കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ക്ക് പ്രിയം സ്റ്റാലിനിസമാണെന്ന വിമര്‍ശനമുണ്ട്. എന്നാല്‍ ആ വിമര്‍ശനത്തിന് അവകാശിയാകാന്‍ നിന്നുകൊടുക്കാത്ത മാര്ക്സിസ്റ്റുകാരനായിരുന്നു വ്യാഴാഴ്ച രാത്രി അന്തരിച്ച പി.ഗോവിന്ദപ്പിള്ള. കമ്മ്യൂണിസ്റ്റുകാരിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റും ജനാധിപത്യവാദികളിലെ യഥാര്‍ത്ഥ ജനാധിപത്യവാദിയുമായ പി.ഗോവിന്ദപ്പിള്ള എല്ലാംകൊണ്ടും മാര്‍ക്സിസ്റ്റുകാരിലെ വേറിട്ട വ്യക്തിത്വമാണെന്ന് നിസ്സംശയം പറയാം. എഴുത്തും വായനും പ്രഭാഷണവുമെല്ലാം ജീവിതത്തിന്റെയും ദിനചര്യയുടെയും ഭാഗമാക്കിയ പി.ജി കേരളീയ സമൂഹത്തിന്റെ ചരിത്രബോധത്തിന്റെയും ശാസ്ത്രീയവികാസത്തിന്റെയുമെല്ലാം മൂലകല്ലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രീയ രചന സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ഗോവിന്ദപ്പിള്ളയുടെ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും വഹിച്ച പങ്ക് ചെറുതല്ല.
തത്വചിന്തകന്‍ മാത്രമായിട്ടല്ല പിജി അറിയപ്പെടുന്നത്. സാഹിത്യം, ചരിത്രം, ധനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഫോക്ലോര്, സിനിമ, സിനിമാനിരൂപണം, ഗ്രന്ഥരചന തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തവും ശക്തവുമായ സാന്നിദ്ധ്യമുറപ്പിച്ച ഗോവിന്ദപ്പിള്ള ഒരര്‍ത്ഥത്തില്‍ സര്‍വ വിജ്ഞാനകോശം എന്നുള്ള വിശേഷണത്തിന് തികച്ചും അനുയോജ്യന്തന്നെയാണ്. പ്രത്യയശാസ്ത്ര കടുംപിടുത്തമില്ലാതെ മറ്റുള്ള ചിന്താഗതികളെ കേള്‍ക്കാനും കൊള്ളാവുന്നവ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല. വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച പിജി അസാമാന്യജ്ഞാനിയും കേരളത്തിലെ ഏറ്റവും വലിയ വായനക്കാരനെന്ന വിശേഷണം ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയുമായിരുന്നു. 30,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി സ്വന്തമായുണ്ടാക്കി. കണ്ണും കാതും പണിമുടക്കിയപ്പോഴും മനസ്സ് മടുക്കാതെ അദ്ദേഹം വായിച്ചും കേട്ടും തന്റെ താല്പര്യം ഉയര്‍ത്തിപ്പിടിച്ചു.
വിദ്യാഭ്യാസകാലത്തു ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു നാലുതവണ ജയില്‍വാസം അനുഭവിച്ചു. ജയില്‍വാസക്കാലം ഹിന്ദി, തമിഴ്, കന്നട ഭാഷകള്‍ പഠിക്കാന്‍ വിനിയോഗിച്ചു. ലിലിയന് വോയ്നിച്ചിന്റെ ‘കാട്ടുകടന്നല്‍’ പരിഭാഷപ്പെടുത്തിയതു ജയില്‍വാസത്തിനിടയ്ക്കാണ്. 1951ല്‍ ഇരുപത്താറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരുകൊച്ചി നിയമസഭയിലേക്കു ജയിച്ചു. 1953 മുതല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗമായ പിജി, കേരള നിയമസഭയിലും രണ്ടുവണ അംഗമായി. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തി. 1957ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പെരുമ്പാവൂരില്‍നിന്നാണ് നിയമസഭയിലേക്കു വിജയിച്ചത്.
1960ല്‍ മല്‍സരിച്ചു തോറ്റു. 67ലും പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ‘മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും എന്ന പഠനഗ്രന്ഥത്തിന് 1988ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ നൂറു വാല്യങ്ങളുള്ള സമാഹാരം പ്രസിദ്ധപ്പെടുത്തിയതിന്റെ ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആശയ പ്രചാരകനുമായിരിക്കുമ്പോഴും പാര്‍ട്ടിനയങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പി.ഗോവിന്ദപ്പിള്ളയ്ക്കു പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. ഇഎംഎസ്സിനെ പോലെ തന്നെ സൈദ്ധാന്തികരായിരുന്നു കെ.ദാമോദരനും എന്‍.ഇ.ബലറാമുമെന്നും ഉറച്ചുവിശ്വസിച്ചു. അക്കാര്യം ഉറക്കെ പറഞ്ഞതിന് പാര്‍ട്ടി നടപടി നേരിടേണ്ടിയും വന്നു. മൂര്‍ച്ചയുള്ള ആ നാവും തൂലികയും പലതവണ പാര്‍ട്ടി ശാസനയും നടപടിയും ഏറ്റുവാങ്ങി. സെയിലന്റ് വാലി വിവാദത്തില്‍ സിപിഎം നയത്തിനു വിരുദ്ധമായി ശാസ്ത്ര സാഹിത്യ പരിഷത്തിനോടൊപ്പം നിന്നു പദ്ധതിയെ എതിര്‍ത്ത പിജി, പാര്‍ട്ടിയുടെ അപ്രീതിക്കു പാത്രമായെങ്കിലും ബഹുജനങ്ങളുടെ പ്രശംസ നേടി.
അടിയന്തരാവസ്ഥക്കാലത്തു നക്സലൈറ്റ് നേതാവായ കെ. വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും പാര്‍ട്ടി വിമര്‍ശനം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെടാന്‍ പിജി തന്ത്രം മെനഞ്ഞതായും പാര്‍ട്ടി കുറ്റപ്പെടുത്തുകയുണ്ടായി. കര്‍ണാടകയില്‍ നാടന്‍പാട്ടു ഗവേഷണത്തിന് അദ്ദേഹം പോയതിനെപ്പറ്റിയായിരുന്നു ആരോപണം. അതേച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടപ്പെട്ടതും വിസ്മരിക്കാനാവില്ല. ചൈനയിലെ ടിയനന്മെന് സ്ക്വയറില്‍ സ്വാതന്ത്ര്യദാഹികളായ യുവജനങ്ങളെ ഡെങ്ങ് സിയാവോ പിങ്ങിന്റെ സൈന്യം കൂട്ടക്കൊല ചെയ്തപ്പോള്‍ അതിനെതിരെ തൂലിക ചലിപ്പിക്കാന്‍ ഇദ്ദേഹം ധൈര്യംകാട്ടി. അതിനും പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേര്‍വഴികാട്ടിയ പി.ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഇന്നെല്ലാവരും മത്സരിച്ച് വാഴ്ത്തുകയാണ്. അതേ ഗോവിന്ദപ്പിള്ളയെയാണ് പാര്‍ട്ടി പാതിവഴിക്ക് ഉപേക്ഷിച്ച് സംതൃപ്തിയടഞ്ഞത്. കേരള പ്രസ് അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും അധ്യക്ഷനെന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പി.ഗോവിന്ദപ്പിള്ളയ്ക്ക് സാധിച്ചു. ലളിതജീവിതമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. സമ്പന്നമായ തറവാട്ടില്‍ ജനിച്ച് സുഹൃദ്ബന്ധവും ബന്ധുബലവും ഏറെ ഉണ്ടായിട്ടും തലസ്ഥാന നഗരിയിലൂടെ തോളിലൊരു സഞ്ചിയും തൂക്കി നടന്നുനീങ്ങിയിരുന്ന ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഒരിക്കല്‍ സുകുമാര്‍ അഴിക്കോട് എഴുതിയത് ‘കീറച്ചാക്കില്‍ സ്വര്‍ണവുമായി നടക്കുന്നു’ എന്നാണ്. മാര്‍ക്സിസത്തിന് മാനുഷികമുഖം നല്കാന് ശ്രമിച്ച സൈദ്ധാന്തികനെന്ന നിലയില്‍ ഭൗതികദേഹം ഇന്നില്ലെങ്കിലും അദ്ദേഹം എന്നെന്നും ഓര്‍മ്മിക്കപ്പെടും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: