കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ മുന്‍ പോലീസുകാരന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. 2000 സപ്തംബര്‍ 19ന് ഭാര്യ നീന(34)യെ കൊലപ്പെടുത്തിയ കുരാച്ചുണ്ട് എടാട്ടുകുഴിയില് വീട്ടില്‍ ജോസി(40)ന്റെ ജീവപര്യന്തമാണ് ഹൈക്കോടതി ജഡ്ജിമാരായ എം.ശശിധരന് നമ്പ്യാര്‍, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ശരിവച്ചത്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജോസിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി ശരിവച്ചു. അവിഹിതബന്ധമുണ്ടായിരുന്ന സ്ത്രീയെ വിവാഹം ചെയ്യാന്‍ വേണ്ടി ജോസ് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന് വാദം. 13 വര്‍ഷം പോലീസില്‍ സേവനമനുഷ്ഠിച്ച ജോസ് കാമുകിയുടെ ക്ഷണം സ്വീകരിച്ച് ജോലി രാജിവച്ച് ഗള്‍ഫിലെത്തി. കൊല ചെയ്യുന്നതിന് ഒരു മാസം മുമ്പ് നാട്ടിലെത്തിയ ജോസ് രണ്ടു മക്കളെ തറവാട്ടിലാക്കി ഭാര്യ നീനയുമായി പോട്ട ധ്യാനകേന്ദ്രത്തില്‍ പോയിരുന്നു. അവിടെ നിന്നും കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഭാര്യയുമൊത്ത് വീട്ടിലെത്തി. തുടര്‍ന്ന് നീനയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയറുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.
വീട്ടില്‍ രണ്ടു ചെറുപ്പക്കാര്‍ വരികയും അവര്‍ തന്നെ തള്ളിയിട്ടിട്ടു പോയെന്ന് കള്ളക്കഥ ചമയ്ക്കുകയും ചെയ്തു. അനുജന്റെ മരുന്നിനു കുറുപ്പടി എടുക്കാനെന്ന വ്യാജേന രണ്ടു പേരെ വീട്ടിലേക്ക് ജോസ് അയച്ചിരുന്നു. വീട്ടിലെത്തിയ ഇവര്‍ നീന തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. രക്ഷപ്പെടുത്താനെന്ന വ്യാജേന സാരി അറുത്ത് മറ്റാളുകള്‍ക്കൊപ്പം ജോസ് ഭാര്യയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടോം ജോസ് പടിഞ്ഞാറെക്കര ഹൈക്കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: