ധര്‍മ്മശാസ്താവിന്റെ ഇഷ്ടനിവേദ്യവും തീര്‍ത്ഥാടകര്‍ക്ക് ഇഷ്ടപ്പെട്ട പ്രസാദവുമാണ് ശബരിമലയിലെ അപ്പവും അരവണയും. മലചവിട്ടുന്ന ഏതൊരാളും ഇവ രണ്ടുമില്ലാതെ മലയിറങ്ങാറില്ല. സന്നിധാനത്തിലെത്തി അയ്യപ്പസ്വാമിയെ വണങ്ങുന്ന അതേ വികാരത്തിലാണ് ശബരിമല പ്രസാദം വാങ്ങുന്നതും കഴിക്കുന്നതും. അതിനാണ് ഇപ്പോള്‍ ഭംഗം വന്നിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ആക്ഷേപവും പരാതിയുമാണ് അപ്പത്തെക്കുറിച്ചും അരവണയെക്കുറിച്ചും ഉയരുന്നത്. അതിന്റെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയത് ഈ വര്‍ഷമാണ്. പൂപ്പല്‍ബാധിച്ച അപ്പമാണ് ശബരിമലയില്‍ ക്യൂനിന്ന് ഭക്തര്‍ക്ക് വാങ്ങേണ്ടിവന്നത്. പരാതിപ്പെടാന്‍ തയ്യാറായതുകൊണ്ടുമാത്രമാണ് അപ്പം പരിശോധിക്കാനും ലക്ഷക്കണക്കിന് പാക്കറ്റുകള്‍ നശിപ്പിക്കാനും ഇടയായത്. ഇല്ലായിരുന്നെങ്കില്‍ ഭക്തര്‍ കബളിപ്പിക്കപ്പെടുമായിരുന്നു എന്നുറപ്പായി. ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. കോന്നി സിഎഫ്ആര്‍ഡി ലാബിലെ പരിശോധനയില്‍ പൂപ്പല്‍ബാധ കരള്‍രോഗം, വയറിളക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കുമെന്ന് കണ്ടെത്തിയിരുന്നു.?മരണത്തിനുവരെ ഇത് വഴിവച്ചേക്കാമെന്നും അഭിപ്രായമുണ്ട്. ആലുവ പടിഞ്ഞാറെ കടുനല്ലൂര്‍ കീഴ്പ്പള്ളിപറമ്പ് ജയനും സംഘവും പരാതിപ്പെട്ടതിനെ തുടര്‍ന്നാണു ദേവസ്വം ബോര്‍ഡ് പരിശോധന നടത്തിയത്. പൂപ്പല്‍ ബാധിച്ചതായി പരിശോധനയില്‍ കണ്ടതിനെ തുടര്‍ന്നാണു വില്‍പ്പനയ്ക്ക് ഒരുക്കിയ മുഴുവന്‍ പാക്കറ്റുകളും നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. നട തുറക്കുന്നതിനു മുമ്പേ ഉണ്ടാക്കിയ ഉണ്ണിയപ്പത്തിലാണു പൂപ്പല്‍ കണ്ടത്. എന്നിട്ടും അവ വിറ്റ് കാശാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൂപ്പല്ബാധിച്ചവ നശിപ്പിക്കുന്നതിന് പകരം നല്ലതിനോടൊപ്പം കൂട്ടിക്കലര്‍ത്തി പാക്കറ്റുകളില്‍ നിറച്ചാണ് വില്‍പ്പനയ്ക്ക് ഒരുക്കിയിരുന്നത്.
ഒരു പാക്കറ്റില്‍ ഒന്നും രണ്ടും വീതമാണു പൂപ്പല്‍ ബാധിച്ചവ നിറച്ചിരുന്നത്. ഇവ പാക്കറ്റോടെ നശിപ്പിക്കേണ്ടിവന്നു. നശിപ്പിച്ചതില്‍ 60% ഉണ്ണിയപ്പവും നല്ലതായിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അധികൃതരുടെ അത്യാഗ്രഹമാണ് ചീത്തയോടൊപ്പം നല്ല ഉണ്ണിയപ്പവും കത്തിച്ചുകളയുന്ന സാഹചര്യമുണ്ടാക്കിയത്. കത്തിച്ചുകളഞ്ഞ അപ്പത്തിന് അരക്കോടിയിലധികം രൂപ വിലയുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരില്‍ ഉണ്ടായ കുറവാണ് കരുതല്‍ശേഖരമായി സൂക്ഷിച്ച അപ്പം പൂപ്പല്‍ ബാധിക്കാന്‍ കാരണമെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകണം. അതേസമയം, അപ്പത്തിലെ കൂട്ടില്‍ ചേര്‍ക്കുന്ന സാധനങ്ങളുടെ കൃത്യത ഇല്ലായ്മയാണ് പ്രശ്നമായതെന്ന് പറയുന്നു. കൂട്ടിലെ പഴത്തിന്റെ അളവ് കൂടിപ്പോയതാണ് പൂപ്പല്‍ ബാധയ്ക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ അപ്പത്തിന്റെ ഗുണനിലവാരത്തെപ്പറ്റി ആക്ഷേപം ഉയര്‍ന്നിരുന്നു. ശബരിമല നട തുറന്ന് ആദ്യനാള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ലഭിച്ച അപ്പത്തിലും പൂപ്പല്‍ബാധ കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ടവര്‍ അത് ഗൗരവത്തിലെടുത്തില്ല. ഈവര്‍ഷം സീസണ് ആരംഭിച്ച് ഇത് മൂന്നാം തവണയാണ് അപ്പത്തെപ്പറ്റി തീര്‍ത്ഥാടകര്‍ പരാതി ഉന്നയിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് രണ്ടരലക്ഷത്തോളം ഉണ്ണി അപ്പ പായ്ക്കറ്റുകള്‍ കൂട്ടത്തോടെ കത്തിച്ചുകളഞ്ഞത്. അപ്പം, അരവണ കൗണ്ടറില്‍ നിന്നും ട്രാക്ടറില്‍ കയറ്റി പാണ്ടിത്താവളത്തുള്ള ഇന്സിനറേറ്ററിലാണ് കത്തിച്ചത്. അതിനിടെ, ഏതാനും തൊഴിലാളികള്‍ അപ്പം, അരവണ എന്നിവയോട് കാണിക്കേണ്ട ആദരവ് പ്രകടിപ്പിക്കാത്തതും പ്രശ്നമായി. ഇവ ട്രാക്ടറില്‍ ചവിട്ടിക്കയറ്റിയതും തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിന് ഇടയാക്കി. അപ്പം വിതരണത്തിലെ കാലതാമസം പരാതിയ്ക്കിട വരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അപ്പം വിതരണത്തില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഒരാള്‍ക്ക് രണ്ട് പാക്കറ്റ് അപ്പം വീതമാണ് നല്‍കുന്നത്. അതിനിടെ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചിലര്‍ക്ക് 12ഉം 20ഉം പായ്ക്കറ്റ് വീതം അപ്പം വിതരണം ചെയ്തത് ബഹളത്തിനിടയാക്കി. മുന്‍വര്‍ഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ അപ്പം, അരവണ എന്നിവ വന്‍തോതില്‍ കരുതലായി ശേഖരിച്ചിരുന്നു. എന്നാല്‍, തീര്‍ത്ഥാടകരുടെ വരവിലുണ്ടായ ഇടിവ് ശബരിമലയിലെ ആകെ വരുമാനത്തെയും അപ്പം, അരവണ വില്‍പ്പനയെയും സാരമായി ബാധിച്ചതായി പറയുന്നു. വര്‍ഷംതോറും വര്‍ധിച്ചുവരുന്ന തീര്‍ത്ഥാടകരുടെ ബാഹുല്യം സംസ്ഥാനത്തിന്റെ സമസ്ത മേഖലയിലും പുതിയ ഉണര്‍വും നേട്ടവുമാണ് ഉണ്ടാക്കുന്നത്. അതനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നില്ല. ഈ വര്‍ഷം മാസങ്ങളോളം ദേവസ്വംബോര്ഡില്ലാതായതും ഒരുകാരണമാണ്. ഏതായാലും പരാതിയും പരിഭവവുമില്ലാത്ത ഒരു തീര്‍ത്ഥാടന കാലമുണ്ടാകണമെന്ന തീര്‍ത്ഥാടകരുടെ ആഗ്രഹം സഫലീകരിക്കാന്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ശ്രദ്ധിക്കുന്നില്ല. അവര്‍ക്കെല്ലാം സ്വാര്‍ത്ഥ താല്പര്യങ്ങള് വച്ചുള്ള നടപടി ക്രമങ്ങളിലല്ലാതെ ഭക്തജനകോടികളുടെ ദുഃഖത്തിലും ദുരിതത്തിലും ഒരു ഉത്കണ്ഠയുമില്ല. രണ്ടുദിവസം മുമ്പ് ഉണ്ടായ മഴ ശബരിമല യാത്ര ക്ലേശകരമാക്കി. പാര്‍ക്കിംഗ് ആണെങ്കില്‍ എല്ലാം അവതാളത്തിലുമായി. വാഹനപാര്‍ക്കിംഗിന് ഒരുക്കിയ സ്ഥലങ്ങളെല്ലാം പുഞ്ചപ്പാടംപോലെയായി. മുന്‍കൂട്ടി കാര്യങ്ങള്‍ ഒരുക്കാനും പ്രവര്‍ത്തികള്‍ തീര്‍ക്കാനും തയ്യാറാകാത്തതുതന്നെ കാരണം. തീര്‍ത്ഥാടകരുടെ വരവില്‍ കുറവുണ്ടായെങ്കില്‍ അതിന് കാരണം ഈ അപര്യാപ്തതകളാണ്. അത് പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നേട്ടത്തിന്റേതല്ല നഷ്ടത്തിന്റെ കണക്കേ നിരത്താന്‍ കാണൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: