കൊച്ചി: ഡിസംബര്‍ 31 ന് മുമ്പായി സംവരണ ഒഴിവുകള്‍ നികത്താന്‍ വിജ്ഞാപനമായതായി മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. പിഎസ്സിയില് പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിനുള്ള സംവരണ ഒഴിവുകള്‍ 2008 വരെയുള്ളത് മാത്രമാണ് നികത്തിയിട്ടുള്ളത്. എന്നാല്‍ 2008 മുതല്‍ 2011 വരെയുള്ള സംവരണ ഒഴിവുകള്‍ ഡിസംബര്‍ 31 ന് മുമ്പായി നികത്തുന്നതിന് വിജ്ഞാപനം ഇറക്കി. കഴിഞ്ഞദിവസം മന്ത്രിമാരായ കെ.പി. അനില്‍കുമാറും പി.കെ. ജയലക്ഷ്മിയും പിഎസ്സി ചെയര്‍മാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒഴിവുകള്‍ നികത്താന്‍ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ എസ്സി, എസ്ടി എംപ്ലോയീസ് സംയുക്ത വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഒന്നാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ജയലക്ഷ്മി. പട്ടികജാതിക്കാര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ. ബാബു പറഞ്ഞു. സംവരണാനുകൂല്യങ്ങള്‍ മാത്രം കാത്തിരിക്കാതെ സ്വന്തമായി മുന്നേറാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് എ.ഒ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വെങ്ങാനൂര്‍ സുരേഷ്, കുറ്റിപ്പുറം ഗോപാലന്, ടി. കണ്ണന്, സന്ധ്യാരാജു, എ.ബി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: