പുഴയുടെ അനര്‍ഗള പ്രവാഹം… കുഞ്ഞലകള്‍ കല്ലില്‍ത്തട്ടി ചിതറുമ്പോഴുണ്ടാകുന്ന അലയൊലികള്‍….
ആറ്റൂരിന്റെ വരികളെ ഇങ്ങനെ വിശേഷിപ്പിക്കാം. മഹാകവിക്കു മുന്നില്‍ മലയാളത്തിന്റെ മഹാപുരസ്കാരം എത്തിച്ചേരാന്‍ വൈകിയോ…?
ചോദ്യങ്ങളില്‍നിന്ന് തുടങ്ങാം.
ആറ്റൂരിന്റെ കവിതകളും ചോദ്യങ്ങളുന്നയിച്ചു കൊണ്ടിരിക്കുന്നു. ഒരു മൗനസംവാദം. വാക്കുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന മൗനമായിരുന്നു വാക്കുകളേക്കാള്‍ വാചാലമായിരുന്നത്, പ്രതികരണവും പ്രതിരോധവും തീര്‍ത്തിരുന്നത്. ഒരിക്കല്‍ ആറ്റൂര്‍ പറഞ്ഞു, യാത്രകളോട് എനിക്ക് അടക്കാനാവാത്ത പ്രിയമാണെന്ന്. യാത്രയുടെ സുഖത്തെക്കാളുപരി യാത്രകള്‍ക്കിടയില്‍ കാണുന്ന കാഴ്ചകള്‍ അതിന്റെ അനുഭവങ്ങള്‍… ഹൃദയത്തിലേക്കെടുക്കുന്ന കാഴ്ചകള്‍ക്കിടയില്‍ താനാണ് അതിലെ അനുഭവസ്ഥനെന്ന് സാക്ഷ്യപ്പെടുത്തുക… അവിടെ നിന്നാണത്രെ കവിതകളുടെ പിറവി നടക്കുന്നത്.
പുറംലോകത്തിന്റെ കെട്ടുകാഴ്ചകളില്‍ നാലുവരിയെഴുതിയതിന് കവിയുടെ പേരും പേറി അഹന്തയുടെ ഭാണ്ഡം തൂക്കി അക്കാദമി മുറ്റത്തും പൂരപ്പറമ്പുകളിലും ഇതര വേദികളിലും ആറ്റൂരെന്ന കവിയെ കണ്ടുകാണില്ല. തന്നിലെ തന്നെ തേടിയുള്ള യാത്രകള്‍…ദേശങ്ങളിലെ തന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും വേറിടാതെ കവിതകൊണ്ട് ശില്പ്പമൊരുക്കിയൊരാള്. പിറവികളില്‍ അപൂര്‍വമായി സംഭവിക്കാവുന്ന ഒന്ന്. അത് മലയാളത്തിന്റെ അഭിമാനമായ ആറ്റൂര്‍ രവിവര്‍മ്മയാണ്.
“സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങിനിന്നില്‍, സല്പുത്ര-
ന്മാരില് പൈതൃകമങ്ങനെ!”
ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹനായ, മലയാളകവിതക്ക് നവപാത വെട്ടിത്തുറന്ന ആറ്റൂര്രവിവര്മ്മക്ക് അദ്ദേഹം താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന പി.കുഞ്ഞിരാമന്‍നായരെ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയ കവിതാശകലങ്ങള്‍ക്ക് ഇപ്പോള്‍ അദ്ദേഹം തന്നെ യോഗ്യനായിരിക്കുന്നു. സഹ്യനേക്കാള്‍ ഉയര്‍ന്ന് മലയാള സാഹിത്യ രംഗത്തെ ഉത്തുംഗശൃംഗത്തിലെത്തിയിരിക്കുകയാണ് ധനുമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തില്‍ 82 തികയാന്‍ പോകുന്ന ആറ്റൂര്‍ രവിവര്‍മ്മ എന്ന കവിശ്രേഷ്ഠന്. ആറ്റൂരിന്റെ കവിതകള്‍ ആറ്റിക്കുറിച്ചതാണ്. ഇതില്‍നിന്നും ഒന്നും എടുത്തുമാറ്റേണ്ടതില്ല, ഒന്നും വെട്ടിക്കളയേണ്ടതില്ല. അത്രയ്ക്കേറെ കുറിക്കുകൊള്ളുന്നതാണ് എല്ലാം. വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയല്ല ആറ്റൂരിന്റേത്. എല്ലാം ശ്രദ്ധിച്ചുമാത്രം. കുറച്ചുമതി… അതു നന്നാവണം. ഇതാണ് ആറ്റൂരിന്റെ മതം. അതുകൊണ്ടുതന്നെ ആറ്റൂര്‍ എഴുതിയ കവിതകളെല്ലാം നാഴികക്കല്ലുകളായി നിറഞ്ഞുനില്ക്കുന്നു.
മനസ്സില്‍ തോന്നുന്നത് അപ്പോള്‍ത്തന്നെ എഴുതുന്ന സ്വഭാവം ആറ്റൂരിനില്ല. എല്ലാം മനസ്സില്‍ കൊണ്ടുനടക്കും. അതിന്റെ എല്ലാവശങ്ങളും പരിശോധിക്കും. ആ വാക്കുകളുടെ സ്വഭാവവും അത് ചെന്നെത്തുമ്പോഴുണ്ടാകുന്ന പ്രതിഫലനവുമെല്ലാം അതിലുണ്ടായിരിക്കും. ശ്രദ്ധിച്ചുമാത്രം എഴുതുക. അതിന് ഏറെ പ്രാധാന്യമുണ്ട്. ഇതാണ് ആറ്റൂര്‍ രവിവര്‍മ്മ മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.
ഷൊര്‍ണൂരിനടുത്ത് ആറ്റൂര്‍ എന്ന ഗ്രാമത്തിലാണ് രവിവര്‍മ്മയുടെ ജനനം. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ കവിതകളോട് പ്രത്യേക കമ്പം തോന്നി. അത് കുറിച്ചിടുക പതിവായി. എന്നാലും കവിത കാര്യമായെടുക്കാന്‍ അക്കാലത്ത് ശ്രദ്ധിച്ചിരുന്നില്ലെന്ന് ആറ്റൂര്‍ പറയുന്നു. പിന്നീട് കോളേജിലേക്ക് എത്തിയപ്പോഴാണ് കവിതയെ ഗൗരവത്തോടെയെടുത്തത്. അതും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയപ്പോള്‍. അവിടെ കവികളുടേയും സാഹിത്യകാരന്മാരുടേയും സങ്കേതം എന്നുതന്നെ പറയാം. അവിടെനിന്ന് തുടങ്ങി ഇവിടെ എത്തുമ്പോള്‍ നേരത്തെ പറഞ്ഞപോലെ വളരെ കുറച്ച് കവിതകള്‍ മാത്രം എഴുതി അത് മലയാളികളുടെ മനസ്സില്‍ തങ്ങിനിര്‍ത്താന്‍ രവിവര്‍മ്മക്ക് സാധിച്ചു. കോഴിക്കോട് പഠിക്കുമ്പോഴാണ് യുവശക്തി എന്ന പത്രത്തില്‍ തന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. വാര്‍ദ്ധക്യത്തിന്റെ അവശത അലട്ടുന്നതിനാല്‍ കവിതയുടെ പേരേതെന്ന് ഓര്‍മയില്ല. സത്യം പറഞ്ഞാല്‍ അവസാനം പ്രസിദ്ധീകരിച്ച കവിത ഏതാണെന്ന് പോലും അറിയില്ല. അസുഖം വല്ലാതെ അലട്ടുന്നുണ്ട്. പക്ഷെ വായന ഇതിനൊന്നും തടസ്സമാകുന്നില്ല. അതോടൊപ്പം താന്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവര്‍ത്തനത്തിലും. തമിഴിലെ കമ്പരാമായണം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയാണ് ഇപ്പോള്‍ ജോലി. കൂട്ടിന് സുഹൃത്തും കവിയുമായ മാധവന് അയ്യപ്പത്തുമുണ്ട്. ഒന്നും രണ്ടും വാള്യങ്ങള്‍ ഇതിനോടകം ചെയ്തുതീര്‍ത്തു. ഇനിയുമുണ്ട് ഏറെ. ഇതിന് പണി കൂടുതലാണ്. താന്‍ വിവര്‍ത്തനം ആരംഭിച്ചത് സര്‍ക്കാര്‍ ജോലിയില്‍നിന്നും വിരമിച്ച ശേഷമാണ് എന്ന പ്രത്യേകതയും കൂടിയുണ്ടെന്ന് രവിവര്‍മ്മ പറയുന്നു.
തന്റെ സമകാലികരുമായി തട്ടിച്ചുനോക്കിയാല്‍ അവരുടേതിനേക്കാള്‍ വളരെ കുറച്ചുമാത്രമെ ഞാന്‍ എഴുതിയിട്ടുള്ളു. ഇതിനോടകം എഴുതിയിട്ടുള്ളത് 150 കവിതകളും മൂന്ന് സമാഹാരങ്ങളും മാത്രം. എന്നിട്ടും മറ്റേതൊരു കവിയേക്കാളും ആറ്റൂരിനെ വേറിട്ട് നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ കവിതകളോടുള്ള സമീപനവും ശൈലിയും ഒന്നുമാത്രമാണ്. കാലം മാറുംതോറും കവിതകളുടെ ശൈലിക്ക് മാറ്റം വരും എന്നത് തത്വമാണെന്നും ആറ്റൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. പുതുതലമുറയിലും കഴിവുള്ളവര്‍ ഏറെയുണ്ട്. പലരും തനിക്ക് കവിതകള്‍ അയച്ചുതരാറുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ മാറ്റങ്ങളും അതിന്റെ മൂല്യങ്ങളും പ്രകടമാവാറുണ്ടെന്നും കോട്ടപ്പുറത്തെ രാഗമാലിക വീഥിയിലെ വീട്ടിലിരുന്ന് രവിവര്‍മ്മ പറയുന്നു.
കാവ്യരചനകളെപ്പറ്റി എനിക്ക് മാറിക്കൊണ്ടിരിക്കുന്ന ധാരണകളാണ് ഉണ്ടായിരുന്നത്. അശ്രദ്ധമായി ഞാന്‍ ഒന്നും എഴുതിയിട്ടില്ല. എന്റെ കവിത സ്വീകരിക്കുന്ന കുറച്ചുപേര്‍ എപ്പോഴും ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. ഇതാണ് പുരസ്കാരവേളയിലും ആറ്റൂരിന് പറയാനുള്ളത്. തകഴി, അക്കിത്തം അച്യുതന് നമ്പൂതിരി, കെ.പി.നാരായണപിഷാരോടി, പൊന്‍കുന്നം വര്‍ക്കി, സുകുമാര്‍ അഴിക്കോട്, ഒഎന്‍വി, എംടി തുടങ്ങി പ്രഗത്ഭര്‍ക്ക് ലഭിച്ച ഭാഷാപിതാവിന്റെ പുരസ്കാരം തനിക്കും ലഭിച്ചപ്പോള്‍ അധികം അതിശയോക്തിയുണ്ടായില്ലെങ്കിലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കവിതകളുടെ എണ്ണം കുറവാണെങ്കിലും അദ്ദേഹത്തെ തേടിയെത്തിയതാകട്ടെ നിരവധി വിലമതിക്കുന്ന പുരസ്കാരങ്ങളായിരുന്നു. 1997ല്‍ ആശാന് പ്രൈസ്, പിന്നെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവിതയ്ക്കും വിവര്‍ത്തനത്തിനുമുള്ള കേന്ദ്രസാഹിത്യ അക്കാദമിഅവാര്‍ഡ്, വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ,് പി.കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, പ്രേംജി അവാര്‍ഡ്, പി.കെ.ദാമോദരന്‍പോറ്റി അവാര്‍ഡ് എന്നിങ്ങനെ പോകുന്നു അതിന്റെ നിര.
1930 ഡിസംബര്‍ 27ന് തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ആറ്റൂര്‍ ഗ്രാമത്തില്‍ മടങ്ങര്‍ളി കൃഷ്ണന് നമ്പൂതിരിയുടേയും ആലുക്കല്‍ മഠത്തില്‍ അമ്മിണി അമ്മയുടേയും മകനായി ജനിച്ച ആറ്റൂര്‍ രവിവര്‍മ്മ ചെറുതുരുത്തി, ചേലക്കര, ഷൊര്‍ണൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. കോഴിക്കോട് സാമൂതിരി കോളേജ്, മലബാര്‍ കൃസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എന്നിവിടങ്ങളില്‍ ഉപരിപഠനവും നടത്തി. മദ്രാസ്, തലശ്ശേരി, പാലക്കാട്, പട്ടാമ്പി, തൃശൂര്‍ ഗവ.കോളേജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച് തൃശൂര്‍ ഗവ.കോളേജില്‍നിന്ന് വിരമിച്ചു.
ആറ്റൂര്മാഷിന് എഴുത്തച്ഛന് പുരസ്ക്കാരമെന്ന് കേട്ടതോടെ രാഗമാലികപുരം റസിഡന്‍ഷ്യല്‍ കോളനി നിവാസികള്ക്കത് അഭിമാന നിമിഷമായിരുന്നു. കഴിഞ്ഞ 26 വര്‍ഷത്തോളമായി ആറ്റൂര്‍ മാഷ് ഈ കോളനിയിലെ ശഹാന എന്ന വീട്ടിലെ താമസക്കാരനാണ്. തൃശൂരിലെ ഗവ.കോളേജില്‍നിന്ന് റിട്ടയര്‍ ചെയ്ത ശേഷം എഴുത്തിലേക്ക് പൂര്‍ണമായും മനസ്സര്‍പ്പിച്ച അദ്ദേഹം കഴിഞ്ഞ നാലഞ്ച് മാസമായി കാലിന് സുഖമില്ലാത്തതിനാല്‍ വീട്ടില്‍ വിശ്രമത്തിലാണ്. സാംസ്ക്കാരിക വകുപ്പ് മന്ത്രി രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് വിവരം പ്രഖ്യാപിച്ച ശേഷമാണ് രാഗമാലികപുരത്തെ വീട്ടിലേക്കെത്തിയത്. സാംസ്ക്കാരിക മന്ത്രിയെത്തുമ്പോഴേക്കും ടിവി ചാനലുകളില്‍ ഫ്ലാഷ് ന്യൂസായി എഴുത്തച്ഛന് പുരസ്ക്കാര വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ടിവി വയ്ക്കാത്തതുകൊണ്ട് ആറ്റൂര്‍ രവിവര്‍മ്മയും കുടുംബവും അത് കണ്ടില്ല. അപ്പോഴേക്കും സുഹൃത്തും കവിയുമായ കെജിഎസ് എന്ന പ്രൊഫ.കെ.ജി.ശങ്കരപ്പിള്ള ആ സന്തോഷകരമായ വാര്‍ത്ത ആറ്റൂര്‍ മാഷിന്റെ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. അടുത്ത നിമിഷംതന്നെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും ആദരവിന്റെ പൊന്നാടയുമായി സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫും കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറി ആര്.ഗോപാലകൃഷ്ണനും വീട്ടിലേക്കെത്തി. ആദരവോടെ അനേകം ശിഷ്യഗണങ്ങള്‍. സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലാതെ ഭാര്യ ശ്രീദേവി വര്‍മ്മയും മരുമകള്‍ ഡോ.ജാനകിയും. ശഹാനയില്‍ ആഹ്ലാദപ്പെരുമഴ തിമര്‍ത്തുപെയ്യുകയാണ്.
സത്യത്തില്‍ ഇത് ആറ്റൂര്‍ രവിവര്‍മ്മയ്ക്കുള്ള മലയാള സാഹിത്യത്തിന്റെ 82-ാം പിറന്നാള്‍ സമ്മാനമാണ്. ആധുനിക മലയാള കവിതയില്‍ ഏറ്റവും ശ്രദ്ധേയനാണ് ആറ്റൂര്‍ രവിവര്‍മ്മ. സ്വത്വാന്വേഷണവും പാരമ്പര്യ നിരാസവും നവപാത സഞ്ചാരവുമെല്ലാം ആറ്റൂര്‍ കവിതയിലെ വിശേഷങ്ങളാണ്.
>> കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: