എല്ലാം പരസ്യമായ ലോകത്ത് എന്തിന് രഹസ്യം എന്ന ചിന്ത സ്വാഭാവികം. രഹസ്യങ്ങള്‍ ഇല്ലെങ്കില്‍ പരസ്യത്തിനെന്ത് സ്ഥാനം എന്നത് കടന്ന ചിന്ത. സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെ കേറിയും മറിഞ്ഞും പോവുകയാണ്. അപ്പോഴാണ് രഹസ്യത്തിന്, സ്വകാര്യതയ്ക്ക് സമൂഹത്തില്‍ മാന്യതയുണ്ടെന്ന് സ്പീക്കര്‍ പറയുന്നത്. അക്കാര്യത്തില്‍ മറ്റൊരാക്ഷേപമില്ലെന്ന് ജി.സുധാകരനും. വിഷയം ഒരു പ്രസവമാണ്. താരസുന്ദരി ശ്വേതാമേനോന്റെ പ്രസവം സെല്ലുലോയിഡിലാക്കി നാട്ടുകാരെ കാണിക്കാന്‍ ഒരു ചലച്ചിത്ര പ്രതിഭ ഒരുങ്ങിയിരിക്കുകയാണല്ലോ. അതിനെക്കുറിച്ചുള്ള പരാര്ശത്തിലാണ് സമൂഹത്തിന്റെ ചിന്തയും കെട്ടുറപ്പും എങ്ങനെയൊക്കെ പരിപാലിക്കപ്പെടണമെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ നിലപാടിനോട് ജി.സുധാകരന് യോജിക്കുകയും ഒന്നുകൂടി കടുപ്പിച്ച് വിഷയം വ്യാഖ്യാനിക്കുകയും ചെയ്തു.
എന്നാല്‍ ശ്വേതാനടിക്ക് ഇത് ഒട്ടു രുചിച്ചിട്ടില്ല. ഓരോരുത്തരുടേയും കാഴ്ചപ്പാടിന്റെ പ്രശ്നമാണ് അതെന്നും താന്‍ ചെയ്തത് മഹാകാര്യമാണെന്നും അവര്‍ പറഞ്ഞുവെച്ചു. വാസ്തവത്തില്‍ അതില്‍ ശരിയുണ്ട്. ശ്വേതയുടെ ആകാരവടിവുകള്‍ സമൂഹം മുഴുക്കെകാണണമെന്നും കയ്യടികിട്ടണമെന്നും അവര്‍ ആഗ്രഹിക്കുന്നു. അതിന് എന്ത് ത്യാഗം (അങ്ങനെ പറയാമോ എന്നറിയില്ല) ചെയ്യാനും ആയമ്മ ഒരുക്കവുമാണ്. പിന്നെ ചിലരെന്തിനാണ് ഇങ്ങനെ കടിച്ചുകീറാന്‍ വരുന്നതെന്നാണ് ചോദ്യം. ഫാഷന്‍ ലോകത്തെ മുടിചൂഡാമന്നയായ ശ്വേതയ്ക്ക് സിനിമയില്‍ അവസരം കിട്ടിയത് രഹസ്യങ്ങളും സ്വകാര്യതയും ഇങ്ങനെ വില്പ്പനക്കുവെച്ചാണെന്ന് നമുക്കറിയില്ലായിരുന്നു. അല്ലെങ്കില്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ എന്ത് പരസ്യം? എല്ലാം കച്ചവടമല്ലേ? ഇതൊക്കെ ഓരോരുത്തരുടെയും നിലപാടിന്റെ പ്രശ്നമല്ലേ?.
ചിലര്‍ ജീവിക്കാന്‍വേണ്ടി അഭിനയിക്കുന്നു. മറ്റുചിലര്‍ അഭിനയിക്കാന്‍വേണ്ടി ജീവിക്കുന്നു. ചിലര്‍ എഴുത്തുകൊണ്ടു ജീവിക്കുന്നു; മറ്റു ചിലര്‍ ചിലരെ ജീവിപ്പിക്കാന്‍ വേണ്ടി എഴുതുന്നു. കഥയെഴുതലും പുസ്തകം രചിക്കലും കാശ് വാരിക്കൂട്ടാനുള്ള ഏര്‍പ്പാടായി ചിലര്‍ക്കുതോന്നും. കാരണം ജീവിതത്തില്‍ കച്ചവടമേ ഉള്ളൂ എന്നു ധരിക്കുന്നവര്‍ക്കും എന്തും വിറ്റഴിക്കാനുള്ള മാര്‍ഗമാണ് കണ്ടെത്തേണ്ടതെന്നും ശഠിക്കുന്നവരെ നേര്‍വഴിക്കു നയിക്കാന്‍ ഒടയതമ്പുരാന്‍ വന്നാല്‍ പോലും രക്ഷയില്ല. പണ്ടത്തെ കലഹത്തില്‍ രണ്ടുപേരുടെ വായ്ത്താരിയും ശ്രദ്ധിച്ചു നിന്നയാള്‍ മാന്യമായിസംസാരിക്കുന്ന ഒരാളോട് ചോദിച്ചു. ഈ ശണ്ഠയില്‍ നിങ്ങള്‍ നല്ല വാക്കുമാത്രമേ ഉപയോഗിക്കുന്നുള്ളുവല്ലോ, എതിരാളി തെറിമാത്രവും.അതെന്താ? അവന് പഠിച്ചത് അവന് പാടും ഞാന്‍ പഠിച്ചത് ഞാനും എന്നു മറുപടി കൊടുത്തുപോലും. ഇവിടെ ശ്വേതാനടിയുടെ കാര്യത്തിലും അതുതന്നെ എടുത്താല്‍ മതി. സംസ്കാരം പുസ്തകങ്ങളില്‍നിന്ന് മാത്രം കിട്ടുന്നതല്ല. സമൂഹത്തിന്റെ മുമ്പില്‍ താനാരാവണമെന്ന് തീരുമാനിക്കേണ്ടത് താന്താന് തന്നെ. ആയതിനാല്‍ ശ്വേതാകേളികള് തുടരട്ടെ.
ഏകാന്തത ഇഷ്ടപ്പെടുന്നവരുംപെടാത്തവരും ഉണ്ടാവും. ഏകാന്തതയെ പ്രണയിച്ചാല്‍ അതൊരു ഉള്ക്കുളിരായി നമ്മില്‍ പെയ്തിറങ്ങും എന്നാണ് വിശ്വോത്തരസാഹിത്യകാരന്മാര് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതെന്തോ ആകട്ടെ, നൂറുവര്‍ഷത്തെ ഏകാന്തതയെപ്പറ്റി (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്നാണ് പൊതുവെ പറയാറ്) നമ്മോട് പറഞ്ഞത് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസാണ്. ആ മാര്‍ക്കേസിന് മറവി രോഗമാണെന്ന് അറിയിച്ചത് അദ്ദേഹത്തിന്റെ സഹോദരനാണ്, കഴിഞ്ഞ ജൂലായ് ഏഴിന്. ലോകം ഞെട്ടലോടെ ആ സംഭവത്തിന്റെ ചൂടും ചൂരുമറിഞ്ഞു. ഓര്‍മയില്‍നിന്ന് എല്ലാം പൂമ്പാറ്റകളെപ്പോലെ പറന്നുപോവുന്ന അവസ്ഥ വിശ്വോത്തരസാഹിത്യകാരനെ എങ്ങനെയൊക്കെ മാറ്റിമറിച്ചിരിക്കാം. അതിനെക്കുറിച്ച് ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (നവം 25 ഡിസം-1) പരന്ന് തന്നെപറയുന്നു. ഡാന്വെല്ഡണിന്റെ മക്കോണ്ടോ എന്ന ഡോക്യുമെന്ററി 1992 ല്‍ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചതിന്റെ നേരറിവുകള്‍ പങ്കുവെക്കുന്ന വി. മുസഫര്‍ അഹമ്മദിന്റെ വാളയാര്‍ചുരം കടന്നെത്തിയ ‘മക്കൊണ്ടോ’ പെയ്ത്ത്, ഡോ. ബി. ഇക്ബാലിന്റെ ഓര്‍മകളില്ലാത്ത മാര്‍കേസ്, അജയ് പി. മങ്ങാട്ടിന്റെ കുട്ടിക്കാലത്തിന്റെ കടല്‍, പി. കൃഷ്ണനുണ്ണിയുടെ മറവിയോടുള്ള ഓര്‍മയുടെ യുദ്ധം എന്നിവ നല്‍കുന്നത് മികച്ച വായനയാണ്. മാര്‍കേസിനു വേണ്ടിയാണ് മാതൃഭൂമി ഈ ലക്കം സമര്‍പ്പിച്ചിരിക്കുന്നത്. അനുഭവങ്ങളെ ഊതിയൂതിക്കാച്ചിമിനുക്കിയെടുത്ത് ചാട്ടുളിയാക്കുന്ന അനിതരസാധാരണമായ കഴിവുള്ള ഒരു സാഹിത്യകാരന് മറവിയുടെ ഇരുള്‍ക്കയത്തിലേക്ക് ഊര്‍ന്നുവീണുപോകുന്ന വേദന നമുക്ക് അനുഭവവേദ്യമാക്കിത്തരുന്നുണ്ട് ഈ രചനകള്‍. മാര്‍ക്കേസിന്റെ ഓര്‍മകളുടെ ചരിത്രദൗത്യം അവസാനിച്ചുവോ? അതോ ഒരു മലവെള്ളപ്പാച്ചില്‍ പോലെ വീണ്ടുമവ എഴുത്തിലൂടെ പുനരവതരിക്കുമോ? മാജിക്കല്‍ റിയലിസത്തിനോട് വിടപറഞ്ഞ മാര്‍കേസ് മറവിയുടെ കൂടാരത്തിനുള്ളില്‍ വീണ്ടുമൊരു മാന്ത്രികനായി മാറുമോ? എന്ന ചോദ്യമാണ് കൃഷ്ണനുണ്ണി ഉന്നയിക്കുന്നത്. നമുക്കും അങ്ങനെ ചോദിച്ചുകൊണ്ടിരിക്കാം. പുസ്തകവില്പ്പന ലാഭം ലാക്കാക്കിയുള്ള ഏര്‍പ്പാടാണെന്ന് കരുതുന്നവര്‍ മാര്ക്കേസിനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. ആരെങ്കിലും എവിടെയയെങ്കിലും എങ്ങനെയെങ്കിലും പത്തു പുത്തനുണ്ടാക്കട്ടെ.
നിങ്ങളില്‍ കാരുണ്യം നാമ്പിട്ടിട്ടുണ്ടോ എന്നറിയാന്‍ ചെറിയൊരു പരീക്ഷണം. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരല്‍ പംക്തിയില്‍ വന്ന ഓര്‍മകളിലെ പൊതിച്ചോറ് വായിക്കുക. വിശദീകരണമില്ല. വായിച്ച് ഒരു തുള്ളി കണ്ണീര് പൊടിഞ്ഞുവെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്ക് നെഞ്ചുവിരിച്ചു പറയാം എന്നില്കാരുണ്യത്തിന്റെ ചെറിയൊരു ഉറവയുണ്ടെന്ന്. ഡോ.സുനില്‍ മാര്‍ക്കോസിന്റേതാണ് അനുഭവം. അതു വായിക്കുമ്പോള്‍ ദൈവത്തിനും മുകളില്‍ നില്ക്കുന്ന സര്വഗുരുക്കന്മാരും ഒരു നിമിഷം നമ്മുടെ മനോമുകുരത്തില്‍ മിന്നായം പോലെ വന്നുപോകും.
ചെറുകഥാലോകത്തെ ഉജ്ജ്വലവാഗ്ദാനമാണ് സമദ് പനയപ്പിള്ളി. അനുഭവതീക്ഷ്ണമാണ് അദ്ദേഹത്തിന്റെ രചനകള്‍. ചെന്നൈയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന മാതൃകാന്വേഷി മാസികയില്‍ സമദിന്റെ രചന മഹസ്സര്‍. അത് നമ്മെ വല്ലാതെ വീര്‍പ്പുമുട്ടിക്കും. ആധുനികജീവിതത്തിലെ നേരും നെറികേടും എങ്ങനെയാണ് മൂര്‍ത്തരൂപം പ്രാപിച്ചു വരുന്നതെന്ന് പത്തറുപത് വാക്കുകളിലൂടെസമഗ്രമായി സമദ് വരച്ചുകാട്ടുന്നു. നമ്മെ നിരന്തരം പിന്തുടരും ആ കഥ. നന്ദി, സമദ്. വായനക്കാര്‍ക്കിടയില്‍ നിങ്ങള്‍ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു.
മലയാളികള്‍ എന്ന ‘പൊതുമ’ യിലാണ്,അല്ലാതെ കാലഹരണപ്പെട്ട നാടുവാഴിത്തത്തിന്റെ പ്രത്യേകതകളിലല്ല, കേരളത്തനിമ നിലനില്‍ക്കുന്നത് എന്ന് എഴുതിയിരിക്കുന്നത് നമ്മുടെ സൈദ്ധാന്തിക ബുദ്ധിജീവി കെഇഎന്‍ ആണ്. ടിയാന് പറയുന്ന നാടുവാഴിത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണം എന്താണെന്നോ? നിലവിളക്ക്. കത്തിച്ചാലെന്ത്? കത്തിച്ചില്ലെങ്കിലെന്ത്? എന്ന തലക്കെട്ടില്‍ മേപ്പടി വിദ്വാന്റെ കാളകൂടം മുഴുവന്‍ മാതൃകാന്വേഷിമാസികയുടെ നാലുപുറത്ത് പരന്നൊഴുകുന്നുണ്ട്. തീവ്രവാദത്തിന്റെ നിലത്തെഴുത്താശ്ശാനെന്ന് തോന്നാത്ത വിധത്തില്‍ പുരോഗമനത്തിന്റെ ചെമ്പട്ടിട്ടുമൂടിക്കൊണ്ടുള്ള കെഇഎന്‍ വഹകള്‍ സമൂഹ ഗാത്രത്തില്‍ കാന്‍സറായി രൂപംകൊണ്ടിട്ട് ഏറെക്കാലമായി. ഈ സായ്വിനെ കെട്ടിയെഴുന്നള്ളിക്കുന്ന വിപ്ലവക്കാര്‍ക്കും സ്വത്വം മനസ്സിലായി എന്നതില്‍ നമുക്ക് അല്‍പ്പം ആശ്വസിക്കാം. സിപിഎമ്മിനെയും സംഘപരിവാറിനെയും നന്നാക്കാന്‍ ക്വട്ടേഷന്‍ വാങ്ങി തേരാപാരാ നടക്കുന്ന ടി.ജി. മോഹന്‍ദാസിനെയും കെഇഎന്നിനെയും ഒരേനുകത്തില്‍ വെച്ചുകെട്ടാമെന്നു പറഞ്ഞത് റിക്ഷയോടിക്കുന്ന സുഹൃത്താണ്. നല്ലവായനയില് ആരെയും കവച്ചുവെക്കും ആസുഹൃത്ത്. വേണ്ടത് മക്കളോ ഗുണ്ടകളോ എന്ന ടിജി മോഹന്‍ദാസിന്റെ ലേഖനം (എന്ന് പറയാമോ എന്നറിയില്ല) കലാകൗമുദി (നവം18) യില്‍ വായിക്കാം. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന കാഴ്ചപ്പാടുള്ള ടിയാന്റെ കുറിപ്പുകള്‍ വായിക്കുന്നത് നന്ന്. നല്ലതെന്ത് എന്നു ചൂണ്ടിക്കാണിക്കണമെങ്കില്‍ തിയ്യതിനെക്കുറിച്ച് ഒരു ധാരണവേണമല്ലോ. ഹിന്ദു സമാജത്തിന്റെ സ്ഥിരനിക്ഷേപം തന്റെ ബാങ്കിലാണെന്ന മോഹന്‍ദാസിന്റെ അവകാശവാദത്തെ അര്‍ഹിക്കുന്ന രീതിയില്‍ തള്ളുകയത്രേനന്ന്.
മാതൃഭൂമിക്ക് മാര്കേസെങ്കില് മാധ്യമം ആഴ്ചപ്പതിപ്പിന് (നവം.25) ഒ.വി. വിജയനോടാണ് പഥ്യം. മാര്‍കേസിലെ മാജിക്കല്‍ റിയലിസം ഏറിയും കുറഞ്ഞും വിജയനിലും ഉണ്ടായിരുന്നു എന്നത് കുറച്ചെങ്കിലും വസ്തുതയാണ്. ഒ.വി.വിജയന് സാഹിത്യപുരസ്കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ നവം11 ന് ഹൈദരബാദില്‍ നടത്തിയ പ്രസംഗമാണ് മാധ്യമത്തില്‍ കവര്‍ക്കഥ. മഹാപ്രതിഭയുടെ ജീവിതത്തിന് ഒരടിക്കുറിപ്പ് എന്ന തലക്കെട്ട്. ഒരേസമയം നിറഞ്ഞുനില്ക്കുന്ന ഒരു കാല്‍പ്പനിക ഭാവുകതയിലൂടെ വിജയന് അവതരിപ്പിച്ച ആധ്യാത്മിക തീര്‍ഥയാത്ര, കമ്മ്യൂണിസത്തിന്റെയും വ്യവസ്ഥാപിത മതങ്ങളുടെയും ഇടയിലെ വരണ്ട വിജനതയില്‍ മിഴിച്ചുനിന്നവര്ക്ക് സമാധാനവും സമാശ്വാസവും നല്‍കിയെന്നാണ് സക്കറിയ പറയുന്നത്. അത് സക്കറിയയുടെ വിലയിരുത്തല്‍. നില്ക്കൂ, ഇനി നമുക്ക് മെല്ലെപ്പോകാം… എന്ന് വിജയനും വികസനവും എന്ന മേല്‍ക്കുറിപ്പില്‍ സാറാജോസഫും എഴുതുന്നു. സാറയുടെ എഴുത്തിന്റെ ആത്മാര്‍ത്ഥത നമ്മെ വല്ലാതെ പുണര്‍ന്നുനില്‍ക്കും. അതെ, നമുക്കിനിമെല്ലെപ്പോവുകതന്നെ. ഭ്രാന്തമായ പോക്ക് നമ്മെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു.
>> കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: