ആലുവ: പ്ലാസ്റ്റിക് മാലിന്യം കത്തിച്ചുണ്ടായ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 25 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുക ശ്വസിച്ച് തലകറക്കവും ഒപ്പം ശ്വാസതടസവുമുണ്ടായ കുട്ടികളെ ആശുപത്രിയിലെ നിരീക്ഷണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
ഇന്നലെ രാവിലെ 10.30 ന് എടത്തല ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു സംഭവം. സ്കൂളിന്റെ സമീപം താമസിക്കുന്ന ചെരുപ്പുകളും ലതര്പന്തും ചവറും കൂട്ടിയിട്ട് കത്തിച്ചതാണ് പ്രശ്നമായത്. ഇതില്‍നിന്നും ഉയര്‍ന്ന പുക ശക്തിയോടെ ക്ലാസ്മുറിക്ക് അകത്തേക്ക് കടന്നതോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായത്. ആറാംക്ലാസ് മുറിക്ക് സമീപത്തുള്ള മതിലിനോട് ചേര്‍ന്നാണ് വീട്ടുകാര്‍ മാലിന്യത്തിന് തീകൊടുത്തത്. അതുകൊണ്ടുതന്നെ പുക ഈ ക്ലാസ്മുറിക്കകത്തേക്ക് ശക്തിയോടെ കയറി. പിന്നീട് സമീപത്തുള്ള അഞ്ചാംക്ലാസ് മുറിയിലേക്കും വ്യാപിച്ചു.
പുക ശ്വസിച്ച കുട്ടികളെല്ലാം ചുമയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അധ്യാപകര്‍ ക്ലാസ്മുറിയുടെ ജനലുകളെല്ലാം അടച്ചു. പുക നിറഞ്ഞുനിന്ന മുറികളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. കുട്ടികളുടെ കരച്ചില് കേട്ടെത്തിയ ഹെഡ്മിസ്ട്രസ് വീട്ടുകാരെ വിളിച്ച് തീയണപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ വണ്ടി വിളിച്ച് എല്ലാ കുട്ടികളെയും പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആലുവ തഹസില്‍ദാര്‍ പി. പത്മകുമാര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് എം. മുനീര്‍, ഈസ്റ്റ് വില്ലേജ് ഓഫീസര്‍ ദിനേശ് എന്നിവര്‍ ആശുപത്രിയിലും സ്കൂളിലുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: