തങ്ങള്‍ വിജയത്തിന് വളരെ അടുത്തെത്തി എന്നു മനസിലാക്കാതെ പിന്മാറിയവരാണ് പരാജയപ്പെട്ടവരില്‍ ഭൂരിഭാഗവും എന്ന തോമസ് ആല്‍വാ എഡിസന്റെ പ്രസ്താവനയോടു കൂടിയാണ് സെബിന് എസ്.കൊട്ടാരവും ജോബിന് എസ്.കൊട്ടാരവും സംയുക്തമായി രചിച്ച ‘ജീവിതത്തിലെ തോല്‍വികളെ എങ്ങനെ വിജയങ്ങളാക്കാം’ എന്ന പുസ്തകം ആരംഭിക്കുന്നത്.
ജയം+പരാജയം=ജീവിതവിജയം എന്ന സൂത്രവാക്യത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം ജീവിതത്തിലെ പരാജയങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ വിജയങ്ങളാക്കിത്തീര്ക്കാമെന്ന് നമുക്ക് കാണിച്ചുതരുന്നു.
ജീവിതത്തില്‍ തോല്‍വികളുണ്ടാവുമ്പോള്‍ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കാന് പ്രചോദനം നല്കുന്ന ഗ്രന്ഥമെന്ന് പ്രമുഖ ചലചിത്ര സംവിധായകന് ബ്ലെസിയും ഒരു വൈറ്റമിന്‍ ടോണിക്പോലെ മനസിന് ഉണര്‍വേകുന്നതാണ് ഈ പുസ്തകമെന്ന് ബോളിവുഡ് താരം അസിനും പിന്‍കുറിപ്പില്‍ ഈ പുസ്തകത്തെ വിലയിരുത്തുന്നു.
ജീവിതവിജയത്തിന്റെ വാതായനം തുറക്കാന്‍ മനസില്‍ കരുതേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മുപ്പത് അധ്യായങ്ങളിലായി ലളിതമായ ഭാഷയില്‍ അനേകരുടെ ജീവിതോദാഹരണങ്ങളിലൂടെ രാജ്യാന്തര പ്രചോദനാത്മ പ്രഭാഷകരും സൈക്കോളജിസ്റ്റുകളുമായ എഴുത്തുകാര്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു.
ജീവിതത്തിലെ കൂരിരുട്ടുകളെക്കുറിച്ചുള്ളതാണ് ഒന്നാമത്തെ അധ്യായം. വിജയത്തിനു പിന്നിലെ കൂരിരുട്ടുകളെ വിഖ്യാത ശാസ്ത്രജ്ഞയായ മാഡം ക്യൂറിയുടെ അനുഭവത്തിലൂടെ ഈ അധ്യായം വിലയിരുത്തുന്നു.
വിധിയെ പഴിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇവര്‍ പരാജിതരോ? എന്ന രണ്ടാമത്തെ അധ്യായം. എബ്രഹാം ലിങ്കന്, വാള്‍ട്ട് ഡിസ്നി, ഹാരി പോട്ടര്‍ രചയിരാവ് കെ.കെ.റൗളിംങ്ങ്, കെഎഫ്സി സ്ഥാപകന്‍ കേണല്‍ സാന്‍ഡേഴ്സ്, തോമസ് ആല്‍വാ എഡിസന് എന്നിവരുടെ ജീവിതത്തിലൂടെ പരാജയങ്ങളെ വിജയങ്ങളാക്കാമെന്ന് നമുക്ക് കാണിച്ചുതരുന്നു.
ലക്ഷ്യബോധത്തെക്കുറിച്ചുള്ളതാണ് മൂന്നാമത്തെ അധ്യായം. നിരാശയെ നേരിടേണ്ടതെങ്ങനെ. ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് എങ്ങനെ കര കയറാം. അസാധ്യമെന്നു കരുതുന്ന കാര്യങ്ങള്‍ എങ്ങനെ സാധ്യമാക്കാം. തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീടുള്ള അധ്യായങ്ങളില്‍ വിശദീകരിക്കുന്നു.
സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന ഭഗവത്ഗീതയുടെ സന്ദേശത്തിലൂടെ മനുഷ്യജീവിതാവസ്ഥകളെ വിലയിരുത്തുന്ന പത്താമത്തെഅധ്യായത്തിനുശേഷം എന്താണ് വിജയം എന്ന നിര്‍വചനമാണ് ഗ്രന്ഥകര്‍ത്താക്കള്‍ എഡ്മണ്ട് ഹിലാരിയുടെയും പെപ്സികോ സിഇഒ ഇന്ദ്രാ നൂയിയുടെയും ജീവിതത്തിലൂടെ വിശദീകരിക്കുന്നത്. മറ്റുള്ളവര്‍ തനിക്കുനേരെ വലിച്ചെറിയുന്ന കല്ലുകള്‍കൊണ്ട് അടിത്തറയുണ്ടാക്കുവാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ വിജയി എന്ന് തൊട്ടടുത്ത അധ്യായം നമുക്ക് കാട്ടിത്തരുന്നു. ദുശ്ശീലങ്ങളെ ഒഴിവാക്കേണ്ടത് എങ്ങനെ, പ്രഭാതത്തില്‍ ഉണരുന്നതുക്കൊണ്ടുള്ള പ്രയോജനങ്ങള്‍, ആത്മവിശ്വാസം വളര്‍ത്തേണ്ടതെങ്ങനെ, നാം ആഗ്രഹിക്കുന്ന ജീവിതം സ്വന്തമാക്കേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളും പിന്നീടുള്ള അധ്യായങ്ങള്‍ നമുക്ക് പറഞ്ഞുതരും.
കൊലപാതകിയും കൊള്ളക്കാരനുമായിരുന്ന രത്നാകര്‍ എന്ന വ്യക്തി ഇതിഹാസമായ രാമായണത്തിന്റെ കര്‍ത്താവായ വാല്മീകിയായി മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്ന അവസാനത്തെ അധ്യായം ജീവിതത്തില്‍ പോസിറ്റീവായ മാറ്റം ഏതൊരു വ്യക്തിക്കും സാധ്യമാണെന്ന തിരിച്ചറിവിലേക്ക് വായനക്കാതെ എത്തിക്കുന്നു. ഇങ്ങനെ വായനയുടെ പുത്തന്‍തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോയി വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ജീവിതത്തിലെ തോല്‍വികളെ എങ്ങനെ വിജയങ്ങളാക്കാം എന്ന ഈ പുസ്തകം.
>> എസ്.കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: