെടുത്തല്‍. ഇതിന്റെ പേരില്‍ പാര്‍ട്ടിയുടെ ആവര്‍ത്തിച്ചുള്ള അച്ചടക്ക നടപടിക്ക് വിധേയനായെങ്കിലും മരിയ്ക്കുന്നതുവരെ ഈ വിമര്‍ശനം തിരുത്താന്‍ പി ജി തയ്യാറായില്ല. ടിയാനന്മെന് സ്ക്വയറില്‍ സ്വാതന്ത്ര്യത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ കലാപത്തെ ചൈനീസ് ഭരണകൂടം സൈനികമായി നേരിട്ടതിനെ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വിമര്‍ശിക്കുകയുണ്ടായെങ്കിലും പിന്നീട് പി ജി അത് തിരുത്തി. എന്നാല്‍ ഇഎംഎസിനെതിരായ തന്റെ വിമര്‍ശനത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു വീണ്ടുവിചാരമുണ്ടായില്ല.
മാര്‍ക്സിസത്തെ ആഴത്തിലറിഞ്ഞ പി ജിയില്‍നിന്ന് മൗലിക കൃതികള്‍ ഉണ്ടായിട്ടില്ലെന്നും ഇതിന് കാരണം പാര്‍ട്ടിയുടെ ചട്ടക്കൂട് ഭേദിക്കാന്‍ കഴിയാത്തതാണെന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ പി ജിക്കുണ്ടായിരുന്ന വിപുലമായ അറിവും ഉള്‍ക്കാഴ്ചയും പരിഗണിക്കുമ്പോള്‍ ഈ വിമര്‍ശനം പ്രസക്തവുമാണ്. ജോര്‍ജ് ലുക്കാച്ച് മുതല്‍ ടെറി ഈഗിള്‍ട്ടണ്‍ വരെയുള്ള നവ മാക്സിസ്റ്റുകളുടെ ചിന്താ പദ്ധതികളെ അടുത്തറിയാനും പി ജിക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസത്തിന്റെ അജയ്യത ഉയര്‍ത്തിപ്പിക്കുന്ന വരിഷ്ട രചനകള്‍ പി ജിയില്‍നിന്ന് ഉണ്ടായില്ല. ഇതിന് പകരം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളായി നമുക്ക് ലഭിച്ചത് “ചാള്‍സ് ഡാര്വിന്: ജീവിതവും കാലവും”, “വൈജ്ഞാനികവിപ്ലവം: ഒരു സാംസ്ക്കാരികചരിത്രം” എന്നിവയാണ്.
ഇഎംഎസിനെപ്പോലെ മാര്‍ക്സിസത്തെ അന്ധവിശ്വാസമായി കൊണ്ടുനടന്നയാളായിരുന്നില്ല പി ജി. സൈദ്ധാന്തികനായിരിക്കുമ്പോള്തന്നെ അദ്ദേഹം ഒരു സത്യാന്വേഷകനുമായിരുന്നു. സത്യസായി ആശ്രമം സന്ദര്‍ശിക്കുകയും ശബരിമലയില്‍ പോവുകയും മാതാ അമൃതാന്ദമയീ ദേവിയെ കാണാന്‍ ആഗ്രഹിക്കുകയും ചെയ്ത പി ജിയുടെ മനസ്സ് മാര്ക്സിസത്തിനുമപ്പുറത്തേക്ക് സഞ്ചരിച്ചുവെന്നുവേണം കരുതാന്‍. ഒടുവിലായപ്പോള്‍ ഒരു തത്വചിന്ത എന്ന നിലയ്ക്ക് മാര്‍ക്സിസത്തെക്കുറിച്ച് അദ്ദേഹം കഴിയാവുന്നത്ര മൗനം പാലിക്കുകയും വിജ്ഞാനത്തിന്റെ മറ്റ് മേഖലകളില്‍ കൂടുതല്‍ താല്‍പ്പര്യത്തോടെ വ്യാപരിക്കുകയും ചെയ്തു. മാര്‍ക്സിസത്തിന് അന്യവും ഭാരതീയവുമായ ആത്മീയതയുടെ ഒരു തലത്തിലേക്ക് ജ്ഞാനത്തിന്റെ ജലാശയമായിരുന്ന പി ജിയുടെ മനസ്സ് പ്രവേശിച്ചുവെന്ന് വിലയിരുത്താം. കാലടി രാമകൃഷ്ണാശ്രമത്തില്‍ അന്തേവാസിയായിരിക്കെ സ്വാമി ആഗമാനന്ദ മനസ്സില്‍ നട്ട ഒരു വിത്ത് കാലമേറെ കഴിഞ്ഞ് മുളപൊട്ടിയതാവാം.
- മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: