ഗുരുവായൂര്‍: അരനൂറ്റാണ്ടിലധികം കാലം ഗുരുവായൂരപ്പന്റെ തിടമ്പേറ്റി പ്രശസ്തിയിലേക്കുയരുകയും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്ത ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികളായ ഗജവീരന്മാരുടെ സ്നേഹപ്രണാമം.
ഇന്നലെ ദശമി വിളക്കിന്റെ ആഘോഷവേളയില്‍ ഗജരാജ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. രാവിലെ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്റെ നേതൃത്വത്തില്‍ ദേവസ്വത്തിലെ 25ഓളം ആനകള്‍ നാദസ്വരത്തിന്റെ അകമ്പടിയില്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിയായിരുന്നു പ്രണാമം.
കേശവന്റെ ചിത്രം ഗുരുവായൂര്‍ പത്മനാഭനും ഗുരുവായൂരപ്പന്റെ കോലം ബലറാമും വഹിച്ചു. തുടര്‍ന്ന് ഗുരുവായൂരപ്പനെ വണങ്ങിയശേഷം കേശവന്റെ പൂര്‍ണ്ണകായ പ്രതിമക്ക് മുന്നിലെത്തി സ്മരണ പുതുക്കി. ഗജരാജസ്മരണ പുതുക്കുന്നതിന്റെ ചടങ്ങിലേക്കായി നൂറുകണക്കിന് ആനപ്രേമികളും ഒഴുകിയെത്തി. ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന്, പി.കെ. ജയശ്രീ, ഭരണസമിതി അംഗങ്ങളായ ശിവശങ്കരന്, മധുസൂദനന് പിള്ള, എന്‍.രാജു എന്നിവര്‍ നേതൃത്വം നല്കി. ഇന്നലെ ദശമി വിളക്ക് ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് ഗുരുപവനപുരിയിലെത്തിയത്.
ഏകാദശി ദിവസമായ ഇന്ന് പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയാണ് ഇന്നത്തെ ഉദയാസ്തമനപൂജ. രാവിലെ മേളത്തോടുകൂടിയുള്ള കാഴ്ചശീവേലിക്ക് ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് ഭഗവാന്റെ തിടമ്പേറ്റും. ഒമ്പത് മണിയോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഗോതമ്പ് ചോറ് രസകാളന്‍ എന്നിവ നല്‍കും. ഏകാദശിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചെയര്മാന് ടി.വി.ചന്ദ്രമോഹന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: