ജെയിനെവ: ആഭ്യന്തര യുദ്ധം അഭയാര്‍ത്ഥികളാക്കിയ സിറിയക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവെന്ന് ഐക്യരാഷ്ട്ര സഭാ (യുഎന്‍) ഏജന്‍സികള്‍.
കഴിഞ്ഞ സപ്തംബര്‍ മുതല്‍ അയല്‍ രാജ്യങ്ങളില്‍ അഭയം തേടുന്ന സിറിയക്കാരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി വിഭാഗത്തിന്റെ (യുഎന്‍എച്ച്സിആര്‍)കണക്കുകളനുസരിച്ച് നാല് ലക്ഷത്തിലധികം സിറയക്കാരാണ് അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. എന്നാല്‍ സിറിയയില്‍ നിന്നുള്ള കൂട്ടപ്പലായനത്തിന്റെ യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലാണെന്ന് യുഎന്‍ വക്താക്കള്‍ തന്നെ പറയുന്നു.
അഭയാര്‍ത്ഥികളായ മൂന്ന് ലക്ഷത്തിലധികം സിറിയക്കാര്‍ക്ക് വിവിധ യുഎന്‍ ഏജന്‍സികള്‍ സഹായം എത്തിക്കുന്നുണ്ട്. അഞ്ച് ലക്ഷംജനങ്ങളിലേക്ക്കൂടി സഹായം വ്യാപിപ്പിക്കാനാണ് യുഎന്‍ അഭയാര്‍ത്ഥി വിഭാഗം ലക്ഷ്യമിടുന്നത്. ശീതകാലം ആരംഭിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
കുട്ടികള്‍ക്കുള്ള യുഎന്‍ ഏജന്‍സിയായ യുനിസെഫ് ശീതകാലത്തിന് മുന്നോടിയായി കുട്ടികള്‍ക്കുള്ള ഒരുലക്ഷം ബ്ലാങ്കറ്റുകള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ എത്തിക്കും. ഇതിനുപുറമേ സിറിയയിലും അയല്‍ രാജ്യങ്ങളിലുമായി 160,000 കുട്ടികള്‍ക്ക് ശീതകാല സഹായം എത്തിക്കും. രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കായുള്ള ആരോഗ്യരക്ഷാ മരുന്നുകളുടെ വിതരണത്തിന് തയ്യാറെടുക്കുകയാണ് യുഎന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: