ന്യൂദല്‍ഹി: കോണ്‍ഗ്രസിന് ഇന്ന് ‘ആം ആദ്മി’ നഷ്ടമായതായി അഴിമതി വിരുദ്ധ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് പറഞ്ഞു. കേജ്രിവാളിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ‘ആം ആദ്മി പാര്‍ട്ടി’ എന്ന് പേരിട്ടതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ‘ആം ആദ്മി’ പ്രയോഗം കാലങ്ങളായി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് സാധാരണക്കാരുടെ പിന്തുണ നഷ്ടമായിക്കഴിഞ്ഞുവെന്ന് കേജ്രിവാള് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
കോണ്‍ഗ്രസിന് സാധാരണക്കാരെ നഷ്ടമായെന്നും കോണ്‍ഗ്രസ് ഇന്ന് വധേരയ്ക്കും കല്മാഡിയ്ക്കുമൊപ്പമാണെന്നും കേജ്രിവാള് പറഞ്ഞു. തിങ്കളാഴ്ച ജന്തര്‍മന്തറില്‍ നടക്കുന്ന പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിലേയ്ക്ക് എല്ലാ ജനങ്ങളേയും ക്ഷണിക്കുന്നതായും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
1885 മുതല്‍ ‘ആം ആദ്മി’ കോണ്‍ഗ്രസിന്റെ പര്യായമാണെന്നും കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലുള്ള സഹജമായ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേജ്രിവാള്.
ഇരുപത്തിമൂന്ന് അംഗങ്ങളുള്ള ദേശീയ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്ത യോഗത്തിലാണ് പാര്‍ട്ടിയുടെ പേര് നിശ്ചയിച്ചത്. പാര്‍ട്ടിക്ക് ഹൈക്കമാന്റ് ഉണ്ടായിരിക്കില്ലെന്നും കേജ്രിവാള് വ്യക്തമാക്കിയിരുന്നു. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുമായി ചേര്‍ന്നാണ് കേജ്രിവാള് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെത്തുടര്‍ന്ന് ഇരുവരും വഴിപിരിയുകയായിരുന്നു. ഹസാരെയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ജന്തര്‍മന്ദറില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: