വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം പിജിയുടെ വേര്‍പാട് ഒരു തീരാനഷ്ടമാണ്. പ്രത്യയശാസ്ത്രങ്ങളുടെ വേലിക്കെട്ടുകള്‍ക്ക് അപ്പുറത്തേക്ക് പടര്‍ന്നുപന്തലിച്ചിരുന്ന ആത്മീയബന്ധമായിരുന്നു ഞങ്ങളുടേത്. കാലടി അദ്വൈതാശ്രമത്തില്‍വച്ച് ആഗമാനന്ദസ്വാമികളുമായി ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന സാമീപ്യത്തില്‍നിന്ന് ഉളവായ പരസ്പരബന്ധം ഞങ്ങള്‍ മങ്ങലേല്ക്കാതെ കാത്തുസൂക്ഷിച്ചിരുന്നു. പ്രത്യയശാസ്ത്രവിവാദങ്ങള് കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തും എന്റെ സപ്തതി ആഘോഷത്തില്‍ സംബന്ധിക്കാനും ഹോമപൂജാദികള്ക്ക് സാക്ഷ്യം വഹിക്കാനും ഒരുമിച്ചിരുന്ന് ഊണുകഴിക്കാനും സാധിച്ചത് എന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു.
വിചാരകേന്ദ്രത്തിന്റെ ധാരാളം പരിപാടികളില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അസുഖം ബാധിച്ചിരുന്നപ്പോഴും ഒരുദിവസം വൈകുന്നേരം അദ്ദേഹം അവിചാരിതമായി സംസ്കൃതിഭവനില്വന്ന് എന്റെ ദേഹസ്ഥിതിയെപ്പറ്റി അന്വേഷിക്കുകയുണ്ടായി. ഞാനും സൗകര്യം കിട്ടുമ്പോഴെല്ലാം പിജിയെ വീട്ടില്‍പ്പോയി സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്.
വിവേകാനന്ദകേന്ദ്രവും ഭാരതീയവിചാരകേന്ദ്രവും ചേര്‍ന്ന് സ്വാമിവിവേകാനന്ദന്റെ 150-ാം ജയന്തിവേളയില്‍ പ്രകാശിപ്പിക്കാന്‍ നിശ്ചയിച്ച ഗ്രന്ഥത്തിലേക്ക് ലേഖനമാവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തിന് തീര്‍ച്ചയായും ലേഖനം അയച്ചുതരാം എന്നദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് എന്റെ കൈവശമുണ്ട്. പക്ഷേ ആ മോഹം ഫലിക്കാതെപോയി. അത് ഒരു നികത്താനാവാത്ത വിടവായി അവശേഷിക്കുമെന്നുറപ്പാണ്. ഇന്ന് രാവിലെയും പ്രാര്‍ത്ഥനാവേളയില്‍ എന്റെ മനസില്‍ നിറഞ്ഞുനിന്നത് പിജിയെക്കുറിച്ചുള്ള സ്മരണകളായിരുന്നു. ദേഹം അഗ്നിക്കിരയായാലും, കേരളീയ മനസുകളില്‍ അദ്ദേഹം ചിരഞ്ജീവിയായി ഇടംപിടിക്കും.
>> പി.പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: