കോട്ടയം: ശബരിമല തീര്‍ത്ഥാടകരോടുള്ള റെയില്‍വേയുടെ അവഗണന കോട്ടയത്ത് തുടരുന്നു. പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യംപോലും നിഷേധിച്ചാണ് റെയില്‍വേ അയ്യപ്പഭക്തരെ ദ്രോഹിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചശേഷം ദിനംപ്രതി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്മാര്ഗ്ഗം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. രണ്ടും മൂന്നും ദിവസം യാത്രചെയ്ത് പുലര്കാലങ്ങളില് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന തീര്‍ത്ഥാടകരാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇടംകാണാതെ വിഷമിക്കുന്നത്. നിലവില്‍ വിരലില്‍ എണ്ണാവുന്ന ലാട്രിനുകള്‍ മാത്രമാണ് ഇവിടെ ഉള്ളത്. പുലര്കാലങ്ങളിലെ ട്രെയിനുകളില്‍ വന്നിറങ്ങുന്ന നൂറുകണക്കിന് അയ്യപ്പഭക്തര്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ കുഴങ്ങുകയാണ്. ഭക്തര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും മറ്റുമായി നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കാനുള്ള പണികള്‍ ആരംഭിച്ചെങ്കിലും ഇതിനനുവദിച്ച പണം തിരിച്ചടയ്ക്കാന്‍ റെയില്‍വേ ഉത്തരവിട്ടതോടെ പണികള്‍ പാതിവഴിയില്‍ നിലച്ചു. പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിലവിലുള്ള സൗകര്യങ്ങളും പൊളിച്ചുമാറ്റിയതില്പ്പെടുന്നു.
ഇതിനുപുറമേ റെയില്‍വേസ്റ്റേഷനില്‍ പ്രാഥമിക ശുശ്രൂഷാസൗകര്യവും ലഭ്യമല്ല. അന്യസംസ്ഥാനങ്ങളില്‍നിന്നും ട്രെയിന്മാര്ഗ്ഗം എത്തുന്ന ഭക്തര്‍ രോഗബാധിതരായി റെയില്‍വേസ്റ്റേഷനില്‍ കുഴഞ്ഞുവീഴുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ആംബുലന്‍സ് സര്‍വ്വീസ് പോലും ഇവിടെ ലഭ്യമല്ല.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരും ജില്ലാ ഭരണകൂടവും നിസ്സംഗത പുലര്‍ത്തുകയാണ്. ശബരിമല തീര്‍ത്ഥാടനക്കാലത്ത് കോടിക്കണക്കിന് രൂപയാണ് റെയില്‍വേയ്ക്ക് വരുമാനം. അന്യസംസ്ഥാനത്തുനിന്നുമെത്തുന്ന അയ്യപ്പഭക്തര്‍ എരുമേലിയിലെത്തി പേട്ട കെട്ടിയശേഷമാണ് സന്നിധാനത്തേക്ക് പോകുന്നത്. ഇക്കൂട്ടര്‍ ഏറെയും കോട്ടയം റെയില്വേസ്റ്റേഷനിലെത്തിയാണ് എരുമേലിയിലേക്ക് പുറപ്പെടുന്നത്. റെയില്‍വേസ്റ്റേഷനില്‍നിന്നും ഇവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് കെഎസ്ആര്‍ടിസിയ്ക്കും മതിയായ സംവിധാനം ഇക്കുറി റെയില്‍വേ ഒരുക്കിയിട്ടില്ല. അയ്യപ്പഭക്തരോട് റെയില്‍വേ കാട്ടുന്ന അവഗണനയില്‍ സ്ഥലം എംപിയ്ക്കും മിണ്ടാട്ടമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: