കൊച്ചി: ഉല്‍പ്പാദന മേഖലയെ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകില്ലെന്ന് ക്ഷീരവികസനമന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. മില്‍മയുടെ ഇടപ്പള്ളി പ്ലാന്റില്‍ മാര്‍ക്കറ്റിങ് ഹബ്, ബോയിലര്‍ ഹൗസ്, ഇടിപി എന്നിവയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പന്ത്രണ്ടാം പദ്ധതിയില്‍ കേരളം പാല് ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടത്. ഇന്ന് ജോലിക്കു വേണ്ടി ജോലി നല്കുന്ന സ്ഥിതിയാണുള്ളത്. ഉല്‍പ്പാദനമേഖലയില്‍ കൂടുതല്‍ വികസനത്തിന് കേന്ദ്രത്തിന്റെ സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആസൂത്രണകമ്മീഷന് ഉപാധ്യക്ഷന്‍ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പില്‍ ക്ഷീരമേഖലയെ ഉള്‍പ്പെടുത്താനാകുമെന്നാണ് വിശ്വാസം. മില്‍മയിലെ ജീവനക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തൃത്താല പഞ്ചായത്തുകള്‍ ക്ഷീരമേഖലയില്‍ കൂടുതല്‍ വികസനത്തിന് ഫണ്ട് നീക്കിവയ്ക്കുന്ന അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതല്‍ മാറ്റമുണ്ടാക്കാന്‍ ഏവരുടെയും കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മില്‍മ ചെയര്മാന് എം.ടി.ജയന് അധ്യക്ഷത വഹിച്ചു. കെസിഎംഎംഎഫ് ചെയര്മാന് പി.ടി.ഗോപാലക്കുറുപ്പ് ഡോ. വി.കുര്യന് അനുസ്മരണം നടത്തി. കളമശേരി നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന്, കെസിഎംഎംഎഫ് മാനേജിങ് ഡയറക്ടര്‍ പി.കെ. പഥക്, എറണാകുളം മില്‍മ എംഡി ബി.സുശീല്‍ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ബാലന്‍മാസ്റ്റര്‍ സ്വാഗതവും സി.പി.ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: