തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് മുന്‍കൂട്ടി ബുക്കുചെയ്യുന്നതിനായി സംസ്ഥാന പോലീസ് ആവിഷ്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ചാല്‍ ഒരു മണിക്കൂറിലധികം തീര്‍ത്ഥാടകര്‍ക്ക് ക്യൂ നില്‍ക്കേണ്ടിവരില്ലെന്ന് ഭരണവിഭാഗം എഡിജിപിയും ശബരിമല പോലീസ് കോ-ഓര്‍ഡിനേറ്ററുമായ പി.ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച പ്രതികരണമാണ് ഈ സംവിധാനത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ തീര്‍ത്ഥാടനകാലത്ത് 20 ലക്ഷത്തിലധികം ബുക്കിംഗ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തെ ആകെ ബുക്കിംഗ് 7.43 ലക്ഷം ആയിരുന്നു. ഈ വര്‍ഷം നവംബര്‍ 22 വരെ 6,43,245 തീര്‍ത്ഥാടകരാണ് ബുക്കുചെയ്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ടാംവാരമാണ് ഇക്കൊല്ലം ബുക്കിംഗ് ആരംഭിച്ചത്. ഈ സംവിധാനം 95 മുതല്‍ 99 ശതമാനം വരെതീര്ത്ഥാടകര് ഉപയോഗപ്പെടുത്തിയാല്‍ ശബരിപീഠത്തിലേക്ക് രണ്ടരകിലോമീറ്റര്‍ നീളമുള്ള ക്യൂനടപ്പന്തലിലേക്കുമാത്രമായി ചുരുക്കാന്‍ കഴിയും. വര്‍ധിച്ച തിരക്കുമൂലമുള്ള മലിനീകരണവും ഒഴിവാക്കാന്‍ കഴിയും. ഇതിന് ഏതാനും വര്‍ഷംകൂടി വേണ്ടിവന്നേക്കാം. ഒരു മണിക്കൂറില്‍ പരമാവധി 4500 അയ്യപ്പന്മാര്ക്കാണ് പതിനെട്ടാംപടി കയറാന്‍ കഴിയുന്നത്. ഇതിനനുസരിച്ചാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ദര്‍ശനത്തിന് അനുവദിച്ച സമയത്തിന് 3 മണിക്കൂറുള്ളപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യാം. അടുത്ത ആഴ്ചമുതല്‍ ദര്‍ശന സമയത്തിന് 6 മണിക്കൂര്‍ മുമ്പ് ഇതുസംബന്ധിച്ച് എസ്എംഎസ് സന്ദേശം നല്‍കും. തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഈ സംവിധാനം തികച്ചും സൗജന്യമാണ്. ഈ സംവിധാനം ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് മുന്‍കാലങ്ങളിലെപ്പോലെ ക്യൂനിന്ന് ദര്‍ശനം സാധ്യമാണെന്ന് എഡിജിപി വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം കേരള പോലീസ് കമ്പ്യൂട്ടര്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത പദ്ധതി കെല്‍ട്രോണിന്റെ സഹകരണത്തോടെ ഇത്തവണ വിപുലീകരിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഐറ്റി മിഷന്റെ സഹായത്തോടെയാണ് എസ്എംഎസ് സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. രാവിലെ 4 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതല്‍ 11 വരെയും ഓരോ മണിക്കൂര്‍വീതമുള്ള 15 ടൈം സ്ലോട്ടുകളിലായി ഭക്തന്മാര്ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
ശബരിമലയിലെ സേവനങ്ങള്‍ക്കായി പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്പ്ലൈന് സംവിധാനവും ആരംഭിച്ചിട്ടുണ്ട് ഫോണ്‍: 04713243000, 3244000, 3245000. ംംം.മെയമശൃാമഹമൂ.രീാ എന്ന വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
മണിക്കൂറുകളോളം നീളുന്ന ക്യൂവില്‍ നില്‍ക്കാതെ പ്രത്യേകം അനുവദിച്ചിട്ടുള്ള പാതയിലൂടെ വേഗത്തില്‍ സന്നിധാനത്ത് എത്താനാകും എന്നതാണ് ഈ സംവിധാനത്തെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഭക്തര്‍ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഭക്തരാണ് ഈ സേവനം ഏറെ പ്രയോജനപ്പെടുത്തുന്നത്. വിദേശരാജ്യങ്ങളായ കാനഡ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും ബുക്കിംഗ് ലഭിക്കുന്നുണ്ട്.
ഓണ്‍ലൈന്‍വഴി ബുക്ക്ചെയ്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി പമ്പയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 10 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. പുല്‍മേട് വഴി വരുന്ന ഭക്തര്‍ക്കായി സന്നിധാനത്തും രണ്ട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ കൗണ്ടറുകളില്‍ ബുക്കിംഗ് കൂപ്പണുകള്‍ പരിശോധിച്ചാണ് ദര്‍ശനത്തിന് കടത്തിവിടുന്നത്. ഭക്തര്‍ കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തുമാത്രം സന്നിധാനം നടപ്പന്തല്‍ ക്യൂവില്‍ എത്തിയാല്‍ മതിയാകും.
തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തുന്ന ദിവസത്തിന് 6-8 ആഴ്ച മുമ്പ് മുതല്‍ ബുക്കിംഗ് ചെയ്യാം. ദര്‍ശന തീയതി, സമയം, പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ ഈ വെബ്പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. ദര്ശനതീയതിയും സമയവും നിശ്ചയിക്കുന്നതിന് മുന്‍പുതന്നെ തീര്‍ത്ഥാടകര്‍ക്ക് അവരുടെ മറ്റുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഓരോ മണിക്കൂറിലെയും ലഭ്യത അനുസരിച്ച് ബുക്കിംഗ് സാധ്യമാണ്. ബുക്കിംഗ് പൂര്‍ത്തിയായശേഷം വെര്‍ച്വല്‍ ക്യൂ കൂപ്പണുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഈ കൂപ്പണില്‍ തീര്‍ത്ഥാടകന്റെ പേര്, ഫോട്ടോ, ദര്‍ശന തീയതി, സമയം, ബാര്‍കോഡ് മുതലായവ ഉണ്ടായിരിക്കും. ഈ കൂപ്പണിന്റെ പ്രിന്റ് തീര്ത്ഥാടകന് ദര്‍ശനത്തിന് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.
കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്ത് മാത്രം പമ്പയിലെ വെരിഫിക്കേഷന് കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അവിടെ സജ്ജീകരിച്ചിരിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് വെരിഫിക്കേഷന് കൗണ്ടറില്‍ ബാര്‍കോഡിന്റെ സഹായത്തോടെ കൂപ്പണിലെ ഫോട്ടോയും രജിസ്റ്റര്‍ചെയ്ത ഫോട്ടോയും റിപ്പോര്‍ട്ടിലെ സമയവും ഒത്തുനോക്കി ഉറപ്പുവരുത്തിയശേഷം വെരിഫിക്കേഷന് സീല്‍ പതിക്കുന്നു. ഈ വെരിഫിക്കേഷന് സീല്‍ ഉള്ള കൂപ്പണ്‍ കൈവശമുള്ളവര്ക്കുമാത്രമേ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളു. പമ്പാ മണപ്പുറത്തെ പി.സി.രാമമൂര്‍ത്തി മണ്ഡപത്തിലാണ് വെരിഫിക്കേഷന് കൗണ്ടറുകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് എഡിജിപി ചന്ദ്രശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: