പെരുമ്പാവൂര്‍: വ്യാപാരികളുടെ വേതനം വര്‍ധിപ്പിക്കാതെ റേഷന്‍ സബ്സിഡി നേരിട്ട് നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതിയോട് റേഷന്‍ വ്യാപാരികള്‍ സഹകരിക്കില്ല. ഇതിന്റെ ഭാഗമായി 2013 ജനുവരി ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് ലൈസന്‍സ് തിരിച്ചേല്‍പ്പിക്കുന്നതിന് വ്യാപാരികള്‍ ഒരുങ്ങുകയാണെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍, സംസ്ഥാന സെക്രട്ടറി എന്‍.ബി.ശിവദാസ് എന്നിവര്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികളുമായി യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റേഷന്‍ സബ്സിഡി കടകളില്‍നിന്നും പിന്‍വലിക്കുന്നതിനെതിരെ ഈമാസം 26 ന് കോട്ടയത്തും ഡിസംബര്‍ 17 ന് തിരുവനന്തപുരത്തും ധര്‍ണ നടത്തും. കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാതെയും എഫ്സിഐയില്‍നിന്ന് അരിയെടുത്ത് വിതരണം ചെയ്യാതെയും സംസ്ഥാന ഭക്ഷ്യവകുപ്പ് കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ്. ഓണത്തിന് കേന്ദ്രം അനുവദിച്ച 60,000 മെട്രിക് ടണ്‍ അരി ഏറ്റെടുക്കാതെ കെട്ടിക്കിടക്കുകയാണ്.
13 വര്‍ഷംമുമ്പ് തയ്യാറാക്കിയ ബിപിഎല്‍ ലിസ്റ്റ് പ്രകാരം 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്കും 42 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്കും അരി നല്‍കുന്നുണ്ട്. ഇതില്‍ 15 ലക്ഷം പേര് അര്‍ഹതയില്ലാത്തവരാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അംഗങ്ങളുടെ എണ്ണം അനുസരിച്ച് അരിവിഹിതം നിശ്ചയിച്ചാല്‍ സബ്സിഡി തുക കുറയ്ക്കാന്‍ കഴിയുമെന്ന് വ്യാപാരികള്‍ പറയുന്നു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ വകുപ്പും വിവിധ വിഭാഗം അധികൃതരും പരിശോധന നടത്തിയിട്ടും അനര്‍ഹരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
റേഷന്‍ കാര്ഡുകളനുസരിച്ച് കേന്ദ്ര അരിവിഹിതം ലഭിക്കുന്നില്ല. കേന്ദ്ര മാനദണ്ഡമനുസരിച്ച് സംഭരിക്കുന്ന അരിയില്‍ 62000 ടണ്‍ ഉച്ചക്കഞ്ഞിക്കായാണ് നല്‍കുന്നത്. ഇത് കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ മാത്രമാണ് കുത്തരി നല്‍കുന്നത്. ഈ വിവേചനം അവസാനിപ്പിച്ച് 14 ജില്ലകള്‍ക്കും കുത്തരി നല്‍കണമെന്ന് ബേബിച്ചന് മുക്കാടന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: