കൊല്ലം: വനം വകുപ്പില്‍ സമൂലമായ മാറ്റം വരുത്തികൊണ്ടിരിക്കുകയാണെന്ന് വനം മന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞു.
കൊല്ലത്ത് വനശ്രീ മൊബെയില്‍ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സുതാര്യവും വേഗതയുമാണ് ഭരണത്തിന്റെ കാര്യക്ഷമതക്ക് നിദാനമെന്നും മന്ത്രി പറഞ്ഞു.
വനാശ്രിത സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അതിന്റെ തനിമയും ഗുണവും ചോരാതെ എത്തിക്കാന്‍ മൊബെയില്‍ യൂണിറ്റിന് കഴിയും. 50 ലക്ഷം രൂപയാണ് വില്‍പ്പന ലക്ഷ്യം. തൃശൂര്‍ കേന്ദ്രമായി മറ്റൊരു യൂണിറ്റ് കൂടി മൂന്നു മാസത്തിനകം തുടങ്ങും. ആയൂരില്‍ വനശ്രീ സ്റ്റാള്‍ തുടങ്ങും. ഔഷധിയുടെ ഉത്പന്നങ്ങളും ഇവിടെ വില്‍പ്പനക്കുണ്ടാകും. ശബരിജലം കുടിവെള്ളം കുപ്പിയില്‍ ആറുമാസത്തിനകം മാര്‍ക്കറ്റില്‍ എത്തിക്കും. വനം വകുപ്പില്‍ 700 ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കും. അച്ചന്‍കോവില്‍ -അലിമുക്ക് റോഡ് ഉടന്‍ പണി പൂര്‍ത്തിയാക്കും.
പതിനാറായിരം രൂപക്ക് അഞ്ച് ക്യൂബിക് മീറ്റര്‍ മണല്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും. പരമാവധി രണ്ട് ലോഡ് മണല്‍ ഉപഭോക്താവിന് ഇടനിലക്കാരില്ലാതെ നല്‍കും. ശിവഗിരിയില്‍ അടുത്തവര്‍ഷം മുതല്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി വൃക്ഷതൈകള്‍ നല്‍കുന്ന പദ്ധതിയും ആരംഭിക്കും.
കൊല്ലത്ത് കായികരംഗത്ത് വന്‍കുതിച്ചുചാട്ടം ലക്ഷ്യമാക്കി സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കും. 50 ലക്ഷം ചെലവാക്കി സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.സി.എഫ് ത്രിവേദിബാബു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ആര്‍ ഗോപാലകൃഷ്ണപിള്ള, കൗണ്‍സിലര്‍ സി വി അനില്‍കുമാര്‍, എക്സ് എം എല്‍ എമാരായ കടവൂര്‍ ശിവദാസന്‍, യൂനുസ്കുഞ്ഞ്, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍ രാമചന്ദ്രന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, ഹരികുമാര്‍, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: