കോട്ടയം: പാതയോരങ്ങളില്‍ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യുന്ന സിപിഎമ്മിന്റെ അഗ്നിശൃംഖല സമരരീതി വിവാദമാകുന്നു.
വ്രതശുദ്ധിയോടെ ദേവിപ്രീതിയ്ക്കായി ഭക്തലക്ഷങ്ങള്‍ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന്റെ സമാനരൂപത്തിലാണ് പാചകവാതകത്തിന് വിലവര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന സിപിഎമ്മിന്റെ പുതിയ സമരമുറ. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷമാണ് ദേവീപ്രീതിയ്ക്കായി ഭക്തര്‍ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നത്. ആറ്റുകാലിലും ചക്കുളത്തുകാവിലുമടക്കം നൂറുകണക്കിന് ദേവീക്ഷേത്രങ്ങളിലാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിക്കുന്നത്. ക്ഷേത്രസങ്കേതങ്ങളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ പാതയോരങ്ങളിലും അടുപ്പുകൂട്ടി ഭക്തര്‍ പൊങ്കാലനിവേദ്യം തയ്യാറാക്കുന്നു. ഇതിന്റെ സമാനരൂപമാണ് സിപിഎമ്മിന്റെ ഡിസംബര്‍ ഒന്നിലെ അഗ്നിശൃംഖല സമരം വിഭാവനം ചെയ്തിരിക്കുന്നത്.
പൊങ്കാലനിവേദ്യം വ്രതശുദ്ധിയോടെ ദേവീമന്ത്രസ്തുതികളോടെ തയ്യാറാക്കുമ്പോള്‍ മത്സ്യ മാംസവിഭവങ്ങള്‍ അടക്കം പാതയോരത്ത് അടുപ്പുകൂട്ടി തയ്യാറാക്കാനാണ് സമരക്കാര്‍ക്ക് സിപിഎം നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഭക്തര്‍ വളരെ പവിത്രമായികാണുന്ന പൊങ്കാലസമര്പ്പണത്തെ വികലമായി ചിത്രീകരിക്കാന്‍ ഇത്തരം സമരമാര്‍ഗ്ഗങ്ങള്‍ ഇടയാകുമെന്നും ഭക്തര്ക്കഭിപ്രായമുണ്ട്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും അവ സമരമാര്‍ഗ്ഗമായി കാണുകയും ചെയ്യുന്നത് ഭക്തജനവികാരത്തെ വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.
മറ്റ് മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ പ്രതിഷേധസമരമാര്ഗ്ഗമായി പുരോഗമനക്കാര്‍ കാണുന്നില്ല. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും അവസരം ഒക്കുമ്പോഴൊക്കെ വികലമായി പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലും ഭക്തര്‍ക്ക് ആശങ്കയുണ്ട്.
അത്യധികം ഭക്തിഭാവത്തോടെ ഭക്തര്‍ ഈശ്വരപ്രീതിക്കായി അനുഷ്ഠിക്കുന്ന പൊങ്കാലയും ശയനപ്രദക്ഷിണവുമടക്കം ഉള്ള അനുഷ്ഠാനങ്ങള്‍ കേവലം പ്രതിഷേധസമരമാര്ഗ്ഗമായി മാറ്റുന്നതിലും അമര്‍ഷം ശക്തമാണ്.
>> കെ. ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: