സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷിക്കുന്നതിന് ദേശീയതലത്തില്‍ നടന്നുവരുന്ന സംരംഭങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം എറണാകുളത്ത് സംസ്ഥാനതല ആഘോഷസമിതി രൂപീകരിച്ച വാര്‍ത്തകള്‍ വായിച്ചു. കേരളത്തിലെ അതിപ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ സമിതിയുടെ പ്രവര്‍ത്തനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട് എന്നത് സന്തോഷകരമാണ്. വിവേകാനന്ദസ്വാമികള്‍ തന്നെ സമാരംഭിച്ച ശ്രീരാമകൃഷ്ണമിഷനാണ് സ്വാഭാവികമായും ആഘോഷങ്ങള്‍ക്ക് മുന്‍കൈ എടുത്തിട്ടുള്ളത്. രാഷ്ട്രീയ സ്വയംസേവക് സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും അത് സാര്‍വത്രികമായ വ്യാപ്തിയോടെ ജനകീയതലത്തില്‍ വിജയിപ്പിക്കാനുള്ള മാനവശേഷി നല്‍കുന്നതിന് മുന്നോട്ടുവരികയും ചെയ്യുന്നു.
അതിന്റെ ഭാഗമായി ധാരാളം ചെറുതും വലുതുമായ സാഹിത്യം പുറത്തിറക്കാനും പരിപാടിയുണ്ട്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സംഘത്തിന്റെ പ്രാന്തീയ പ്രചാര്‍ പ്രമുഖ് ശ്രീ.എം.ഗണേശന് വീട്ടില്‍ വന്ന് ഏകദേശം മുന്നൂറുപുറങ്ങള് വരുന്നതും മുതിര്‍ന്ന പ്രചാരകന് ശ്രീ സൂര്യനാരായണറാവു(സുരുജി) സമാഹരിച്ച് സംഗ്രഹിച്ച് ഇംഗ്ലീഷില്‍ തയ്യാറാക്കിയതുമായ വിവേകാനന്ദന്റെ ദര്‍ശനവും ആര്‍എസ്എസിന്റെ ദൗത്യവും എന്ന പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ചുമതലപ്പെടുത്തുകയുണ്ടായി.
അന്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് വിവേകാനന്ദ ശതാബ്ദി ആഘോഷങ്ങള്‍ക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളാണ് ആ അവസരത്തില്‍ ഓര്മ വന്നത്. അന്നത്തേയും ഇന്നത്തെയും സാഹചര്യങ്ങളും അന്തരീക്ഷവും തമ്മില്‍ വളരെ വ്യത്യാസം വന്നിരിക്കുന്നു. അക്കാലത്ത് ഈ ലേഖകന്‍ കണ്ണൂര്‍ ജില്ലാ പ്രചാരകനായിരുന്നു. കന്യാകുമാരിയിലെ കടലില്‍ വിവേകാനന്ദസ്വാമികള്‍ ധ്യാനനിഷ്ഠനായിരുന്ന ഇരട്ടപ്പാറമേല് ഒരു സ്മാരകം നിര്‍മിക്കണമെന്ന നിര്‍ദ്ദേശവും അന്നത്തെ ആഘോഷസമിതിക്കു മുന്നില്‍ ഉണ്ടായിരുന്നു. ഇതുസംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രാന്തപ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ കാര്യകര്ത്താക്കന്മാരുടെ ബൈഠക് നടത്തുകയും ഉദ്ദേശ്യങ്ങള്‍ വിശദമാക്കുകയും ചെയ്തു.
കന്യാകുമാരിയിലെ മത്സ്യബന്ധനരംഗത്തുള്ളവരെ മുഴുവന്‍തന്നെ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ മതംമാറ്റിക്കഴിഞ്ഞിരുന്നു. വിവേകാനന്ദപ്പാറ അവര്‍ വേലിയിറക്കസമയത്തു വലയുണക്കാനും മറ്റും ഉപയോഗിച്ചിരുന്നത്രെ. ഇരട്ടപ്പാറയില് ചെറുതിന്മേല് ദേവീപാദമുണ്ട്. കൈലാസത്തുനിന്നും ശ്രീപരമേശ്വരന് തന്നെ വിവാഹം ചെയ്യാന്‍ വരുന്നതിനായി കുമാരിദേവി ഒറ്റക്കാലില്‍ തപസ് ചെയ്ത സ്ഥാനമാണത് എന്നു വിശ്വസിക്കപ്പെട്ടു. കന്യാകുമാരി ക്ഷേത്രത്തില്‍നിന്നും തൃക്കാര്‍ത്തികനാളില്‍ പൂജാരിമാരെത്തി ദീപം തെളിയിക്കാറുണ്ടായിരുന്നുവെന്നും ചരിത്രമുണ്ട്. എന്നാല്‍ അവരെ പാറയിലേക്ക് കൊണ്ടുപോകാന്‍ ചുമതലപ്പെട്ട മുക്കുവര്‍ ക്രിസ്ത്യാനികളായതോടെ കാര്‍ത്തികദീപം തെളിയിക്കല്‍ ചടങ്ങുനിലച്ചു. തിരുവിതാംകൂറിലെ രാജാക്കന്മാര് ഈ മതപരിവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിസാഹായരായിരുന്നുവെന്നതാണ് ദുഃഖസത്യം. മതം മാറ്റത്തിനെതിരെയും ഉയര്‍ന്നജാതി ഹിന്ദുക്കളുടെ അവഗണനയ്ക്കും അയിത്തത്തിനും, മര്‍ദനത്തിനുമെതിരെ 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വൈകുണ്ഠനാഥരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ ഇതിന്റെ പശ്ചാത്തലത്തില്‍ വേണം കാണാന്‍. സ്വാമി വിവേകാനന്ദന് തികച്ചും നിസ്വനായിട്ടാണ് കന്യാകുമാരിയിലെത്തിയത്. അദ്ദേഹത്തെ പാറയിലെത്തിക്കാന് അവിടത്തെ തോണിക്കാര്‍ തയ്യാറായില്ല. അവര്‍ ആവശ്യപ്പെട്ട കൂലികൊടുക്കാന്‍ കൈവശമില്ലായിരുന്നുതാനും. അതിനാല്‍ പ്രക്ഷുബ്ധമായ കടല്‍ നീന്തിയാണ് അദ്ദേഹം പാറയിലെത്തിയത്. മൂന്നുദിവസം അവിടെ ധ്യാനനിമഗ്നനായിരിക്കെയാണ് സ്വാമിജിക്ക് തന്റെ വിശ്വദൗത്യത്തെക്കുറിച്ചു ബോധോദയമുണ്ടായതും സമുദ്രം നീന്തി ഇക്കരെയെത്തി യാത്ര തുടര്‍ന്നതും വിശ്വവിജയ പര്യടനം നടത്തിയും. അടിമത്തത്തില്‍ ആണ്ടുക്കിടന്ന ഭാരതജനതയുടെയും ഹിന്ദുസമാജത്തിന്റെയും നവോത്ഥാനഗാഥ അവിടെയാണാരംഭിച്ചത്. അതിന്റെ ഓര്‍മക്കായി പാറമേല്‍ എന്തെങ്കിലും സ്മാരകമായി നിര്‍മിക്കണമെന്ന് കന്യാകുമാരിയിലും, നാഗര്കോവിലുമുള്ള ചിലര്‍ക്ക് തോന്നുകയും ദത്താജിയുമായുള്ള സംഭാഷണത്തില്‍ അതിന് സംഘം മുന്‍കയ്യെടുക്കണമെന്ന ആശയം വരികയും ചെയ്തു. ശ്രീ ഗുരുജിയുടെ മുന്നില്‍ പ്രശ്നം എത്തിയപ്പോള്‍, അന്ന് സര് കാര്യവാഹ് ചുമതല പൂര്‍ത്തിയാക്കിയ ശ്രീ ഏകനാഥ് റാനഡയേ അദ്ദേഹം ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചു. ഏകനാഥജിയാകട്ടെ കല്‍ക്കത്തയിലെ ബേലൂര്മഠത്തിലെത്തി പ്രസിഡന്റ് സ്വാമി വീരേശ്വരാനന്ദയുടെ അനുഗ്രഹം നേടുകയും സ്വാമി വിവേകാനന്ദനെ സംബന്ധിച്ച സാഹിത്യം മുഴുവനും വായിച്ച് ‘ഹിന്ദുരാഷ്ട്രത്തോടുള്ള സ്വാമി വിവേകാനന്ദന്റെ ഉണര്‍ത്ത് ആഹ്വാനം’ എന്ന ഒരു ലഘുഗ്രന്ഥം തയ്യാറാക്കുകയും ചെയ്തു. ഉത്തിഷ്ഠഭാരത എന്ന പേരില്‍ അത് മലയാളത്തിലും ലഭ്യമാക്കി.
ശ്രീരാമകൃഷ്ണ മഠമാകട്ടെ വിവേകാനന്ദന്റെ വാങ്മയം മുഴുവന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതിനുള്ള വിപുലമായ പരിപാടി തയ്യാറാക്കി. മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരെ അതിന് നിയോഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സഹായധനത്തോടെ അതിമനോഹരമായി ആ പുസ്തക സമുച്ചയം അച്ചടിച്ച് നിസാരവിലയ്ക്ക് (എട്ടു വാല്യങ്ങള്‍ക്ക് 50രൂപയില്‍ താഴെ) അതുപുറത്തിറക്കി. കുട്ടികൃഷ്ണമാരാരുടെ പാണ്ഡിത്യാഭിമാനത്തിന്റെ ദോഷദൃഷ്ടി മുഴുവന്‍മാറി തികഞ്ഞ സാത്വിക വീക്ഷണം വരാന്‍ ആ മഹാഗ്രന്ഥത്തിന്റെ പ്രൂഫ് വായനമൂലം സാധ്യമായി എന്നദ്ദേഹം തന്നെ സമ്മതിച്ചിച്ചിട്ടുണ്ട്.
ബഹുജനാഘോഷം സംഘടിപ്പിക്കേണ്ട ചുമതലക്ക് സംഘംതന്നെയാണ് മുന്‍കൈ എടുത്തത്. അതിന് ധനസമാഹരണത്തിന് വന്‍തുകകള്‍ പിരിക്കേണ്ട എന്നായിരുന്നു തീരുമാനം. കന്യാകുമാരിയിലെ സ്മാരക നിര്‍മാണാവസരത്തില്‍ അതുവേണ്ടിവരുമെന്നതായിരുന്നു കാരണം. വിവേകാനന്ദ സ്റ്റാമ്പുകള്‍ വിറ്റഴിച്ച് ആ പണംകൊണ്ട് ആഘോഷപരിപാടികള്‍ നടത്തണമെന്ന് നിര്‍ദ്ദേശം ലഭിച്ചു. 10പൈസ വിലയുള്ള 100 സ്റ്റാമ്പുകളടങ്ങിയ ഷീറ്റുമായി സ്വയംസേവകര്‍ പണശേഖരണം നടത്തി.
കമ്മ്യൂണിസ്റ്റ് ഭരണത്തകര്ച്ചക്കുശേഷം വന്ന കോണ്‍ഗ്രസ് ലീഗ്- പിഎസ്പി സഖ്യഭരണക്കാലമായിരുന്നു. രാഷ്ട്രീയ സ്പിരിട്ട് രൂക്ഷമായ അന്തരീക്ഷത്തില്‍ വിവേകാനന്ദനെപ്പറ്റി ചിന്തിക്കാന്‍തന്നെ കണ്ണൂരിലെ പ്രമുഖര്‍ തയ്യാറായിരുന്നില്ല. ഏകനാഥജി തയ്യാറാക്കിയ ഇംഗ്ലീഷ് പുസ്തകവും ഉത്തിഷ്ഠ ഭാരത എന്ന മലയാളപുസ്തകവുമായി പലരെയും സമീപിച്ചു. രണ്ടുരൂപ വിലക്ക് അതുവാങ്ങുവാന്‍ തന്നെ പലരുംമടിച്ചു. സാഹിത്യകാരനും കണ്ണൂരില്‍ അഭിഭാഷകനുമായിരുന്ന ടി.പത്മനാഭന് താന്‍ ആര്എസ്എസിനെതിരാണെങ്കിലും ഈ സംരംഭത്തിനിറങ്ങിയതില് അഭിനന്ദിച്ചുകൊണ്ട് രണ്ടും ഓരോ കോപ്പിവാങ്ങി. അതേസമയം സുകുമാര്‍ അഴീക്കോട് താന്‍ വിവേകാനന്ദ സാഹിത്യം മുഴുവന്‍ ഇംഗ്ലീഷില്‍ത്തന്നെ വായിച്ചിട്ടുണ്ടെന്നും ഇനി ആര്‍എസ്എസ് തയ്യാറാക്കിയ ഈ സെലക്ഷന് വായിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞുമടക്കി. അദ്ദേഹം എസ്.കെ. പൊറ്റക്കാടിനെതിരെ ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ വോട്ടുചോദിച്ച് കണ്ണൂരിലെ കാര്യാലയത്തില്‍ വന്നതും മറ്റും ആ അവസരത്തില്‍ ഓര്‍മിപ്പിച്ചു. അദ്ദേഹത്തെ ശുണ്ഠിപിടിപ്പിക്കാനേ അതു സഹായിച്ചുള്ളൂ.
പൊതുസമ്മേളനത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂള്‍ അങ്കണം ഉപയോഗിക്കാന്‍ ഹെഡ്മാസ്റ്റര് ടി.പി.രാഘവമേനോന്‍ സസന്തോഷം അനുവദിച്ചു. വേദി അലങ്കരിക്കുന്നതിനും ഗേറ്റില്‍ കമാനമുണ്ടാക്കുന്നതിനും മറ്റും സ്കൂളിലെ സാമഗ്രികള്‍ അദ്ദേഹം വിട്ടുതന്നു. ഭംഗിയായി പോസ്റ്റര്‍ എഴുതുന്ന സി.ലക്ഷ്മണന് എന്ന സ്വയംസേവകന് ആ കാര്യങ്ങള്‍ കലാമര്മജ്ഞതയൊടെ ചെയ്തു മുംബൈയിലെ വസയീ എന്ന സ്ഥലത്ത് കുടുംബസഹിതം താമസിക്കുന്ന അദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഓണാഘോഷങ്ങള്ക്കിടയ്ക്ക് ഹരിയേട്ടനോടൊപ്പം പോയിക്കണ്ട് ആതിഥ്യം സ്വീകരിക്കാന്‍ അവസരമുണ്ടായി. മുംബയ് വിഭാഗ് കാര്യാലയത്തിലെ അന്തേവാസിയായിരുന്ന അദ്ദേഹം. അടിയന്തരാവസ്ഥയിലെ പോലീസ് റെയ്ഡില്‍ നിന്ന് ഭാഗ്യംകൊണ്ട് പിടിയിലാവാതെ രക്ഷപ്പെട്ടത് വിവരിച്ചുതന്നു.
ആലക്കോട്ട് രാജാ എന്നറിയപ്പെട്ടിരുന്ന പൂഞ്ഞാര്‍ വലിയതമ്പുരാന്‍ പി.ആര്.രാമവര്‍മരാജാ ആയിരുന്നു യോഗത്തില്‍ മുഖ്യപ്രഭാഷകന്‍. നല്ലൊരു സദസ് എത്തിയിരുന്നു. അവര്‍ക്കിടയില്‍ മുണ്ഡിതശിരസ്കനായി കാവിയുടുത്ത ഒരു സന്യാസി ഇരിക്കുന്നതുകണ്ട് അദ്ദേഹത്തെ വേദിയിലേയ്ക്ക് ആനയിച്ച് ഇരുത്തി. അടുത്തദിവസംവരെ സമൃദ്ധമായ കറുത്ത കേശമീശാദികളുണ്ടായിരുന്ന നിത്യചൈതന്യയതി ഗുരുനാഥന്റെ സമാധിയെത്തുടര്‍ന്ന് മുണ്ഡനം ചെയ്ത് എത്തിയതായിരുന്നുവെന്ന് അടുത്തെത്തിയപ്പോഴേ അറിഞ്ഞുള്ളൂ. വിവേകാനന്ദ ശതാബ്ദിയാഘോഷം അവിടെനടക്കുന്ന വിവരം യാദൃച്ഛികമായി അറിഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കാതിരിക്കുന്നതു കടുത്തകൃത്യവിലോപമാവുമെന്നു കരുതിയാണ് എത്തിയത് എന്നുതുടങ്ങി വിവേകാനന്ദസ്വാമി ആധുനിക ഭാരതത്തിന്റെയും ലോകത്തിന്റെയും കാഴ്ചപ്പാടില്‍ വരുത്തിയ മാറ്റത്തെപ്പറ്റി അദ്ദേഹം ഗംഭീരമായി സംസാരിച്ചു. അടുത്തദിവസം തന്നെ തലശ്ശേരി ബ്രണ്ണന്‍ ഹൈസ്കുളില് പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹം സമ്മതിച്ചു.
തളിപ്പറമ്പിലെ പരിപാടിയില്‍ രാമവര്‍മ രാജായും ഭക്തകവിതിലകം ടി.സുബ്രഹ്മണ്യന് തിരുമുമ്പുമാണ് പ്രസംഗിച്ചത്. വിവേകാനന്ദസാഹിത്യ സര്‍വസ്വത്തില്‍ ചേര്‍ക്കാനായി വിവേകാനന്ദന്റെ കവിതകളില്‍ പലതും മലയാളത്തിലാക്കിയത് അദ്ദേഹമായിരുന്നുവെന്ന് അന്ന് മനസിലായി. സൃഷ്ടിസൂക്തം അടക്കമുള്ള ചില കവിതകള്‍ അദ്ദേഹം പ്രസംഗത്തിനിടെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. കണ്ണപുരത്തിനടുത്ത് ചെറുകുന്ന് സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അവിടത്തെ ഒരു മാസ്റ്റര്‍ അതിമനോഹരവും കവിതാമയവും ആവേശകരവുമായ ഒരു പ്രസംഗം ചെയ്തു.
കേരളത്തിലെങ്ങും വലിയ പരിപാടികള്‍ നടന്നിരുന്നു. കെ.പി.എസ്.മേനോന്, മന്നത്ത് പത്മനാഭന്, ദീനദയാല്‍ജി തുടങ്ങിയവര്‍ ഓരോ സ്ഥലങ്ങളില്‍ സംസാരിച്ചു. മന്നത്ത് പത്മനാഭന് പിന്നീട് വിവേകാനന്ദ ശിലാസ്മാരകസമിതിയുടെ ദേശീയാധ്യക്ഷ സ്ഥാനം വഹിച്ചു. ചെന്നൈയിലെ മറീന കടപ്പുറത്ത് ചേര്‍ന്ന ആഘോഷപരിപാടിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും മലയാളത്തില്‍ ഗംഭീരമായി പ്രസംഗിക്കുകയും ചെയ്തു. ശ്രീ ഗുരുജിയും ചിന്മയാന്ദസ്വാമികളുമായിരുന്നു അവിടത്തെ പ്രഭാഷകരില്‍ പ്രമുഖര്‍. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മിതിക്കു ചിന്മയാനന്ദസ്വാമികള് പതിനായിരം രൂപ നല്കി. ചെന്നൈയിലെ രാമകൃഷ്ണമഠം അധ്യക്ഷനും മറ്റ് സന്യാസിമാരും വേദിയിലുണ്ടായിരുന്നു.
ചെന്നൈയിലെ പരിപാടിയുടെ തലേന്നാള്‍ പേരാമ്പൂരിലെ സരസ്വതി വിദ്യാലയത്തില്‍ പ്രാന്തത്തിലെ പ്രചാരകന്മാരുടെ ശിബിരത്തില്‍ ശ്രീ ഗുരുജിയുടെ സംഭാഷണം മറക്കാനാവാത്തതായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അപര്യാപ്തതയും ആപത്തും ചീനയുടെ വികസനമോഹത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വിശകലനം ചെയ്തു.
സ്വതേ വിശ്വസ്തരല്ലാത്ത ചീനക്കാര്‍ കമ്മ്യൂണിസത്തെ സ്വീകരിച്ചപ്പോള്‍, കാഞ്ഞിരത്തില്‍ കയ്പവള്ളി കയറിയതുപോലെയായി എന്നും കമ്മ്യൂണിസം ഡിഫെക്ടീവ് ഇന്‍ ഐഡിയോളജി ആന്‍ഡ് ഡേഞ്ചറസ് ഇന്‍ പ്രാക്ടീസ് എന്നും അദ്ദേഹം റഷ്യയുടെയും ചീനയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടി വിശദീകരിച്ചു. മാര്‍ക്സിസം അതിന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി അസ്തമയത്തോടടുക്കുകയാണെന്ന് ഗുരുജി ചൂണ്ടിക്കാട്ടി.
ശിലാസ്മാരക നിര്‍മിതിയും വിവേകാനന്ദകേന്ദ്രവും സാക്ഷാത്കരിക്കപ്പെട്ടുകഴിഞ്ഞു. അതിന്റെ മാനവസേവാ പ്രവര്‍ത്തനങ്ങളും നാനാമുഖമായ ജാഗരണയജ്ഞങ്ങളും നാടെങ്ങും നിറഞ്ഞുനില്ക്കുന്ന ഘട്ടത്തിലാണ് സാര്ദ്ധശതാബ്ദി (150) ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.
ആദ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തബന്ധാദികള് ഉപേക്ഷിച്ച് ജീവിതം ഉഴിഞ്ഞുവച്ച പയ്യോളിയിലേയും കൊയിലാണ്ടിയിലേയും കോഴിക്കോട്ടേയും സാധുക്കളായ മത്സ്യപ്രവര്‍ത്തക സ്വയംസേവകരടക്കം നൂറുകണക്കിനാളുകളുടെയും അവര്‍ക്കൊക്കെ നേതൃത്വവും മാര്‍ഗദര്‍ശനവും നല്കിയ മഹാമനീഷിയും അതുല്യചിന്തകനും സംഘാടകകുശലനുമായ ഏകനാഥജിയുടെയും മുന്നില്‍ ശിരസ് നമിച്ചുകൊണ്ട് ഈ പ്രകരണം ഇവിടെ നിര്‍ത്തുന്നു.
>> പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: