ലോകത്തെ നോക്കിക്കാണാനുള്ള മലയാളിയുടെ കണ്ണാണ് പീജിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന പി.ഗോവിന്ദപ്പിള്ളയുടെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാന്‍ പോകുന്നതുമെല്ലാം പീജി അറിഞ്ഞും മുന്‍കൂട്ടി കണ്ടും നമ്മളെ അറിയിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് തിരുവനന്തപുരത്തെ വിജ്ഞാന ദാഹികളായ മനസ്സുകള്‍ക്ക് അദ്ദേഹത്തിന്റെ വിയോഗം വരുത്തിയ നഷ്ടത്തിന്റെ അളവ് കണക്കുകൂട്ടാന്‍ കഴിയുന്നതിനും അപ്പുറത്താണ്. മുതലാളിത്ത രാജ്യങ്ങളിലെയും സോഷ്യലിസം മരിക്കുകയും ജീവിക്കുകയും ചെയ്ത രാജ്യങ്ങളിലെയും സംഭവങ്ങള്‍ പീജിയുടെ മനസ്സില്‍ എന്നും ‘അപ്ഡേറ്റ്’ ചെയ്തുവച്ചിരുന്നു. ലോകമെമ്പാടുമുള്ള, അറിവിനായി ദാഹിക്കുന്നവര്‍ക്കു മുന്നില്‍ അദ്ദേഹം ഒരിക്കലും കമ്യൂണിസ്റ്റുകാരനായല്ല പെരുമാറിയത്. അറിവു പകര്‍ന്നു നല്കുന്ന അധ്യാപകനായി. കേരളത്തിന്റെ ചെറിയ അതിരുകളില്‍ ഒതുങ്ങിക്കൂടിയ മലയാളി ലോകത്തെ അറിയാന്‍ ഗോവിന്ദപ്പിള്ളയെ സമീപിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അദ്ദേഹത്തിനായില്ല. ലോകം അടക്കി വാഴാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനകള്‍ മലയാളി ആദ്യം മനസിലാക്കിയതും പീജിയില്‍ നിന്നു തന്നെ. രോഗ ശയ്യയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും പാലസ്തീന് നേരെ ഇസ്രയേല്‍ നടത്തിയ ക്രൂരമായ അക്രമങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇസ്രയേല്‍ അക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോദിവസവും മാധ്യമപ്രവര്‍ത്തകയായ മകള്‍ പാര്‍വതിയില്‍ നിന്ന് അറിയാന്‍ രോഗക്കിടക്കയിലും അദ്ദേഹം തിടുക്കം കാട്ടി.
അമേരിക്കയും ബ്രിട്ടനും റഷ്യയും ഇസ്രയേല്‍ മാത്രമല്ല. പേരറിയാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണവും രാഷ്ട്രീയമാറ്റവും ആ നാട്ടുകാരനെ പോലെ തന്നെ പീജിയും മനസിലാക്കി. കെനിയയും ബോളീവ്യയും എത്യോപ്യയും ഈജിപ്തുമെല്ലാം മനസ്സില്‍ ഭൂപടമായി വിരിഞ്ഞു. അവിടുത്തെ ജനസംഖ്യയും ജീവിത ശൈലിയും പ്രധാനവരുമാനവുമെല്ലാം മനപ്പാഠം. രാജ്യാന്തര വിഷയങ്ങളിലെ സംശയനിവാരണത്തിനുള്ള ഒരു നിഘണ്ടുവായിരുന്നു പി.ഗോവിന്ദപ്പിള്ള.
പരന്ന വായന തന്നെയാണ് പീജിയെ ഇതിനെല്ലാം പ്രാപ്തനാക്കിയത്. പുതിയ അറിവുകള്‍ തേടിയുള്ള യാത്രയില്‍ കിട്ടാവുന്ന പുസ്തകങ്ങളെല്ലാം സ്വന്തമാക്കി. അറിവ് സ്വായത്തമാക്കുന്നതിലും രാഷ്ട്രീയവും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും അദ്ദേഹത്തിനു വിലങ്ങുതടിയായില്ല. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനുമായി അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. വിചാരകേന്ദ്രത്തിന്റെ ആസ്ഥാനത്തുള്ള ലൈബ്രറിയും അദ്ദേഹം തന്റെ അറിവിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചു.
വായിച്ച് കിട്ടുന്ന അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലും മിടുക്കുകാട്ടി. ലോകരാഷ്ട്രീയവും സംസ്കാരവും മാധ്യമങ്ങളിലെ ലേഖനങ്ങള്‍ക്ക് വിഷയമാക്കി. ലാറ്റിനമേരിക്കന്‍ നാടുകളിലെ ഭരണമാറ്റം മുതല്‍ അവിടുത്ത പരിസ്ഥിതി പോരാട്ടങ്ങളെക്കുറിച്ചുവരെ എഴുതി.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പീജിയുടെ തൂലിക ചലിച്ചുകൊണ്ടിരുന്നു. മുതലാളിത്തം തകര്‍ച്ച നേരിടുകയാണെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു.
എന്തും വായിക്കും. പി ജിക്ക് വായനയില്‍ സ്പെഷ്യലൈസേഷനുണ്ടായിരുന്നില്ല. നോവലും കഥയും ലേഖനവുമെല്ലാം വായിച്ചുകൂട്ടും. എഴുതുന്നതിലും പ്രത്യേകതകളുണ്ടായില്ല. വിദേശ കാര്യത്തെക്കുറിച്ച് എഴുതുന്നത് പോലെ നാട്ടിന്‍പുറത്തെ കുറിച്ചും പീജി വ്യാകുലപ്പെട്ടു. സൈദ്ധാന്തികതയും ശാസ്ത്രവും വേദവുമെല്ലാം എഴുത്തിന് വിഷയമാക്കി. വായനയും എഴുത്തും പീജിക്കൊരു ലഹരിയായിരുന്നു. ഇക്കാര്യത്തില്‍ ഒന്നും അന്യമായില്ല. പുതിയ അറിവുകള്‍ തേടി പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു.
അടുത്തകാലം വരെ എന്നും എ.കെ.ജി സെന്ററിലെത്തി. എഴുത്തിനും വായനയ്ക്കും വേണ്ടിയായിരുന്നു ഈ വരവ്. വാര്‍ധക്യം, അനാരോഗ്യം, കാഴ്ച്ചക്കുറവ്, കേള്‍വിയില്ലായ്മ എന്നിവയെല്ലാം പീജിയുടെ വായനയ്ക്ക് മുന്നില്‍ തോറ്റു. വാര്‍ധക്യം എഴുത്തിന് തടസം നിന്നപ്പോള്‍ പറഞ്ഞ് കൊടുത്ത് എഴുതിപ്പിച്ചു.
വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം അവിടെ കിട്ടാവുന്ന പുസ്തകങ്ങള്‍ സ്വന്തമാക്കി. വായിച്ചതെല്ലാം ഓര്‍മ്മയില്‍ സൂക്ഷ്മമായി അടുക്കിവെച്ചു. തീരെ വയ്യാതിരുന്നിട്ടും മുഴുവന്‍ പത്രങ്ങളും സൂക്ഷ്മമായി വായിച്ചു. അവിടെ തീര്‍ന്നില്ല. വാര്‍ത്തകളെ വിശകലനം ചെയ്തു. വിലയിരുത്തി ലേഖനമെഴുതി.
കറുത്തഫ്രെയിമില് കട്ടിക്കണ്ണട എപ്പോഴും മുഖത്തുണ്ടാകുമെങ്കിലും വായിക്കാന്‍ ഇത് പോരാതെ വരുമ്പോള്‍ അധികമായി ഒരു ലെന്‍സും കയ്യില്‍ കരുതി. വഴിയരികില്‍ വായിച്ച് നിന്ന്, എന്തിന് പുറപ്പെട്ടെന്ന കാര്യം മറന്ന് പോയ സംഭവം പീജിയുടെ അടുപ്പക്കാര്‍ പറയും. കുടുംബസമേതം ദല്‍ഹിയില്‍ പോയപ്പോള്‍ പുസ്തകം വാങ്ങാന്‍ കയറി കുടുംബത്തെ മറന്നുപോയതും മറ്റൊരു സംഭവം.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: