കൊടുങ്ങല്ലൂര്‍ : സേവാഭാരതി സേവാസംഗമത്തിന് കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ പ്രൗഢ്വോജ്ജ്വല തുടക്കം. ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി രണ്ട് ദിവസത്തെ സേവാസംഗമത്തിന്റെ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സേവനം ചെയ്യുന്നത് ഈശ്വരോപാസന തന്നെയാണെന്നും ജഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ഈശ്വരനെ പൂജിക്കുന്നതിന് തുല്യമാണെന്നും തുടര്‍ന്ന് നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അഹങ്കാരവും ആഗ്രഹങ്ങളുമില്ലാതെ വ്യക്തമായ കാഴ്ചപ്പാടോടെ വേണം സേവനം ചെയ്യേണ്ടത്. ശുഭസങ്കല്പത്തോടെ വേണം പ്രവര്‍ത്തിക്കാന്‍. സേവാപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ദൗത്യമാണ്. ഇത് ഓര്‍മ്മിപ്പിക്കുന്നതിനാണ് സേവാസംഗമം ചേരുന്നത്. മഹാനദികളെപ്പോലെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആഴവും പരപ്പും ഉണ്ടാകണമെന്ന് സ്വാമി ഓര്‍മ്മിപ്പിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളന സഭയില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ശശീന്ദര്‍ സ്വാഗതം ആശംസിച്ചു.
രണ്ടര ദശാബ്ദക്കാലത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനത്തിലൂടെ വലിയ സാമൂഹ്യ പരിവര്‍ത്തനം സാദ്ധ്യമായതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന് പറഞ്ഞു. കര്‍ത്തവ്യ ബോധത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയും പ്രതിഫലേച്ഛകൂടാതെയുള്ള പ്രവര്‍ത്തനം ഇതുമായി ബന്ധപ്പെട്ടവരുടെ മനസ്ഥിതിക്കും അതുവഴി വ്യവസ്ഥിതിക്കും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സേവന പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ സേവാസംഗമം നാഴികക്കല്ലായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലരുടേയും ജന്മശതാബ്ദികള്‍ ആഘോഷങ്ങള്‍ക്കൊപ്പം വിസ്മൃതിയിലാകുമ്പോള്‍ ഡോക്ടര്‍ജി ജന്മശതാബ്ദിയോടനുബന്ധിച്ച് തുടക്കം കുറിച്ച സേവാഭാരതി ദരിദ്രര്‍ക്കും അശരണര്‍ക്കും ആശ്രയമായിക്കഴിഞ്ഞുവെന്ന് സേവാസന്ദേശം നല്കിയ സീമാജാഗരണ്‍ ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് പറഞ്ഞു. സമാജത്തിന് ഗുണകരമായ പാതവെട്ടിത്തുറക്കുന്നതിന് സേവാസംമഗം ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സേവനരംഗത്ത് മഹനീയ സാന്നിധ്യമായ ഡോ.എം.ലക്ഷ്മികുമാരിയെ പ്രാന്തസംഘചാലക് പിഇബി മേനോന് ആദരിച്ചു. ജീവിതം യജ്ഞമാകുമ്പോള് അമൃതകണങ്ങള്‍ ലഭിക്കുമെന്നും സേവാഭാരതി സേവാസംഗമത്തില്‍ ലഭിച്ച ആദരം അമൃതകുംഭമാണെന്നും തുടര്‍ന്ന് സംസാരിച്ച ഡോ.ലക്ഷ്മികുമാരി പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, പത്മശ്രീ പി.പരമേശ്വരന്റെ സന്ദേശം ഉദ്ഘാടന ചടങ്ങില്‍ വായിച്ചു. രാഷ്ട്രീയ സേവാഭാരതി ദേശീയ സെക്രട്ടറി ഋഷിപാല്ജി ദേശീയ സംയോജക് സുന്ദര്‍ ലക്ഷ്മണ്, അഖിലഭാരതീയ സഹസേവാപ്രമുഖ് അജിത് മഹാപാത്ര എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജോ.കണ്‍വീനര്‍ എ.പി.ഭരത്കുമാര്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് വിവിധ സഭാഗൃഹങ്ങളില് നടന്ന ശ്രേണീബൈഠക്കുകളില് ഋഷിപാല്ജി, സുന്ദര്ലക്ഷ്മണ്, കെ.നന്ദകുമാര്‍, കെ.പത്മകുമാര്‍, പി.എന്‍.ഈശ്വരന്, പി.ആര്.ശശിധരന്, ഗോപാലന്‍കുട്ടിമാസ്റ്റര്‍, സ്ഥാണുമാലയന്‍ജി, എ.ആര്.മോഹനന്, ജെ.നന്ദകുമാര്‍, ആര്.സഞ്ജയന് എന്നിവര്‍ ക്ലാസെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് സേവാസംഗമത്തിന് സമാപനമാകും. സമാപനസമ്മേളനം സ്വാമി ഗരുഢധ്വജാനന്ദ ഉച്ചക്ക് 1.30 ന് നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.കെ.ബല്‍റാം അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന് മുഖ്യപ്രഭാഷണം നടത്തും. പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, ഗോപാലന്‍കുട്ടിമാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും. കെ.എസ്.പത്മനാഭന് സ്വാഗതം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: