കൊടുങ്ങല്ലൂര്‍ : സേവാഭാരതി സംസ്ഥാന സേവാസംഗമത്തോടനുബന്ധിച്ച് നഗരസഭ ടൗണ്‍ഹാള്‍, ഒ.കെ.ഹാള്‍, പണിക്കേഴ്സ് ഗാര്ഡന്ഹാള്, വിവേകാനന്ദ കേന്ദ്രം എന്നീ നാലുവേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങളില്‍ 2500ഓളം പ്രതിനിധികള്‍ പങ്കെടുക്കും. നഗരത്തിലെ 1200ഓളം വീടുകള്‍ സേവാസംഗമ പ്രതിനിധികള്‍ക്ക് ആതിഥ്യം നല്‍കും.
നാളെ രാവിലെ 10.30ന് ടൗണ്‍ഹാളില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ എം.സുബ്രഹ്മണ്യന് സ്വാഗതം ആശംസിക്കുന്ന ഉദ്ഘാടന സഭയില്‍ ജനറല്‍ കണ്‍വീനര്‍ പി.ശശീന്ദര്‍ ആമുഖ പ്രസംഗം നടത്തും. കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി സേവാസംഗമം ഉദ്ഘാടനം ചെയ്യും. പത്മശ്രീ പി.പരമേശ്വരന് പ്രഭാഷണം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തസംഘചാലക് പിഇബി മേനോന് അദ്ധ്യക്ഷത വഹിക്കും. സീമാജാഗരണ്‍ ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് സേവാസന്ദേശം നല്‍കും. സേവനരംഗത്ത് സംസ്ഥാനത്തിനകത്തും പുറത്തും മഹനീയ സാന്നിദ്ധ്യമായ ഡോ.എം.ലക്ഷ്മീകുമാരിയെ സമ്മേളനത്തില്‍ ആദരിക്കും. രാഷ്ട്രീയ സേവാഭാരതി ദേശീയ സെക്രട്ടറി ഋഷിപാല്ജി, ദേശീയ സംയോജക് സുന്ദര്‍ ലക്ഷ്മണന്, അഖിലഭാരതീയ സഹസേവാപ്രമുഖ് അജിത് മഹാപാത്ര, അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന്, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തും.
ദ്വിദിന സംസ്ഥാന സേവാസംഗമത്തിന്റെ സമാപനദിവസമായ ഞായറാഴ്ച ഉച്ചക്ക് 1.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന സമാപനസമ്മേളനം വാഴൂര്‍ തീര്‍ത്ഥ പാദാശ്രമത്തിലെ ഗരുഡധ്വജാനന്ദസ്വാമികള് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വൈസ് ചെയര്മാന് കെ.എസ്.പത്മനാഭന് സ്വാഗതമാശംസിക്കുന്ന സമ്മേളനത്തില്‍ ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. കെ.കെ.ബാലറാം അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് മുഖ്യപ്രഭാഷണം നടത്തും.
സേവാസംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: