ജെറുസലേം: ഇസ്രയേലിന്റെ വാണിജ്യ തലസ്ഥാനമായ ടെല്‍ അവീവില്‍ ബസിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്ചതു. ബസില്‍ ബോംബ് വെച്ചത് ഇയാളെന്നാണ് പോലീസ് നിഗമനം. അറബ് വംശജനായ ഇസ്രയേല്‍ യുവാവാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഹമാസുമായി ഇസ്രേല്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയതിന് പിന്നാലെയായിരുന്നു ടെല്‍ അവീവില്‍ ബസില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിരുന്നു.എന്നാല്‍ അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ ഇസ്രേല്‍ പുറത്തുവിട്ടിട്ടില്ല. ഹമാസുള്‍പ്പെടെയുള്ള ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ ഇയാളെ ഇതിന് ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ ഹമാസിന് പങ്കുണ്ടെന്ന് ആദ്യം മുതല്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു.
അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും ആദ്യന്തര സുരക്ഷാ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഹമാസും ഇസ്രയേലും വെടിനര്‍ത്തല്‍ അംഗീകരിച്ചതോടെ ഒരാഴ്ച്ച നീണ്ടുനിന്ന ഏറ്റുമുട്ടലിനുശേഷം ഗാസ സാധാരണനിലയിലായി. വ്യോമാക്രമണം പേടിച്ച വീടിനുള്ളില്‍ തന്നെ കഴിഞ്ഞവര്‍ ഇന്നലെ നിരത്തിലിറങ്ങാന്‍ തുടങ്ങി. പലരും പരസ്പരം സന്തോഷം പങ്കുവെച്ചു. വിജയം അവകാശപ്പെട്ട ഹമാസും ഇസ്രയേലും സന്തോഷം പങ്കുവെച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചതിനുശേഷവും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 177 പലസ്തീനികള്‍ മരിച്ചെന്നാണ് ഇസ്രയേലിന്റെ കണക്കുകളില്‍ പറയുന്നത്. ഇതില്‍ 37 കുട്ടികളും 11പേര് സ്ത്രീകളുമാണ്. ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി, യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഇരു പക്ഷവും വെടിനിര്‍ത്തലിലെ ധാരണകള്‍ പാലിക്കണമെന്ന് യുഎന്‍ രക്ഷാസമിതി നിര്‍ദ്ദേശിച്ചു. സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ ലോകനേതാക്കളെ യുഎന്‍ അഭിനന്ദിച്ചു. 55 ഭീകരവാദികളെ പിടികൂടിയതായി ഇസ്രയേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: