കീറോ: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നടപടികള്‍ നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പരമോന്നത കോടതിയുടെ വിമര്‍ശനം. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ ജുഡീഷ്യറിക്ക് അതീതമാണെന്നും ഭരണഘടനാ അസംബ്ലിയും പാര്‍ലമെന്റിന്റെ ഉപരിസഭയും പിരിച്ചുവിടാന്‍ പാടില്ലെന്നുമുള്ള ഉത്തരവിനെയാണ് കോടതി വിമര്‍ശിച്ചത്. രാജ്യത്തെ സ്വതന്ത്ര നിയമവ്യവസ്ഥയ്ക്ക് നേരെ മുന്‍പ് ഒരിക്കലും ഇല്ലാത്ത ആക്രമണമാണ് മുര്‍സിയുടെ ഉത്തരവ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിക്കുംവരെ അലക്സാന്‍ഡ്രിയയിലെ ജഡ്ജിമാര്‍ സമരത്തിന് ആഹ്വാന ചെയ്തു.
മുര്‍സിയെ പുതിയ ഫറവോയെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം അദ്ദേഹത്തെ വിപ്ലവത്തിലൂടെ പുറത്താക്കാന്‍ ആഹ്വാനം ചെയ്ത് തെരുവിലിറങ്ങിക്കൊണ്ടിരിക്കുകയാണ്. കീറോയിലും അലക്സാന്‍ഡ്രിയയിലും പോര്‍ട്ട് സെയ്ദിലും കഴിഞ്ഞദിവസം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. വിപ്ലവം സംരക്ഷിക്കാനെന്ന പേരിലാണ് മുര്‍സി കൂടുതല്‍ അധികാരങ്ങള്‍ കവര്‍ന്നെടുത്തത്. പുതിയ പാര്‍ലമെന്റും ഭരണഘടനയും നിലവില്‍ വരുന്നതുവരെ പ്രസിഡന്റിന്റെ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുവാനോ അപ്പീല്‍ നല്‍കാനോ അനുവദനീയമല്ല എന്ന ഭേദഗതിയായിരുന്നു മുര്‍സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഭേദഗതിയോടുകൂടിയ ഭരണഘടന ഡിസംബര്‍ ആദ്യം അവതരിപ്പിക്കാനിരിക്കെയാണ് മുര്‍സിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്.
രണ്ട് വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിലാണ് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ ഭരണത്തില്‍നിന്നും താഴെയിറക്കിയത്. പുതിയ വിപ്ലവത്തിലൂടെ മുര്‍സിയെ താഴെയിറക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് ഈജിപ്തില്‍ എവിടെയും പ്രതിഷേധക്കാര്‍ അണിനിരക്കുകയാണ്. അടുത്ത ആറുമാസത്തിനിടക്ക് മാത്രമേ പുതിയ ഭരണഘടനയുടെ പൂര്‍ണരൂപം പ്രാബല്യത്തില്‍ വരൂ. അതുവരെ പ്രസിഡന്റിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്നാണ് മുര്‍സിയുടെ പ്രഖ്യാപനം. മുസ്ലീം ബ്രദര്‍ഹുഡിന്റെ ഓഫീസിനുനേരെയും ഇന്നലെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.
മുര്‍സിയുടെ ഭരണഘടനാ പ്രഖ്യാപനത്തിനെതിരെ അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാ പ്രഖ്യാപനത്തെ യുഎസ് ആശങ്ക അറിയിച്ചു. ജുഡീഷ്യറിയെ അടിച്ചമര്‍ത്തിക്കൊണ്ട് കൂടുതല്‍ അധികാരം കയ്യാളാനുള്ള ശ്രമമാണ് മുര്സിയുടേതെന്ന് യുഎസ് പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുര്‍സി രംഗത്തെത്തിയെങ്കിലും വിപ്ലവകരമായ ഈജിപ്ത് അപകടകരമായിരിക്കുമെന്ന് മുര്‍സി ആശങ്ക അറിയിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് മുര്‍സിയടക്കമുള്ള ലോക നേതാക്കള്‍ ഇടപെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈജിപ്തില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. മുര്‍സി രാജിവെയ്ക്കണമെന്ന മുദ്രാവാക്യമാണ് കീറോയിലും അലക്സാന്‍ഡ്രിയയിലും കേള്‍ക്കുന്നത്. രണ്ടുദിവസമായി തുടരുന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറ് പേര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: