തൃശൂര്‍: കൊച്ചി ബിനാലെക്ക് കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുകോടി അനുവദിച്ചതില്‍ ക്രമക്കേടെന്ന് ധനകാര്യവിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. റിപ്പോര്‍ട്ട് സംബന്ധിച്ച് നടപടി എടുക്കുന്നതിനെപ്പറ്റി അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ച് കോടി നല്‍കുന്നത് ഒരു സ്വകാര്യ ട്രസ്റ്റിനായതിനാല് സാമ്പത്തിക ചട്ടങ്ങള്‍ പാലിക്കേണ്ടെന്ന് അന്ന് സാംസ്കാരിക വകുപ്പില്‍ നിന്നും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇത് ഗുരുതര വീഴ്ച്ചയാണെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പില്‍ നിന്നും വകമാറ്റിയാണു അഞ്ച് കോടി ബിനാലെക്ക് അനുവദിച്ചത്. വീണ്ടും അഞ്ചു കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പിനു ലഭിച്ചിരുന്നു.സാമ്പത്തിക ചട്ടങ്ങള്‍ പാലിക്കണ്ട എന്നത് സംബന്ധിച്ച് അന്നത്തെ കാബിനറ്റ് യോഗം തീരുമാനമെടുത്തു എന്നതിനെക്കുറിച്ച് പരിശോധിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇതെ തുടര്‍ന്നു ചില സാഹിത്യകാരന്മാര് ആരോപണം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നാണ് നേരത്തെ നല്കിയ അഞ്ചു കോടിയെ കുറിച്ച് അന്വേഷണം നടന്നത്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ഒരുപൈസ നല്കുന്നെങ്കില്പോലും അതിന് അക്കൗണ്ട് ഉണ്ടാകണം. അഞ്ച് കോടി ഫണ്ട് ഫിനാന്‍സ് റൂള്‍ പാലിക്കാതെ നല്‍കിയതില്‍ ധനകാര്യ വകുപ്പിന്റെ ഇന്സ്പെക്ഷന് വിങ് കുറ്റാക്കാരാണെന്നു മന്ത്രി.
കൊച്ചി ബിനാലെക്ക് ഇനി സാമ്പത്തിക സഹായം നല്‍കില്ലെന്നും എന്നാല്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പുതിയ വെളിപ്പെടുത്തലും അന്വേഷണ റിപ്പോര്‍ട്ടും കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ സാംസ്കാരിക വകുപ്പുമന്ത്രിയായിരുന്ന എം.എ.ബേബിയേയും ധനകാര്യമന്ത്രി തോമസ് ഐസക്കിനേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അന്വേഷണ പരിധിയില്‍ ഇവരും ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇടയില്ലെന്നാണ് അറിയുന്നത്. യാതൊരു തരത്തിലുള്ള സാമ്പത്തിക അച്ചടക്കവും ക്രമങ്ങളും പാലിക്കാതെയാണ് അഞ്ചുകോടി രൂപ ചെലവഴിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: