ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സജീവത ലഭിക്കുന്ന ഇടമാണ് കേരളം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വാക്യുദ്ധങ്ങളും നിയമ യുദ്ധങ്ങളും നിരവധി കൊച്ചുകേരളത്തില്‍ നടന്നിട്ടുണ്ട്. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന് പറയുന്നതുപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലും രണ്ടു പക്ഷം ചേര്‍ന്നുള്ള വാഗ്വാദങ്ങള്‍ക്കും വേദിയായിട്ടുണ്ട് കേരളം.
സിനിമയിലും നാടകത്തിലും സാഹിത്യത്തിലുമൊക്കെ എന്തു വിവാദമുണ്ടാക്കിയാലും അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ലളിതവത്കരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്ന ഒരു സ്വഭാവവുമുണ്ട്. വിശ്വാസത്തെ തള്ളിപ്പറയുന്നവരും മറ്റുള്ളവരുടെ വികാരങ്ങള്‍ക്കും അഭിമാനത്തിനുമെല്ലാം മുറിവേല്‍പ്പിക്കുന്നവരും അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാക്കി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ ശേഷം അതെന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ചെയ്ത തെറ്റിനെ ന്യായീകരിക്കാനാണ് അത്തരക്കാര്‍ ശ്രമിക്കാറ്. ചിത്രകാരന് എം.എഫ്.ഹുസൈന് ഹിന്ദു ദേവതയായ സരസ്വതീദേവിയെ നഗ്നയാക്കി വരച്ചതും അധിക്ഷേപിച്ചതും വിവാദമായപ്പോള്‍ അതിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍പ്പെടുത്തി വാദിക്കാനാളുണ്ടായിരുന്നു.
സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ഭാരതത്തിന്റെ മുഖമുദ്രയെങ്കിലും ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ മൂക്കിന് തുമ്പില്‍ അവസാനിക്കുന്നു എന്നതാണ് സത്യം. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും ആര്‍ക്കും അനുവദിച്ചു തന്നിട്ടില്ല. സമൂഹത്തിന് ഹിതമല്ലാത്തത് ചെയ്യുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം. അത് സാഹിത്യമായാലും സിനിമയായാലും അനുവദിക്കാന്‍ പാടില്ല.
എന്തെല്ലാം പരസ്യമാക്കാം, എന്തെല്ലാം രഹസ്യമാക്കണമെന്നും പരസ്യമായി ചെയ്യരുതെന്നും സമൂഹം ചില നിര്‍ദ്ദേശങ്ങളും വിലക്കുകളും കല്പ്പിച്ചിട്ടുണ്ട്. ഇതെല്ലാം എഴുതിവച്ചിരിക്കുന്നനിയമങ്ങളായല്ല സമൂഹം പാലിച്ചു പോരുന്നത്. അല്ലാതെ തന്നെ സമൂഹത്തിന്റെ നേരായവഴിക്കുള്ള സഞ്ചാരത്തിന് ആവശ്യമായതിനാല്‍ സമൂഹം തന്നെ സ്വയം പാലിച്ചു പോരുന്ന കാര്യങ്ങളാണ്. ബസ്സില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് അടുത്തു നില്ക്കുന്ന സുന്ദരിയായ സ്ത്രീയോട് മാനസികമായി അടുപ്പം തോന്നിയാലും അതു പ്രകടിപ്പിക്കാതിരിക്കുന്നതും സമൂഹം നിലനിര്‍ത്തിപ്പോരുന്ന അപ്രഖ്യാപിതമായ ഈ വിലക്കുകള്‍ ഉള്ളതിനാലാണ്. എന്നാല്‍ ആ വിലക്കുകളെ അംഗീകരിക്കാത്ത ക്രിമിനല്‍ മനസ്സുള്ള ഒരു വ്യക്തി സ്ത്രീയോട് ബസ്സിനുള്ളില്‍ വച്ചു തന്നെ മോശമായി പെരുമാറിയേക്കാം. സമൂഹം നിലനിര്‍ത്തിപ്പോരുന്ന ഇത്തരം സദാചാര വിലക്കുകളാണ് സമാധാനത്തിന് കാവലായി മാറുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും കാണിക്കരുതാത്തത് കാണിക്കാതിരിക്കുകയും പറയാന്‍ പാടില്ലാത്തത് പറയാതിരിക്കുകയും ചെയ്യുന്നതാണ് സമൂഹത്തിന്റെ സമാധാന നടപ്പിന് നല്ലത്.
മലയാള സിനിമയിലെ പുതിയ വിവാദമാണ് ഇതിത്രയും കുറിക്കാന്‍ പ്രേരിപ്പിച്ചത്. സിനിമയില്‍ വിവാദങ്ങള്‍ പുതുമയല്ല. പതിവ് തമ്മില്‍ത്തല്ല് വിവാദങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാണ് ബ്ലസ്സിയുടെ പുതിയ ചിത്രമായ ‘കളിമണ്ണു’മായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത്. നടി ശ്വേതാ മേനോന്റെ ലൈവ് പ്രസവ ചിത്രീകരണമാണ് വിവാദത്തിനാധാരമായിരിക്കുന്നത്. ചിത്രീകരണം കഴിഞ്ഞ് ആഴ്ചകളായെങ്കിലും വിവാദത്തിനു തിരികൊളുത്തിയത് ഇപ്പോഴാണ്. നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് പ്രസവ ചിത്രീകരണത്തിനെതിരെ പൊതുചടങ്ങില്‍ പ്രതികരിച്ചതാണ് അതിനു കാരണമായത്. കേരളത്തില്‍ നിരവധി സ്ത്രീ സംഘടനകളുണ്ട്. എന്തിനും ഏതിനും പ്രതികരണങ്ങളുമായും സമരങ്ങളുമായും രംഗത്തു വരുന്നവര്‍ ഒരു പ്രസവം തത്സമയം ചിത്രീകരിക്കുന്നതിനും അത് സിനിമയില്‍ ഉപയോഗിക്കുന്നതിനും എതിരെ രംഗത്തു വന്നില്ല. ഇപ്പോള്‍ സ്പീക്കര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അവരും ഉണര്‍ന്ന്, എതിര്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു. സ്പീക്കര്‍ ജി.കാര്‍ത്തികേയനൊപ്പം മുന്‍ മന്ത്രി ജി.സുധാകരന് എംഎല്‍എയും ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി.
കളിമണ്ണ് എന്ന ചിത്രത്തില്‍ ശ്വേതാമേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം മാത്രം പുറത്തു വരുന്ന ചിത്രം ഇപ്പോള്‍ത്തന്നെ വന്‍ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. അതിന് കാരണം സിനിമയുടെ രംഗങ്ങളായി ശ്വേതാമേനോന്റെ പ്രസവം യഥാര്‍ഥമായി ചിത്രീകരിക്കുന്നു എന്നതു തന്നെയാണ്.
സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്കിയ ശ്വേതയുടെ പ്രസവം ബ്ലസ്സിയും ഛായാഗ്രാഹകനും തല്‍സമയം ഷൂട്ട് ചെയ്യുകയും ഷൂട്ട് ചെയ്ത ടേപ്പുകള്‍ ഒരു ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു. രംഗങ്ങള്‍ ഒരു വിധത്തിലും പുറത്തു പോകാതിരിക്കാനാണ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചത്. പ്രസവമുറിയില്‍ ഷൂട്ട് ചെയ്തെടുത്ത ലൈവ് രംഗങ്ങള്‍ തിരക്കഥയിലെ രണ്ട് സീനുകളായി കളിമണ്ണില്‍ കടന്നു വരുന്നുണ്ടെന്നും മൊത്തം ഷൂട്ടിംഗ് വിഷ്വലുകളില്നിന്നും തിരക്കഥയില്‍ ആവശ്യമായവ എഡിറ്റ് ചെയ്ത് ഉപയോഗിക്കുമെന്നും സംവിധായകന് പറഞ്ഞിരുന്നു. ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യവും അഭിമാനകരവുമായ മുഹൂര്‍ത്തമായ പ്രസവം സിനിമക്കുവേണ്ടി ചിത്രീകരിച്ചത് കടുത്ത ചൂഷണവും മനുഷ്യാവകാശ ലംഘനവുമാണെന്നാണ് ജി. കാര്‍ത്തികേയന്റെ പക്ഷം. ഈ പ്രസവത്തിന്റെ ലൈവ് ചിത്രീകരണം ഒരു പബ്ലിസിറ്റിയായി ഉപയോഗിച്ചത് ശരിയല്ല. ജനിച്ചു വീഴുന്ന കുഞ്ഞിനും സ്വകാര്യതയുണ്ട്. അത് ലംഘിക്കപ്പെടുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു രംഗം ചിത്രീകരിച്ച് അത് സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചാല്‍, ആ സിനിമയ്ക്ക് സെന്‍സര്‍ അനുമതി നല്‍കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസവം സ്ത്രീയുടെ സ്വകാര്യതയാണ്. പരസ്യമായി ചെയ്യരുതെന്ന് വിലക്കിയിട്ടുള്ളത്. മനുഷ്യസ്ത്രീകള്‍ പരസ്യമായി പ്രസവിക്കാറില്ല. കഥയ്ക്ക് ആവശ്യമാണെന്നു കരുതി ഏതെങ്കിലുമൊരു സിനിമയില്‍ ബലാല്‍സംഗം യാഥാര്‍ത്ഥ്യമായി ചെയ്യാറുണ്ടോ? കഥയുടെ ‘ഒര്‍ജിനാലിറ്റി’ക്കുവേണ്ടി സിനിമയില്‍ നായകന് വില്ലനെ ശരിക്കും മര്ദ്ദിക്കാറുമില്ല. സ്ത്രീകളുടെ പ്രസവം നിരവധി ചലച്ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. പ്രസവിക്കുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന വേദനയും നിര്‍വൃതിയുമെല്ലാം കലാകാരന്റെ ഭാഷയില്‍ ചിത്രീകരിക്കാറാണ് പതിവ്. അതില്‍നിന്നെല്ലാം വേറിട്ടൊരു ചിത്രീകരണവും സിനിമയുമാണ് ബ്ലസ്സി ഉദ്ദേശിക്കുന്നതെങ്കില്‍ അത് ചിത്രത്തിന്റെ വിജയവും വാര്‍ത്താ പ്രാധാന്യവും ലാക്കാക്കിയാണെന്ന് കരുതുന്നതില്‍ തെറ്റില്ല. ഒരു സിനിമ എടുക്കുന്നയാള്‍ക്ക് അതിന്റെ സാമ്പത്തിക വിജയംകൂടി ലക്ഷ്യമാക്കേണ്ടതുണ്ട്. നടിയുടെ പ്രസവം സിനിമയില്‍ വരുമ്പോള്‍ ആളിടിച്ചുകയറുമെന്ന കച്ചവടക്കണ്ണ് ബ്ലസ്സിക്കും ഉണ്ടായിരുന്നിരിക്കാം.
ശ്വേതാമേനോന്റേതല്ലാതെ, ഒരു സാധാരണക്കാരിയുടെ പ്രസവം ചിത്രീകരിക്കാന്‍ ബ്ലസ്സി തയ്യാറാകില്ലല്ലോ. സാധാരണക്കാരിയുടെ പ്രസവത്തിന് എന്ത് ഗ്ലാമര്‍?
തീര്‍ച്ചയായും ബ്ലസ്സിക്ക് അദ്ദേഹത്തിന്റേതായ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. ഒരു ചലച്ചിത്ര പ്രവര്ത്തകന് ജനാധിപത്യ സമൂഹത്തില്‍ ഏറ്റവും പ്രധാനമായി അനുവദിച്ചു കിട്ടേണ്ടതും അവന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ എന്തും കാണിക്കാമെന്നു കരുതുന്നതും തെറ്റാണ്. ഏതു സ്വാതന്ത്ര്യത്തിനും അതിരുള്ളതുപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അതുണ്ട്.
മാതൃത്വം ലോകം അറിയട്ടെ എന്നായിരുന്നു പ്രസവ ചിത്രീകരണത്തോട് ആ സമയത്ത് ശ്വേത പ്രതികരിച്ചത്. ഈ വീക്ഷണത്തോടു കൂടിയ ശ്വേതയുടെ നടപടിയെ നിരവധി പേര് പ്രശംസിക്കുകയുമുണ്ടായി. മാതൃത്വം എന്നു പറയുന്നത് പ്രസവമുറിയില്‍ രൂപപ്പെടുന്നതല്ല. പ്രസവ ശേഷം കുട്ടിയുടെ വളര്‍ച്ചാക്കാലത്ത് കുട്ടിയും അമ്മയും തമ്മിലുണ്ടാകുന്ന ആത്മ ബന്ധത്തില്‍ നിന്നു രൂപപ്പെടുന്നതാണ്. മാതൃത്വമെന്ന വാക്കിന്റെ പേരില്‍ ക്യാമറകള്‍ക്കു മുന്നിലേക്ക് കുഞ്ഞിനെ പ്രസവിച്ചതിനെ ന്യായീകരിക്കുന്നത് ശരിയല്ല.
തന്റെ സിനിമയെക്കുറിച്ച് മനസിലാക്കാതെയാണ് ജി.കാര്ത്തികേയന് വിമര്‍ശനം നടത്തിയിരിക്കുന്നതെന്നാണ് ബ്ലസ്സിയുടെ വാദം. സിനിമ ചിത്രീകരിച്ചിട്ടു പോലുമില്ല. അതിനുമുമ്പുതന്നെ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും ബ്ലസ്സി പറയുന്നു. അതും ശരിയാണ്. ഈ സിനിമ സെന്‍സര്‍ബോര്‍ഡിനു മുന്നില്‍ വരുമ്പോള്‍ അവര്‍ക്ക് തീരുമാനിക്കാം. സ്ത്രീയുടെ അഭിമാനത്തിനു ക്ഷതം വരുന്ന, സമൂഹത്തിന്റെ സദാചാര വിലക്കുകളെ ലംഘിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെങ്കില് അവര്‍ക്കു കത്രിക ഉപയോഗിക്കാം. സിനിമയ്ക്കു മൊത്തമായി തന്നെ വിലക്കേര്‍പ്പെടുത്താം. കേരളത്തിലെ സാംസ്കാരിക സമൂഹത്തിനും സിനിമ വിലയിരുത്താനുള്ള അവസരമുണ്ട്. അതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. അതുവരെയുണ്ടാകുന്ന വിവാദങ്ങളെല്ലാം ‘കളിമണ്ണ്’ എന്ന സിനിമയ്ക്കു നല്കുന്ന പ്രചാരണങ്ങളാണ്. തീയറ്ററിലേക്ക് ആളെക്കൂട്ടാനുള്ള പ്രചാരണങ്ങള്‍ മാത്രം.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: