അതീവ രഹസ്യമായി നടത്തിയ ‘എക്സ്’ ഓപ്പറേഷനിലൂടെ കൊടും ഭീകരന് അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ നടപ്പാക്കുകവഴി ഭീകരതയ്ക്കെതിരേ ഇന്ത്യ ശക്തമായ ഒരു സന്ദേശമാണ് ലോകത്തിന് നല്‍കിയിട്ടുള്ളത്. ഭീകരര്‍ക്കെതിരേ നടപടി ആവശ്യമായി വരുമ്പോള്‍ കൈവിറയ്ക്കുന്നവരാണിപ്പോള്‍ രാജ്യം ഭരിക്കുന്നത്. രാഷ്ട്രീയ തിമിരത്താല്‍ കണ്ണുമഞ്ഞളിച്ചുപോവുകവഴി ഭീകരവാദ പ്രശ്നത്തില്‍ പലപ്പോഴും അപഭ്രംശം സംഭവിക്കുന്നവരാണ് വര്‍ത്തമാന ഭരണകര്‍ത്താക്കള്‍. പാര്‍ലമെന്റ് ആക്രമണകേസ്സില്‍ പരമോന്നത നീതിപീഠം വധശിക്ഷ സ്ഥിരപ്പെടുത്തിയിട്ടും അഫ്സല്ഗുരുവിനെ തൂക്കിക്കൊല്ലാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണകൂടത്തിന് ഇതുവരെയും ഇച്ഛാശക്തിയുണ്ടായില്ല.
ഭികരപ്രശ്നത്തില് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രേരിതമായ ഒഴിഞ്ഞുമാറലും മൃദുസമീപനവും നീതിയുടെ നടത്തിപ്പിന് കനത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായ കസബിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായെങ്കിലും ഇപ്പോഴത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെന്ന പൊതുതത്വമുണ്ടെങ്കിലും ഇവിടെ വൈകിവന്ന നീതി ഇന്ത്യന്‍ പട്ടാളത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും ആവേശവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയിരിക്കയാണ്.
ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ ഭാരതീയ ജനതാപാര്‍ട്ടി കസബിനെ തൂക്കികൊന്ന ധീരമായ നടപടിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തിരിക്കയാണ്. ഭികരതയോട് ബന്ധപ്പെട്ടും; മുംബൈ ആക്രമണത്തില്‍ കാട്ടിയ കൃത്യവിലോപത്തിന്റെയും വീഴ്ചയുടെയുംപേരിലും കോണ്‍ഗ്രസ്സ് ഭരണകൂടം പ്രതികൂട്ടിലാണുള്ളത്. ഇതെല്ലാം ഉയര്‍ത്തികാട്ടി രാഷ്ട്രീയമായി ഭരണകൂടത്തെ പഴിക്കാന്‍ കസബ് വധം ബി.ജെ.പി. ഉപയോഗിക്കുന്നില്ല. രാജ്യം ഒന്നാമത്തേതും രാഷ്ട്രീയം രണ്ടാമത്തേതുമെന്ന് കരുതുന്ന ദേശസ്നേഹികളുടെ പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ മറ്റൊരു നിഷേധാത്മക നിലപാട് സ്വീകരിക്കാനാവില്ല. ഭീകരരെ നേരിടേണ്ടകാര്യത്തില് കക്ഷിരാഷ്ട്രീയവും ജാതിമത ചിന്തകളും മാറ്റിവെച്ച് രാഷ്ട്രം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നതാണ് ബി.ജെ.പി.യുടെ സുചിന്തിതമായ അഭിപ്രായം. ഭീകരരായ കുറ്റവാളികളോട് ശഠനോട് ശാഠ്യമെന്ന നിലപാട് സ്വീകരിക്കുന്നതിന്റെ ആദ്യപടിയായി കസബ് സംഭവത്തെ കരുതേണ്ടതുണ്ട്.
അഫ്സല്‍ഗുരു ഉള്‍പ്പെടെ ഭീകര പ്രവര്‍ത്തനത്തിന്റെപേരില്‍ ശിക്ഷിക്കപ്പെട്ട നിരവധി രാജ്യദ്രോഹികളോട് കോണ്‍ഗ്രസ്സ് ഭരണകൂടം അയഞ്ഞ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട ഭീകരവാദകേസ്സുകള്ക്ക് തുമ്പുണ്ടാക്കുന്നതില്പോലും യു.പി.എ. ഭരണകൂടം കുറ്റകരമായ അലംഭാവം കാട്ടിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുമായി അക്രമവും സ്ഫോടനങ്ങളും അരങ്ങേറുമ്പോള്‍ അവയ്ക്ക് അറുതിവരുത്താന്‍ ഫലപ്രദമായ സംവിധാനങ്ങളോ നിയമക്രമങ്ങളോ ശരിയാംവിധം ഇല്ലാത്ത നാടാണ് ഇന്ത്യ. അമേരിക്കയിലെ ലോകവ്യാപാര സമുച്ചയ തകര്‍ച്ചയ്ക്കുശേഷം ലോകമെമ്പാടും ഭീകരരെ നേരിടാന്‍ പ്രത്യേക കര്‍ശന നിയമങ്ങള്‍ മിക്ക രാജ്യങ്ങളും പാസ്സാക്കി നടപ്പില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലുണ്ടായിരുന്ന പോട്ട നിയമംപോലും പിന്‍വലിച്ച് ഭീകരര്‍ക്ക് വളക്കൂറുള്ളമണ്ണായി ഇന്ത്യയെ മന്മോഹന് ഭരണകൂടം മാറ്റുകയാണുണ്ടായത്. ചുരുക്കത്തില്‍ ഇന്ത്യ വിനാശകരമായ ഭീകരാക്രമണത്തിന് ഇരയാകേണ്ടിവന്നതില് ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും കെടുകാര്യസ്ഥതയും രാഷ്ട്രീയലക്ഷ്യംവെച്ചുള്ള മൃദുസമീപനങ്ങളും കാരണമായിട്ടുണ്ട്.
2008 നവംബര്‍ 26 ന് 10 പാകിസ്ഥാനി തോക്കുധാരികള്‍ മുംബൈയില്‍ അതിക്രമിച്ചു കടന്ന് തലങ്ങുംവിലങ്ങും വെടിയുതിര്‍ത്ത് രാജ്യത്തെ 72 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തുകയും 166 പേരെ കൊന്നൊടുക്കുകയും ചെയ്തതാണ് 26/11 സംഭവം എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ കൈവെള്ളയിലെടുത്ത് പാകിസ്ഥാനി ഭീകരര്‍ക്ക് 3 ദിവസം അമ്മാനമാടാനായത് രാജ്യത്തിന് തികച്ചും അപമാനകരമായിരുന്നു. ഇന്ത്യ ഭീകരരുടെ പിടിയില്‍നിന്നും മോചിതമല്ലെന്ന സന്ദേശമാണ് അത് ലോകത്തിന് നല്‍കിയത്. ഇന്ത്യയെ തകര്‍ക്കാന്‍ ഇറങ്ങിപുറപ്പെട്ട മുസ്ലീം ഭീകരര്‍ രാജ്യം സുരക്ഷിതമല്ലെന്ന അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതുവഴി ടൂറിസത്തിനും ബിസിനസ്സ് മേഖലയ്ക്കുംമറ്റും കനത്ത ആഘാതമാണുണ്ടായത്. കടല്‍മാര്‍ഗം ഭീകരര്‍ക്ക് യഥേഷ്ടം ഇങ്ങോട്ട് കടന്നുവരാനും തേര്‍വാഴ്ച നടത്താനും സാധിച്ചത് നാടിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരുന്നു. ഇന്നും മുംബൈയിലുള്‍പ്പെടെ കടല്‍ത്തീരങ്ങള്‍ സുരക്ഷിതമല്ല. രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ആശങ്കയിലും അസ്വസ്ഥതയിലും ആഴ്ത്തിയ മുംബൈ സംഭവത്തിന് കസബിന്റെ വധശിക്ഷ നടപ്പാക്കല്വഴി നല്കിയ പുത്തന്‍ സന്ദേശം നമ്മുടെ സൈനികരുടെ ആത്മവിശ്വാസവുംമറ്റും വാനോളമുയര്ത്തിയേക്കാം.
മതം ചാവേര്‍ സംസ്കാരത്തിന് പ്രേരണയാവുകയും മസ്തിഷ്ക്കപ്രക്ഷാളനംവഴി യുവാക്കളെ വഴിതെറ്റിച്ച് ബലിക്കല്ലില്‍ വീഴ്ത്തി തകര്‍ക്കുകയും ചെയ്യുന്നു. മതപണ്ഡിതന്മാരും നേതൃത്വങ്ങളും കാട്ടുന്ന കുറ്റകരമായ മൗനത്തിന്റെയോ പ്രേരണാകുറ്റത്തിന്റെയോ ഒടുവിലത്തെ ബലിയാടാണ് കസബ്. ക്രിമിനല്‍ പശ്ചാത്തലത്തിലെത്തിയ പതിനഞ്ചു വയസ്സുകാരനെ കൊടുംഭീകരനാക്കി ദൈവത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ലേബല്‍ ചാര്‍ത്തി കൊലയ്ക്കു കൊടുത്തവര്‍ മതത്തിന്റെ മേലങ്കിയണിഞ്ഞ പാകിസ്ഥാനിലെ മതപണ്ഡിതന്മാര്തന്നെയാണ്. പരിശീലന കേന്ദ്രത്തില്‍ ആയുധ പരിശീലനത്തോടൊപ്പം മതാദ്ധ്യാപനം വഴി കസബിനെ “വിശുദ്ധ പോരാട്ടത്തിലെ ജിഹാദി” യാക്കിയവര്‍ അവിടത്തെ ഇസ്ലാം മതപണ്ഡിതന്മാര് തന്നെയാണ്. വധശിക്ഷ അറിഞ്ഞശേഷം കസബ് അന്തിമവാക്കായി മൊഴിഞ്ഞത് “തെറ്റുപറ്റിപ്പോയി അല്ലാഹു എന്നോടു പൊറുക്കണമേ” എന്നായിരുന്നു. സമാധാനത്തിനുവേണ്ടി സ്നേഹവും നന്മയും ഉപദേശിക്കേണ്ട മതനേതൃത്വം ഭ്രാന്തന് ആശയങ്ങള്‍ തള്ളിക്കയറ്റി ഒരു ബാലനെ എങ്ങനെ ലോകവിപത്ത് വാരിവിതറുന്ന ചാവേറാക്കി സമൂഹത്തിനും തനിക്കുതന്നെയും നാശകാരിയാകാമെന്ന മുന്നറിയിപ്പ് കസബിന്റെ കഥ നമ്മോടുപറയുന്നു.
കസബിന് നിയമം അനുശാസിക്കുന്ന ഉചിതമായി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ നമ്മുടെ നിയമാധിഷ്ഠിത നീതി വിജയിച്ചിരിക്കുന്നു. കൊടുംകുറ്റവാളിയായിട്ടും ജയിലിലും കോടതിമുറിയിലും നിയമവാഴ്ചയുടെ അടിസ്ഥാന സൗകര്യങ്ങള്‍ അയാള്‍ക്ക് ലഭിച്ചു. കേസ്സില്‍ തന്റെഭാഗം പ്രതിരോധമേര്‍പ്പെടുത്തി വാദത്തിനവകാശം ലഭിച്ചു. ഇതെല്ലാമായിരിക്കാം തെറ്റ്പ്പറ്റി എന്ന അന്ത്യമൊഴി തൂക്കുമരത്തിന്റെ തണലില്‍വെച്ച് പറയാന്‍ അയാളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ലോക ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളായ ലഷ്കര്‍ ഈ തോയിബ, അല്‍ഖ്വയിദ തുടങ്ങി നിരവധി സംഘടനകള്‍ക്ക് ഉന്നമാക്കി തകര്‍ക്കാനുള്ള ‘ടാര്‍ജറ്റാണ്’ ഇന്ത്യ. നമ്മുടെ നാടിന്റെ പൂര്‍ണ്ണ തകര്ച്ചയാണവര്ക്കാവശ്യം.
ഇതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാജ്യത്തിനെതിരായ യുദ്ധമായിട്ടാണ് നാം കാണേണ്ടതായിട്ടുള്ളത്. യുദ്ധത്തില്‍ നിയമങ്ങളും മനുഷ്യാവകാശങ്ങളുമൊന്നുമല്ല വേണ്ടത്. മറിച്ച് ജയമാണ് കരണീയം. ഭീകരന്മാരെ നേരിടേണ്ട പ്രശ്നത്തില്‍ മനുഷ്യാവകാശത്തിന്റെ മര്‍മ്മങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുന്നവര്‍ രാജ്യതാല്പര്യങ്ങളുടെ നെഞ്ചിലാണ് തങ്ങളുടെ കത്തി കുത്തിക്കയറ്റുന്നത്. ഭീകരവാദത്തിലേക്ക് തങ്ങളുടെ ചെറുപ്പക്കാര്‍ ആകര്ഷിക്കപ്പെടാതിരിക്കത്തക്കവിധം ബോധവല്‍ക്കരണം നടത്തേണ്ട ചുമതല മതനേതൃത്വങ്ങള്‍ക്കുണ്ട്. പാകിസ്ഥാന്റെ മൂന്നില്‍ ഒരു ഭാഗം താലിബാന്റെയും ഗോത്രവര്ഗമേലാളന്മാരുടെയും പിടിയിലായി പാക് ഭരണകൂടത്തെ വിറപ്പിക്കുന്നത് മതം ഭീകരനേതാക്കള്‍ ‘ഹൈജാക്ക്’ ചെയ്തതുകൊണ്ടാണ്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ദേശീയതയുടെ മാനബിന്ദുക്കള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സംയോജിപ്പിക്കാന്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ശ്രമിച്ചപ്പോല്‍ അവരെ ഹിന്ദു വര്‍ഗീയവാദികളാക്കി എതിരാളികള്‍ മുദ്രകുത്തുകയാണുണ്ടായത്. ന്യൂനപക്ഷ രാഷ്ട്രീയവും പ്രത്യേക അവകാശങ്ങളും മതാധിഷ്ഠിത പ്രത്യേക തിരഞ്ഞെടുപ്പു മണ്ഡലങ്ങളും, ദ്വിരാഷ്ട്രവാദവുമൊക്കെ ഹിന്ദു വര്‍ഗീയ കോണ്‍ഗ്രസ്സിനെതിരേ മുസ്ലീംലീഗും കമ്യൂണിസ്റ്റുകളും ഉയര്‍ത്തിക്കാട്ടി അന്ന് പ്രവര്‍ത്തിച്ചു. ഫലം രാഷ്ട്രവിഭജനവും കൊടിയ ദുരന്തങ്ങളുമായിരുന്നു. പക്ഷേ വിഭജനത്തെ തുടര്‍ന്ന് മതരാഷ്ട്രസ്വര്ഗം തേടി അവിടേക്കുപോയ മുസ്ലീങ്ങള്‍ വരത്തന്മാരായി ‘മൊഹാജീര്‍ മുസ്ലീങ്ങളും’ ‘ബിഹാരി മുസ്ലീങ്ങളു’മെന്ന നിലയില്‍ വേട്ടയാടപ്പെട്ടു. അവര്‍ക്ക് തുല്യപൗരത്വം ലഭിച്ചില്ല. മതമല്ല സംസ്കാരാധിഷ്ഠിത ദേശീയതയായ ഹിന്ദുത്വമാണ് രാഷ്ട്രത്തിനടിസ്ഥാനമെന്ന സത്യം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ രാഷ്ട്ര വിഭജനമുണ്ടാവുമായിരുന്നില്ല. ജാതിക്കും മതത്തിനും പ്രാദേശികതയ്ക്കുമുപരി ഭാരതീയത ഉയര്‍ത്തിക്കാട്ടി ഭീകരതയ്ക്കെതിരേ രാഷ്ട്രം ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കാഹളം കൊടുംഭീകരനായ കസബിന്റെ ശിക്ഷ നടപ്പാക്കല്‍ വഴി വിളിച്ചോതുന്നു.
>> അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: