കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക വ്യാഖ്യാനങ്ങളുടെയും വായനയുടെയും ലോകത്ത് വിഹരിച്ച പി. ഗോവിന്ദപിള്ളയെ നിയന്ത്രിച്ചത് മാര്‍ക്സിസ്റ്റ് രീതിശാസ്ത്രങ്ങളുടെ കാര്‍ക്കശ്യങ്ങളില്‍ തളച്ചിടപ്പെട്ട ബുദ്ധിയായിരുന്നില്ല; മറിച്ച് സൗമ്യവും സ്നേഹനിര്‍ഭരവും സൗഹൃദ പൂര്‍ണ്ണവുമായ ഹൃദയമായിരുന്നു. ടിയാന്മെന് ചത്വരത്തില്‍ യുവാക്കള്‍ക്ക് നേരെ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നിറയൊഴിച്ചപ്പോള്‍ ആ ഹൃദയം തേങ്ങിപ്പോയത് അതു കൊണ്ടായിരുന്നു.
ആശയപരമായ വ്യത്യസ്തത പുലര്‍ത്തുന്നവരോട് പി.ജി. വ്യക്തിപരമായ സൗഹൃദം നിലനിര്‍ത്തി. ഭാരതീയവിചാരകേന്ദ്രത്തിന്റെ നിരവധി പരിപാടികളില്‍ തന്റെ വാദമുഖങ്ങള്‍ ശക്തിയായി അവതരിപ്പിക്കാന്‍ പി.ജി. സമയം കണ്ടെത്തി. വിചാരകേന്ദ്രത്തിന്റെ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി.ജിയായിരിക്കാം. ഭാരതീയവിചാര കേന്ദ്രത്തിന്റെ ഡയറക്ടര്‍ പി. പരമേശ്വരനുമായുള്ള അടുത്ത ബന്ധമായിരിക്കാം ഇതിന് ഒരു കാരണം. പരമേശ്വര്‍ജിയുടെ എഴുപതാം പിറന്നാളിന് മുഹമ്മയിലെ വീട്ടിലെത്തി ആശംസകള്‍ നേരാന്‍ ഗോവിന്ദപിള്ള സമയം കണ്ടെത്തിയത് ആ സ്നേഹസൗഹൃദത്തിന്റെ ആഴം കൊണ്ടുതന്നെയാണ്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനകേന്ദ്രത്തിന്റെ ചുമതലക്കാരനും പരമേശ്വര്‍ജിയുടെ സഹചാരിയുമായ വി. സുരേന്ദ്രനുമായുള്ള പി.ജി.യുടെ ആത്മബന്ധം ഏറെ ദൃഢമായിരുന്നു. ആര്.എസ്.എസ്. പ്രചാരകനായ വി. സുരേന്ദ്രന് പി.ജിയുടെ ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. സുരേന്ദ്രന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തുന്ന അപൂര്‍വ്വം ചിലരില്‍ ഒന്ന് പി.ജി. തന്നെയായിരിക്കും. ഭാരതീയവിചാരകേന്ദ്രത്തിന്റെ ആദ്യ സ്ഥാനമായ തിരുവനന്തപുരം കോട്ടയ്ക്കകത്തെ സംസ്കൃതിഭവനിലെ ഒന്നാം നിലയിലേക്ക്് കോണിപ്പടികള്‍ കയറി പി.ജി. എത്തിയത് പലപ്പോഴും സുരേന്ദ്രനുമായി കുശലം പറയാനായിരിക്കും.
ഒരു പിറന്നാള്‍ ദിനത്തില്‍ സുരേന്ദ്രന് തന്നെ ഉണ്ടാക്കിയ പിറന്നാള്‍ സദ്യ കഴിച്ചതിനുശേഷം ഇലയെടുക്കാന്‍ തുടങ്ങിയ പി.ജിയെ ആരോ തടഞ്ഞപ്പോള്‍ തന്റെ ആദ്യകാല ആശ്രമ അനുഭവം ഓര്‍ത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇതൊരാശ്രമതുല്യമായ സ്ഥലമാണ്. ഇവിടെ ഞാന്‍ ഇലയെടുക്കുന്നത് തന്നെയാണ് ഉചിതം.’ എല്ലാ പിറന്നാള്‍ ദിനത്തിലും പരസ്പരം സന്ദര്‍ശിച്ച് ആശംസകള്‍ പറയുക എന്നത് പിജിയും സുരേന്ദ്രനും ഒഴിവാക്കുമായിരുന്നില്ല. എന്നാല്‍ പി.ജി.യുടെ യാത്രാ വേളകളില്‍ ചിലപ്പോള്‍ അത് സാധിച്ചുവെന്ന് വരില്ല. 1995 ലെ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് ചണ്ഡീഗഢിലായിരുന്നു. ഏപ്രില്‍ 7ന് സുരേന്ദ്രന്റെ പിറന്നാള്‍ ഓര്‍മ്മിച്ചുകൊണ്ട് പി.ജി. 6ന് ദീര്‍ഘമായ ഒരു കത്ത് അവിടെ നിന്ന് സുരേന്ദ്രന് അയച്ചു. ‘പിറന്നാളിന് നിങ്ങളോടൊത്ത് കഴിയണമെന്ന് മോഹമുണ്ടെങ്കിലും സാധ്യമല്ലല്ലോ’ എന്നു തുടങ്ങുന്ന കത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആശംസകള്‍ നേരുകയും ചെയ്തു.
ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള എതിര് നിലപാടുകള്‍ രൂക്ഷമാക്കുന്നതാണ് സമ്മേളനത്തിന്റെ പൊതുനിഗമനങ്ങള്എന്നും മഹാരാഷ്ട്രയിലെ ശിവസേനയുമായുള്ള സഖ്യം അത് കൂടുതല്‍ രൂക്ഷമായ എതിര്‍പ്പായി മാറുമെന്നും പി.ജി. കത്തില്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയം കൂടുതല്‍ എഴുതുന്നില്ല എന്ന് പറഞ്ഞുകൊണ്ട് 30 വര്‍ഷത്തിനുശേഷം ചണ്ഡീഗഢില്‍ വീണ്ടും എത്തിയപ്പോള്‍ അനുഭവപ്പെട്ട കാര്യങ്ങള്‍ വിശദമായി എഴുതുന്നു. ലെ കോര്ബുസിയര് എന്ന ഫ്രഞ്ച് കവിയും വാസ്തുശില്പിയും രൂപകല്പന ചെയ്ത ഛണ്ഡീഗഢ് എന്ന മനോഹര നഗരത്തില്‍ ക്ഷേത്രങ്ങളില്‍ നിന്നും ഗുരുദ്വാരകളില്‍ നിന്നുമുള്ള കീര്‍ത്തനങ്ങള്‍ വര്‍ണ്ണഭംഗി കൂടാതെ പ്രഭാതങ്ങള്‍ക്ക് ശ്രൂതിസംഗീതവും നല്‍കുന്നുവെന്ന് പിജി വിവരിക്കുന്നു. ഈ മനോഹരഭൂമിയിലാണല്ലോ നിരപരാധികളുടെ രക്തം കൊണ്ട് ഭീകരന്മാരായ രാജ്യ ദ്രോഹികള്‍ രക്ത പങ്കിലമാക്കിയതെന്നോര്ത്ത് പി.ജി. വ്യസനവും രോഷവും പങ്കുവെക്കുന്നു. സുരേന്ദ്രനെയും കൂട്ടി എന്നെങ്കിലുമൊരിക്കല്‍ ഇവിടെ വരണം എന്ന മോഹം നടക്കുമോ എന്ന് നിശ്ചയമില്ല എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.
സൈദ്ധാന്തിക പഠനങ്ങളുടെയും ചര്‍ച്ചകളുടെയും വായനയുടെയും ഹിമാലയന്‍ ശിഖരങ്ങളില്‍ വിഹരിക്കുമ്പോഴും താഴെ വ്യക്തിപരസൗഹൃദത്തിന്റെ ആഴങ്ങളില്‍ ഹൃദയം ചേര്‍ത്തുവെക്കാനും പിജിക്ക് കഴിഞ്ഞിരുന്നു. ആഗമാനന്ദസ്വാമികളുമായുള്ള സമ്പര്‍ക്കം സമ്മാനിച്ച ലളിതജീവിതത്തിന്റെ പാഠങ്ങള്‍ ജീവിതാവസാനം വരെ പാലിക്കാന്‍ പി.ജി.ക്ക് കഴിഞ്ഞു.
>> എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: