പൊന്‍കുന്നം: ശബരിമല പാതയില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം മുടങ്ങി. ഇതോടെ പാത അപകടഭീഷണിയിലുമായി. ഏറെ വാഹനതിരക്കനുഭവപ്പെടുന്ന പൊന്‍കുന്നം-കെവിഎംഎസ് എരുമേലി റോഡിലെയാണ് സംരക്ഷണഭിത്തി നിര്‍മ്മാണം നിലച്ചത്.
ചിറക്കടവ് ഗ്യാസ് ഗോഡൗണിന് സമീപമുള്ള വനഭൂവിലാണ് സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നിത്യവും ഇവിടെ അപകടമുണ്ടാകുന്ന സ്ഥലമാണിത്. പുറമ്പോക്ക് നിര്‍ണ്ണയത്തിലെ അനിശ്ചിതത്വമാണ് സംരക്ഷണഭിത്തി നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങാന്‍ കാരണമെന്ന് പറയുന്നു.
ഇവിടെ സ്ഥലമുള്ള വ്യക്തിക്ക് പുറമ്പോക്ക് ലഭിക്കത്തക്കവിധം ഭൂമി ഒഴിവാക്കിയിട്ടുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണമെന്ന ആരോപണം ശക്തമാണ്. ചിറക്കടവ് ഈസ്റ്റ് രശ്മിഭവനില്‍ പി.എസ്.സുശീലന്‍പിള്ള താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ട് സെന്റോളം പുറമ്പോക്ക് ഒഴിവാക്കിയാണ് നിലവിലുള്ള ഭിത്തി നിര്‍മ്മാണമെന്ന് റീസര്‍വ്വേ രേഖകളും വില്ലേജില്‍ നിന്നുള്ള വസ്തുമാപ്പും തെളിവായി നല്‍കിയാണ് പരാതി നല്‍കിയത്. പിന്നീട് ജില്ലാ സര്‍വ്വേ വിഭാഗം അളവെടുപ്പ് നടത്തി ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നറിയുന്നു. പുറമ്പോക്കില്ലെന്നും ഉണ്ടെന്നും തെളിയിക്കപ്പെട്ടാലും നിലവില്‍ കയ്യേറിയ ഭാഗം പൊളിക്കേണ്ടതായി വരും. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഉടനെയൊന്നും സംരക്ഷണഭിത്തി നിര്‍മ്മാണം നടക്കാന്‍ സാധ്യതയില്ല. എന്തായാലും ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന പാതയുടെ വികസനമാണ് മുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: