ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും സന്നിധാനത്ത് ഭക്തജന തിരക്ക് വര്‍ധിച്ചു. ആദ്യ ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ കുറവ് പ്രതിഫലിച്ചെങ്കിലും ഇന്നലെ മുതല്‍ കലിയുഗ വരദനെ ദര്‍ശിക്കാന്‍ തീര്‍ത്ഥാടന പ്രവാഹം തുടങ്ങി. അവധി ദിവസങ്ങളായ ഇന്നും നാളെയും തീര്‍ത്ഥാടകരുടെ എണ്ണം ഇനിയും വര്‍ധിക്കും. ദര്‍ശനത്തിന് കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് രാത്രിയും പുലര്‍ച്ചെയുമാണ്. പുലര്‍ച്ചെ 4ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ് മടങ്ങത്തക്ക വിധമാണ് ഭക്തര്‍ എത്തുന്നത്. പുലര്‍ച്ചെ 3ന് മുമ്പ് ആരംഭിക്കുന്ന ക്യു രാവിലെ 10 വരെ നീളുന്നു. പോലിസിന്റെയുംമറ്റ് സുരക്ഷാ ഏജന്‍സികളുടെയും കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെയും വടക്കെ നടയിലും തോള്‍സഞ്ചി വരെ സ്കാനറിലൂടെ പരിശോധന നടത്തിയ ശേഷമാണ് ഭക്തരെ ദര്‍ശനത്തിന് കടത്തി വിടുന്നത്.വരും ദിവസങ്ങളില്‍ വന്‍ തിരക്കായിരിക്കും സന്നിധാനത്ത് അനുഭവപ്പെടുകയെന്നാണ് പോലീസും ദേവസ്വം അധികൃതരും കരുതുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ കുറവ് ആദ്യ ദിവസങ്ങളിലുണ്ടായിരുന്നു. മണ്ഡല പൂജ അടുക്കുമ്പോഴേക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ തീര്‍ത്ഥാടകര്‍ അയ്യപ്പ ദര്‍ശനത്തിനെത്തും. അവധി ദിവസങ്ങളില്‍ പ്രത്യേക തയ്യാറെടുപ്പുകളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ഭക്തര്‍ക്ക് സുഖദര്‍ശനം ലഭിക്കുന്നതിന് പോലിസ് സ്വാമിമാര്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് ഏറെ അഭിനന്ദനം ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: