കാബൂള്‍: വെള്ളിയാഴ്ച കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ നടത്തിയ കാര്‍ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തതായി താലിബാന് വക്താവ് സാബിയുള്ള മുജാഹിദ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ജയിലില്‍ നാല് താലിബാന് തടവുകാരെ തൂക്കിക്കൊന്നതിനുള്ള മറുപടിയാണ് ഈ ആക്രമണമെന്നും സാബിയുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, കുട്ടികള്‍ക്കെതിരെയുള്ള പീഡനം, എന്നിങ്ങനെ വ്യത്യസ്ത കേസുകളിലായിട്ടാണ് അഫ്ഗാന് കോടതി അവരെ വധശിക്ഷക്ക് വിധിച്ചത്. ജയിലില്‍ പാര്‍പ്പിച്ചിരുന്നവര്‍ യുദ്ധതടവുകാരായിരുന്നുവെന്നും വധശിക്ഷ നല്‍കിയത് അനീതിയാണെന്നും ഇതിനെ കുറ്റപ്പെടുത്തി താലിബാന് പ്രതികരിച്ചു. അന്താരാഷ്ട്ര സുരക്ഷാസേനയുടേയും അഫ്ഗാന് സുരക്ഷാസേനയുടേയും സംയുക്ത കാര്യാലയം സ്ഥിതി ചെയ്യുന്ന തെരുവില്‍ രാവിലെ 7.30 നോട് അടുത്താണ് സ്ഫോടനം നടന്നതെന്ന് വര്‍ദ്ധക് പ്രവിശ്യയുടെ വക്താവ് ഷാഹിദുള്ള ഷാഹിദ് പറഞ്ഞു.
വര്‍ധക് പ്രവിശ്യയുടെ തലസ്ഥാനമായ മൈതാന്‍ ഷെഹറില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് ചാവേറുകള്‍ ഉള്‍പ്പെട്ടതായി താലിബാന് അറിയിച്ചു. അനേകം അഫ്ഗാന് പട്ടാളക്കാരെ വധിച്ചതായി ആക്രമണം നടത്തിയ സായുധ സംഘം അവകാശപ്പെടുന്നുണ്ടെങ്കിലും മരണപ്പെട്ടവരുടേയും മുറിവേറ്റവരുടേയും സംഖ്യ താലിബാന് പൊലിപ്പിച്ചു പറയുക സാധാരണയാണ്. വടക്ക് അഫ്ഗാന് തലസ്ഥാനത്തേക്ക് ഭീകരര്‍ നീങ്ങുന്നത് തടയുന്നതിനായി വര്‍ധക് പ്രവിശ്യയില്‍നിന്ന് സായുധ സംഘത്തെ തുരത്തുവാന്‍ അന്താരാഷ്ട്ര സുരക്ഷാ സേനയും അഫ്ഗാന് സുരക്ഷാ സേനയും സംഘടിതമായ ശ്രമങ്ങള്‍ നടത്തിവരുകയാണ്. 2014 അവസാനത്തോടെ അന്താരാഷ്ട്ര സേന സുരക്ഷാ ഉത്തരവാദിത്തങ്ങള്‍ പ്രാദേശിക സൈന്യത്തിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: